ചാരക്കേസിന് പിന്നില്‍ പി.വി നരസിംഹറാവുവെന്ന് മുരളീധരൻ; അഞ്ചു പേരുടെ ഗൂഢാലോചനയെന്ന് പത്മജ

മാനസികമായി ധൈര്യം ഉണ്ടായിരുന്ന സമയത്താണ് അക്രമിച്ചതെങ്കില്‍ കെ കരുണാകരന്‍ ഒരിക്കലും അവര്‍ക്കു മുന്നില്‍ കീഴടങ്ങില്ലായിരുന്നു എന്നും പത്മജ പറഞ്ഞു.

ചാരക്കേസിന് പിന്നില്‍ പി.വി നരസിംഹറാവുവെന്ന് മുരളീധരൻ; അഞ്ചു പേരുടെ ഗൂഢാലോചനയെന്ന് പത്മജ

ഐഎസ്ആർഓ ചാരക്കേസിന് പിന്നില്‍ അന്നത്തെ പ്രധാനമന്ത്രി പി.വി നരസിംഹറാവുവായിരുന്നുവെന്ന് കെ മുരളീധരൻ. കേസില്‍ നീതി കിട്ടാതെ മരണപ്പെട്ടത് കെ കരുണാകരന്‍ മാത്രമാണെന്നും സുപ്രിം കോടതി വിധിയോടെ അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിഞ്ഞുവെന്നും മുരളീധരൻ പറഞ്ഞു. ചാരക്കേസ് വിധി വന്ന പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിധിയെ സ്വാഗതം ചെയ്യുന്നു. അന്വേഷണം സംഘം വിളിച്ചാല്‍ ഹാജരാകും എന്നും മുരളീധരന്‍ പറഞ്ഞു.

അതേസമയം സജീവ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന അഞ്ചുപേരാണ് ചാരക്കേസിന് പിന്നിലെന്ന് കെ കരുണാകരന്റെ മകളും കോണ്‍ഗ്രസ് നേതാവുമായ പത്മജ വേണുഗോപാല്‍ ആരോപിച്ചു. ജുഡീഷ്യല്‍ കമ്മീഷന്‍ ആവശ്യപ്പെട്ടാൽ അവരുടെ പേരുകള്‍ വ്യക്തമാക്കാൻ തയ്യാറാണ്. മൂന്ന് ഉദ്യോഗസ്ഥരില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല ചാരകേസ് എന്നും പത്മജ പറഞ്ഞു.

മാനസികമായി തളര്‍ന്ന സമയത്ത് അടിച്ചപ്പോള്‍ അച്ഛന്‍ വീണുപോവുകയായിരുന്നു. അമ്മ മരിച്ച് അദ്ദേഹം മാനസികമായി തളര്‍ന്നിരിക്കുന്ന സമയത്താണ് എല്ലാവരും ചേര്‍ന്ന് അദ്ദേഹത്തെ അക്രമിച്ചത്. പിന്നീട് ജീവിതവും രാഷ്ട്രീയവും ഒന്നും വേണ്ട എന്ന് വെച്ച് അദ്ദേഹം കീഴടങ്ങുകയായിരുന്നു. മാനസികമായി ധൈര്യം ഉണ്ടായിരുന്ന സമയത്താണ് അക്രമിച്ചതെങ്കില്‍ കെ കരുണാകരന്‍ ഒരിക്കലും അവര്‍ക്കു മുന്നില്‍ കീഴടങ്ങില്ലായിരുന്നു എന്നും പത്മജ പറഞ്ഞു.

മരണംവരെ അച്ഛന് ഇതില്‍ സങ്കടം ഉണ്ടായിരുന്നു. രാജ്യത്തിനെ സ്‌നേഹിച്ച ഒരാളെ രാജ്യദ്രോഹിയായി ചിത്രീകരിച്ച് അദ്ദേഹത്തെ തേജോവധം ചെയ്തു. കെ കരുണാകരന്റെ നിരപരാധിത്വം തെളിയിക്കേണ്ടത് പാര്‍ട്ടിയുടെ ഉത്തരവാദിത്വമാണ്. അദ്ദേഹത്തെ ചതിച്ചവര്‍ ഇന്ന് സുരക്ഷിതരായി ഇരിക്കുകയാണ്. അവര്‍ക്കുള്ള തിരിച്ചടിയാണ് ഇന്നത്തെ കോടതി വിധി എന്നും പത്മജ പറഞ്ഞു.

Read More >>