ചാരക്കേസിൽ‌ എകെ ആന്റണി, സിബി മാത്യൂസ് , മനോരമ ത്രിത്വത്തിന്റെ നേട്ടം തുറന്നെഴുതി ജി മാധവൻ നായരുടെ ആത്മകഥ; പുസ്തകത്തിലെ അധ്യായം പുറത്ത്

സ്വന്തം മകനെ കരുണാകരന്‍ പടിപടിയായി ഉയര്‍ത്തിക്കൊണ്ടു വരുന്നതില്‍ അസഹിഷ്ണുത പൂണ്ട ചില രണ്ടാംനിര നേതാക്കള്‍ അന്ന് കേരളത്തിലെ കോണ്‍ഗ്രസ്സിലുണ്ടായിരുന്നു. 'തിരുത്തല്‍വാദികള്‍' എന്ന് അറിയപ്പെട്ടിരുന്ന അവര്‍ മുരളീധരന്റെ വളര്‍ച്ച തടയാനായി അച്ഛന്‍ കരുണാകരനെ ബലിയാടാക്കുകയായിരുന്നുവത്രേ. അതിനാണ് കരുണാകരന്റെ വിശ്വസ്തനായിരുന്ന കേരള പോലീസ് ഐ.ജി. രമണ്‍ ശ്രീവാസ്തവയെ ചാരക്കേസ്സിലേക്ക് വലിച്ചിഴച്ചത് എന്നു പറയപ്പെടുന്നു. ഏതായാലും കരുണാകരന് സ്ഥാനം നഷ്ടമായി; എ.കെ. ആന്റണി വീണ്ടും കേരള മുഖ്യമന്ത്രിയുമായി. അക്കാലത്ത് ആന്റണിയുടെ വിശ്വസ്തനായിരുന്ന ചെറിയാന്‍ ഫിലിപ്പിന് ഇതു സംബന്ധിച്ച ഉള്ളറരഹസ്യങ്ങളെല്ലാം അറിയാം. അദ്ദേഹമിന്ന് കോണ്‍ഗ്രസ് വിരുദ്ധ ചേരിയിലാണ്.

ചാരക്കേസിൽ‌ എകെ ആന്റണി, സിബി മാത്യൂസ് , മനോരമ ത്രിത്വത്തിന്റെ നേട്ടം തുറന്നെഴുതി ജി മാധവൻ നായരുടെ ആത്മകഥ; പുസ്തകത്തിലെ അധ്യായം പുറത്ത്

കേരളത്തെ പിടിച്ചുലച്ച ചാരക്കേസ് കരുണാകരന്റെ മകനും ഇന്ന് വട്ടിയൂർക്കാവ് എം എൽ എയുമായി മുരളീധരനെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാൻ വേണ്ടിയായിരുന്നുവെന്ന് ഐഎസ്ആർഒ മുൻ ചെയർമാൻ ജി മാധവൻനായർ ആത്കഥയിലെഴുതുന്നു. എകെ ആന്റണിയും മനോരമയുമാണ് ചാരക്കേസ് കൊണ്ട് നേട്ടമുണ്ടാക്കിയതെന്നും പറയുന്ന പുസ്തകത്തിലെ അധ്യായം നാരദാ ന്യൂസിന് ലഭിച്ചു. പുസ്തകം ഡിസി ബുക്സാണ് പബ്ളിഷ് ചെയ്യുന്നത്. അ​ഗ്നിപരീക്ഷകൾ എന്നാണ് മാധവൻ‍ നായരുടെ ആത്മകഥയുടെ പേര്. അന്ന് മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനെ തകർക്കുക വഴി അദ്ദേഹത്തിന്റെ മകൻ കെ മുരളീധരന്റെ രാഷ്ട്രീയ വളർച്ച തടയുകയായിരുന്നു ചാരക്കഥ മെനഞ്ഞ സംഘത്തിന്റെ ലക്ഷ്യമെന്നും മാധവൻ നായർ എഴുതുന്നു. ''

പി.എസ്.എല്‍.വി. എന്ന ബഹിരാകാശ പടക്കുതിരയുമായി കുതിപ്പു തുടങ്ങിയ ഐ.എസ്.ആര്‍.ഒ.യെ തകര്‍ക്കുക എന്നത് ആദ്യ ലക്ഷ്യം. മറ്റൊന്ന് കേരള രാഷ്ട്രീയവുമായി ബന്ധപ്പെട്ടതായിരുന്നു. അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനെ താഴെയിറക്കുക എന്നതായിരുന്നു അത്. സ്വന്തം മകനെ കരുണാകരന്‍ പടിപടിയായി ഉയര്‍ത്തിക്കൊണ്ടു വരുന്നതില്‍ അസഹിഷ്ണുത പൂണ്ട ചില രണ്ടാംനിര നേതാക്കള്‍ അന്ന് കേരളത്തിലെ കേണ്‍ഗ്രസ്സിലുണ്ടായിരുന്നു. 'തിരുത്തല്‍വാദികള്‍' എന്ന് അറിയപ്പെട്ടിരുന്ന അവര്‍ മുരളീധരന്റെ വളര്‍ച്ച തടയാനായി അച്ഛന്‍ കരുണാകരനെ ബലിയാടാക്കുകയായിരുന്നുവത്രേ'' മാധവൻ നായർ എഴുതുന്നു. ഇപ്പോൾ ഇടതു പക്ഷത്തും അന്ന് ആന്റണിയുടെ വിശ്വസ്തനുമായിരുന്ന ചെറിയാൻ ഫിലിപ്പിന് എല്ലാം അറിയാമെന്നും മാധവൻ നായർ എഴുതുന്നു. കേസന്വേഷണത്തിൻ നേതൃത്വം വഹിച്ച സിബി മാത്യൂസിനെതിരെ രൂക്ഷ വിമർശനമാണ് പുസ്തകത്തിലുള്ളത്. നമ്പിനാരായണനെ പൊലീസ് കസ്റ്റഡിയിൽ ക്രൂരമായി മർദ്ദിച്ചതടക്കം ചാരക്കേസിലെ പല സുപ്രധാന വിവരങ്ങളും ജി മാധവൻ നായരുടെ പുസ്തകത്തിലുണ്ട്. കേരള രാഷ്ട്രീയത്തിൽ ഒരിക്കലും കനലടങ്ങാതെ കിടക്കുന്ന ചാരക്കേസിൽ നിന്ന് ഇനിയും പല വിവാദങ്ങളെയും ഉയിർപ്പിക്കാൻ ശേഷിയുള്ള പുസ്തകത്തിലെ പുറത്തു വന്ന അധ്യായത്തിൽ പറയുന്നത് ഇങ്ങനെ.


Image Title


''ഞാന്‍ എല്‍. പി. എസ്. സി. ഡയറക്ടര്‍ സ്ഥാനം മുതല്‍ ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ സ്ഥാനംവരെ വഹിച്ച കാലയളവുകളിലായി സ്വദേശി ക്രയോജനിക് എന്‍ജിനുവേണ്ടിയുള്ള ഗവേഷണം നീണ്ടുകിടക്കുന്നു. ഇതിനായുള്ള പ്രോജക്ടില്‍ ഏകദേശം 600 വിദഗ്ദ്ധര്‍ പങ്കാളികളായി. പി.എസ്.എല്‍.വി. യുടെ രണ്ടാം വിക്ഷേപണം കഴിഞ്ഞകാലത്താണ് സ്വന്തമായി ക്രയോജനിക് എന്‍ജിന്‍ വികസിപ്പിക്കണം എന്ന തീരുമാനം വരുന്നത്. ഇന്ത്യന്‍ ക്രയോജനിക് എന്‍ജിന്‍ എന്ന സ്വപ്നവുമായി നടന്ന നമ്പി നാരായണന്‍ എന്ന പ്രഗല്ഭനായ ശാസ്ത്രജ്ഞന്‍ അതില്‍ പ്രതിയായി. ഒപ്പം ശശികുമാറും. അവരിരുവരും പിന്നെ മുത്തുനായകവും (അദ്ദേഹം കേന്ദ്രത്തില്‍ സെക്രട്ടറിയായി) ഇല്ലാതായ ഒരുതരം ശൂന്യതയുടെ കാലഘട്ടത്തില്‍ എനിക്ക് തനിയേ മുന്നോട്ടുപോകേണ്ടിവന്നു.

പി.എസ്.എല്‍.വി. രണ്ടാമത്തെ ദൗത്യം സ്തുത്യര്‍ഹമായ വിജയമായിരുന്നു എന്ന് പറയാതെവയ്യ. അതില്‍ അസൂയാലുക്കളായി രാജ്യത്തിനുള്ളില്‍ മാത്രമല്ല രാജ്യത്തിനു പുറത്തും വളരെയേറെ ആളുകളുണ്ടായിരുന്നു. വികസിതരാജ്യങ്ങളിലെ പല മാധ്യമങ്ങളും ഈ വാര്‍ത്തയെക്കുറിച്ചെഴുതി. പി.എസ്.എല്‍.വി. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിനു തുല്യമായ റോക്കറ്റാണ് (ഇന്റര്‍ കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈല്‍). അതുകൊണ്ടുതന്നെ ഭാരതത്തിന് പ്രതിരോധമേഖലയില്‍ വളരെ വലിയ ശക്തിയായി മാറുവാന്‍ കഴിഞ്ഞു. ഉപഗ്രഹ-റോക്കറ്റ് സാങ്കേതികവിദ്യകളില്‍ വന്‍ ശക്തികളായി നിലനിന്നിരുന്ന പാശ്ചാത്യരാജ്യങ്ങളെ ഇത് വിറളിപിടിപ്പിക്കുക സ്വാഭാവികമാണല്ലോ. ഹൈടെക് ഉപകരണങ്ങളും വസ്തുക്കളും ഐ.എസ്.ആര്‍.ഒ. യ്ക്ക് കൊടുക്കാന്‍ പാടില്ല എന്നുള്ള ഉത്തരവുകളും വിലക്കുകളും അവര്‍ പുറപ്പെടുവിച്ചു. ഇതേ സമയത്തുതന്നെയാണ് ഇന്ത്യയുടെ ക്രയോജനിക് എന്‍ജിന്‍ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ ആരംഭിക്കുന്നതും പ്രാരംഭതീരുമാനങ്ങള്‍ ഉണ്ടാകുന്നതും.

ഇതിനായുള്ള പ്രോജക്ടില്‍ ഏകദേശം 600 വിദഗ്ദ്ധര്‍ പങ്കാളികളായി. ഞാന്‍ എല്‍.പി.എസ്.സി. ഡയറക്ടര്‍ സ്ഥാനം മുതല്‍ ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ സ്ഥാനംവരെ വഹിച്ച കാലയളവുകളിലായി സ്വദേശി ക്രയോജനിക് എന്‍ജിനുവേണ്ടിയുള്ള ഗവേഷണം നീണ്ടുകിടക്കുന്നു (ഈ അടുത്തകാലത്ത് നിക്ഷേപിച്ച ജി.എസ്.എല്‍.വി. മാര്‍ക്ക് -3 യുടെ ക്രയോസ്റ്റേജിനുവേണ്ടി ഡിസൈന്‍മുതല്‍ ഗ്രൗണ്ട് ടെസ്റ്റിങ് വരെയുള്ള പ്രവര്‍ത്തനങ്ങളില്‍ക്കൂടി വലിയൊരു നേട്ടത്തിന് പങ്കാളിയാവാന്‍ കഴിഞ്ഞത് എന്നെ സംബന്ധിച്ചിടത്തോളം അതീവ ചാരിതാര്‍ത്ഥ്യമുള്ള കാര്യമാണ്).

അങ്ങനെയിരിക്കുമ്പോഴാണ് ഒരു സുപ്രഭാതത്തില്‍ ഇന്ത്യയുടെ സുരക്ഷയെത്തന്നെ ബാധിക്കുന്ന തരത്തിലുള്ള ചാരപ്രവൃത്തികള്‍ ഐ.എസ്.ആര്‍.ഒ. യില്‍ ഉണ്ടായിട്ടുണ്ട് എന്നുള്ള പത്രവാര്‍ത്തകള്‍ വലിയ തലക്കെട്ടുകളായി വന്നത്. പ്രൊജക്ടിലെ എല്ലാ ആളുകളും അടുത്ത ലോഞ്ചിനെക്കുറിച്ചും ജി.എസ്.എല്‍.വി.യുടെ വികസനകാര്യങ്ങളെക്കുറിച്ചുമൊക്കെ ഗാഢമായി ചിന്തിക്കുകയായിരുന്നു. അതിനു പിന്നാലെയായിരുന്നു ഐ.എസ്.ആര്‍.ഒ.യെയും കേരള രാഷ്ട്രീയത്തെയും പിടിച്ചുലച്ച കുപ്രസിദ്ധമായ ഈ കേസ്സിന്റെ ഉത്ഭവം. ഈ സമയത്താണ് എല്‍.പി.എസ്.സി.യുടെ ഡയറക്ടറായി തനിക്ക് ചുമതലയേല്‍ക്കേണ്ടിവന്നത്.

ചാരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് മാലി സ്വദേശിയായ ഒരു സ്ത്രീയെ അറസ്റ്റുചെയ്തെന്നും അവര്‍ക്ക് ചില ബഹിരാകാശ ശാസ്ത്രജ്ഞന്മാരുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നുവെന്നും പറഞ്ഞ് വാര്‍ത്ത വന്നത് 1994 ഒക്ടോബറിലായിരുന്നു. 'കേരള കൗമുദി'യില്‍ പിറ്റേദിവസം വന്ന വാര്‍ത്തയില്‍ പി.എസ്.എല്‍.വി. പ്രൊജക്ടിലെ ഒരു ശാസ്ത്രജ്ഞനുമായി ഈ സ്ത്രീക്ക് ബന്ധമുണ്ടെന്നും ഇസ്റോ ബാംഗ്ലൂര്‍ കേന്ദ്രത്തിലെ ഒരു ശാസ്ത്രജ്ഞനാണ് പരിചയപ്പെടുത്തിക്കൊടുത്തതെന്നും എഴുതി. അതോടെ, വി.എസ്.എസ്.സി. ലെയും മറ്റു കേന്ദ്രങ്ങളിലെയും നൂറുകണക്കിന് ശാസ്ത്രജ്ഞര്‍ സംശയത്തിന്റെ നിഴലിലുമായി. പിടിയിലായ മറിയം റഷീദ എന്ന മാലിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണെന്നു പറയപ്പെടുന്നു ഒക്ടോബര്‍ 31-ന് ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ ശശികുമാറിനെ തേടിയെത്തി. അവരുടെ ചോദ്യംചെയ്യലില്‍ കാര്യമായൊന്നും ലഭിച്ചില്ല. പിന്നീട് കേസ് കേരള പോലീസിലെ ഒരു അന്വേഷണസംഘം ഏറ്റെടുത്തു. ഇതിനിടെ, തന്റെ ഭാഗം വിശദീകരിച്ചുകൊണ്ട് ശശികുമാര്‍ ഇസ്റോയുടെ ചെയര്‍മാന് കത്തു കൊടുത്തിരുന്നു. എന്നാല്‍,നവംബര്‍ 21-ന് പേരൂര്‍ക്കട പോലീസ് അദ്ദേഹത്തെ അറസ്റ്റുചെയ്യുകയാണുണ്ടായത്. തുടര്‍ന്ന് പ്രത്യേക അന്വേഷണസംഘം അദ്ദേഹത്തെ ചോദ്യംചെയ്യാന്‍ തുടങ്ങി. അതിക്രൂരമായ മര്‍ദ്ദനമാണ് പോലീസ് നടത്തിയതെന്ന് പില്‍ക്കാലത്ത് ശശികുമാര്‍ പറയുമായിരുന്നു. മര്‍ദ്ദനം നടത്തിയിട്ടും ചെയ്യാത്ത കുറ്റം ഏറ്റെടുക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഡാറ്റയൊക്കെ നമ്പിയുടെ കൈയിലാണെന്നു മാത്രം പറഞ്ഞു. അതോടെ പത്രങ്ങള്‍ കഥകളെഴുതാന്‍ തുടങ്ങി. ആദ്യം മടിച്ചുനിന്ന 'മാതൃഭൂമി'യും അവരോടൊപ്പം ചേര്‍ന്നു. അപ്പോള്‍ ഞാന്‍ അവരെ വിളിച്ച് ഈ എഴുത്തും മറ്റും ഐ.എസ്.ആര്‍.ഒ.യിലെ ശാസ്ത്രജ്ഞര്‍ക്കുണ്ടാകുന്ന മാനസികപീഡനത്തെക്കുറിച്ച് സൂചിപ്പി ക്കുകയുണ്ടായി.''നിലനില്പിന്റെ പ്രശ്നമാണ് സാറെ,'' എഡിറ്റോറിയല്‍ വിഭാഗത്തിലെ ഒരു പരിചയക്കാരന്‍ പറഞ്ഞു: ''ചാരക്കഥ എഴുതാന്‍ തുടങ്ങിയപ്പോള്‍ 'മനോരമ'യുടെ പ്രചാരം പത്തു ശതമാനമാണ് കൂടിയത്. ഞങ്ങള്‍ക്കും പിടിച്ചുനില്ക്കണ്ടേ?'' അതായിരുന്നു മാധ്യമങ്ങളുടെ കാഴ്ചപ്പാട്. പക്ഷേ, അവരുടെ നിറംപിടിപ്പിച്ച എഴുത്തില്‍ പല കുടുംബങ്ങള്‍വരെ തകര്‍ന്നുപോയി എന്ന വസ്തുത ആരും അറിഞ്ഞില്ല. നവംബര്‍ 30-ന് നമ്പി നാരായണന്‍ അറസ്റ്റിലായി. ഒന്നര മാസം ജയിലില്‍ക്കിടന്നു. പോലീസിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായി. പക്ഷേ, അദ്ദേഹം പിടിച്ചുനിന്നു. കേസ്സില്‍ അഞ്ചാം പ്രതിയായിരുന്നു അദ്ദേഹം. നമ്പിയുടെ അറസ്റ്റുവിവരംകൂടി അറിഞ്ഞതോടെ ഐ.എസ്.ആര്‍.ഒ.യില്‍ മ്ലാനത പരന്നു. തികച്ചും അവിശ്വസനീയമായിരുന്നു ഈ സംഭവ വികാസങ്ങള്‍. ചെയര്‍മാന്‍ കസ്തൂരിരംഗന്‍പോലും അല്പം ഭയന്ന മട്ടായിരുന്നു.

ഈ സമയത്താണ് ശശിയും നമ്പി നാരായണനും കൂടാതെ മുത്തുനായകം ഉള്‍പ്പെടെയുള്ള പന്ത്രണ്ട് സയന്റിസ്റ്റുകളെ അറസ്റ്റ്ചെയ്യാന്‍ പോകുന്നു എന്ന വിവരം അന്വേഷണ ഏജന്‍സി പുറത്തുവിട്ടത്. ഞാന്‍ ഉടനെ ബംഗളൂരുവില്‍ ഇസ്റോ ആസ്ഥാനത്തു പോയി ഏകദേശം നാലു മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയിലൂടെ ഒരു ചാരവൃത്തിയും നടന്നിട്ടില്ല, ഐ.എസ്.ആര്‍.ഒ.യുടെ നട്ടെല്ലൊടിക്കുവാന്‍വേണ്ടി കെട്ടിച്ചമച്ച ഒരു കഥ മാത്രമാണിത് എന്ന നിജസ്ഥിതി ചെയര്‍മാനെ ബോധ്യപ്പെടുത്തി. അതിനുശേഷമാണ് അദ്ദേഹം ദില്ലിക്കു പോയതും പ്രധാനമന്ത്രി നരസിംഹറാവുവിനെ കണ്ട് വസ്തുതകള്‍ ബോദ്ധ്യപ്പെടുത്തിയതും. ശശിയും നമ്പിയും ചോര്‍ത്തിയെന്നു പറയുന്ന ക്രയോജനിക് രേഖകളുടെ വാസ്തവമെന്താണ്? അക്കാലത്ത് നമ്മള്‍ ക്രയോജനിക് സാങ്കേതികവിദ്യയുടെ രൂപരേഖ മാത്രമേ തയ്യാര്‍ ചെയ്തിട്ടുണ്ടായിരുന്നുള്ളൂ. അതിന്റെ ഘടകമോ എന്‍ജിനോ രൂപകല്പന ചെയ്തിരുന്നില്ല. നമ്മുടെ സ്വന്തം ക്രയോജനിക് സാങ്കേതികവിദ്യ വികസിച്ചി ട്ടില്ലായിരുന്നു എന്നതാണ് വസ്തുത. ഇല്ലാത്തത് എങ്ങനെ ചോര്‍ത്തും? രണ്ടാമത്, ഏതെങ്കിലും റോക്കറ്റ് എന്‍ജിന്റെ രേഖകള്‍ ചോര്‍ത്തണമെങ്കില്‍ അതു കൊണ്ടുപോകാന്‍ ലോറികള്‍തന്നെ വേണ്ടിവരും. ആയിരക്കണത്തിന് സൂക്ഷ്മഘടകങ്ങളെക്കുറിച്ചുള്ള ഡ്രോയിങ്ങുകളും വിശദീകരണങ്ങളും ചേര്‍ത്താല്‍ ടണ്‍ കണക്കിന് കടലാസ്സുകെട്ടുകളാണ് ഉണ്ടാവുക. കേന്ദ്രസേന മുഴുവന്‍ സമയവും കാവല്‍നിൽക്കുന്ന ഇസ്റോ കേന്ദ്രങ്ങളില്‍നിന്ന് അവ എങ്ങനെയാണ് കൊണ്ടുപോവുക?

സത്യം ബോദ്ധ്യപ്പെട്ട പ്രധാനമന്ത്രി നരസിംഹറാവു ഇടപെട്ടു. വസ്തുതാപരവും സ്വതന്ത്രവുമായ അന്വേഷണത്തിന് സി.ബി.ഐ. നിയോഗി ക്കപ്പെട്ടു. സി.ബി.ഐ.യിലെ പ്രത്യേക അന്വേഷണസംഘം അന്വേഷണത്തിന്റെ ഭാഗമായി സെന്ററില്‍ വന്നിരുന്നു. അവര്‍ക്കുവേണ്ട സഹായവും മറ്റ് ശാസ്ത്രജ്ഞരുമായി സംവദിക്കുവാനുള്ള അവസരവും ഉണ്ടാക്കിക്കൊടുത്തു. ഇവര്‍ വരുന്നതിനുമുമ്പ് കേരള പോലീസിലെ ഒരു സംഘം വരികയും സീനിയര്‍ എന്‍ജിനീയര്‍മാരുമായി സംസാരിക്കാനുള്ള ആവശ്യം ഉന്നയിക്കുകയും ചെയ്തിരുന്നു. ഔദ്യോഗികമായ ചര്‍ച്ചകള്‍ക്കാണെങ്കില്‍ എനിക്കു വിരോധമില്ല എന്നു ഞാന്‍ അറിയിച്ചു. ആ ചര്‍ച്ചകള്‍ തുടങ്ങുന്ന അവസരത്തില്‍ ഞാന്‍ സ്ഥലത്തുണ്ടായിരുന്നില്ല. രണ്ടു ദിവസം കഴിഞ്ഞ് മടങ്ങിവന്നപ്പോള്‍ കേരള പോലീസ് സംഘം സെന്ററിലുണ്ട്. അവിടെയൊരു മുറിയില്‍ അവര്‍ ശാസ്ത്രജ്ഞന്‍മാരുടെ കൈയില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരുന്നു. ഇതറിഞ്ഞ് ഒരു ഉപചാരമെന്ന നിലയ്ക്ക് ഞാന്‍ അവിടേക്കു ചെന്ന് അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് സംസാരിച്ചു. അത് കേസ്സിനെ പ്പറ്റിയായിരുന്നില്ല. അവര്‍ വന്ന ദൗത്യത്തിന്റെ പൂര്‍ത്തീകരണത്തിന് എന്തെങ്കിലും കൂടുതല്‍ ചെയ്യണമോ അതോ മറ്റു സംവിധാനങ്ങള്‍ ഒരുക്കണോ എന്നറിയുന്നതിനുവേണ്ടിയാണ്.അതിനടുത്ത ദിവസമാണ് സി.ബി.ഐ.യുടെ ടീം കേസ് ഏറ്റെടുക്കുകയും സെന്ററിലെത്തുകയും ചെയ്യുന്നത്. അവരുമായി ഏകദേശം ഒരു മണിക്കൂറോളം ചര്‍ച്ചനടത്തുകയും കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. ഡിസൈന്‍ ഓഫീസിലും ഡോക്യുമെന്റേഷന്‍ സെന്ററിലും അതില്‍ പ്രവര്‍ത്തിക്കുന്ന ആളുകളുമായിട്ടൊക്കെ സി.ബി.ഐ. സംഘം ചര്‍ച്ചചെയ്തു. അന്നു തുടങ്ങിയ അന്വേഷണം കഷ്ടിച്ച് മൂന്നു മാസത്തോളം നീണ്ടുനിന്നു. ഒടുവില്‍ കേസ് വ്യാജമാണെന്നുകണ്ട് അവര്‍തന്നെ അന്വേഷണം അവസാനിപ്പിച്ചു. എന്നാല്‍, തത്പരകക്ഷികള്‍ സി.ബി.ഐ.യ്ക്ക് എതിരേയും ആരോപണങ്ങളുയര്‍ത്തി. നരസിംഹ റാവുവിന്റെ മകനും ചാരക്കേസ്സില്‍ ഉള്‍പ്പെട്ടിരുന്നുവെന്നും അയാളെ രക്ഷിക്കാന്‍ സി.ബി.ഐ.യെ കരുവാക്കുകയായിരുന്നെന്നും ആരോപിച്ചു. നമ്പിയും ശശികുമാറും കുറ്റവിമുക്തരായി. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഒരു കോടി രൂപ നഷ്ടപരിഹാരമായി വിധിച്ചുവെങ്കിലും കേരള സര്‍ക്കാര്‍ പത്തു ലക്ഷം രൂപമാത്രമാണ് നഷ്ടപരിഹാരമായി കൊടുത്തത്.

പക്ഷേ, കേരള പോലീസിന്റെ അന്വേഷണസംഘത്തിന്റെ നേതാവും അന്നത്തെ ദക്ഷിണ മേഖലാ ഡി.ഐ.ജി.യുമായിരുന്ന ഡോ. സിബി മാത്യൂസ് തന്റെ തിയറിയില്‍ ഇന്നും ഉറച്ചുനില്‍ക്കുകയാണ്. അദ്ദേഹത്തെ പ്രതിയാക്കിയുള്ള നമ്പിയുടെ കേസ് സുപ്രീംകോടതിയില്‍ നടക്കുന്നു. കേസ്സിന്റെ ഭാഗമായി അദ്ദേഹം ചോദ്യംചെയ്ത ശാസ്ത്രജ്ഞന്മാരില്‍ പലരുടെയും മൊഴി കേസ്ഡയറിയില്‍ ഉള്‍പ്പെടുത്തിയിരുന്നുവെങ്കില്‍ കേസ്സിന്റെ ഗതിതന്നെ മറ്റൊന്നാകുമായിരുന്നു എന്ന് പലയിടത്തും സിബി മാത്യൂസ് പറഞ്ഞതായി കേട്ടിട്ടുണ്ട്. അത്രമാത്രം സുപ്രധാനമായിരുന്നു ആ മൊഴിയെങ്കില്‍ ഒരു മുതിര്‍ന്ന സത്യസന്ധനായ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ അത് ഒഴിവാക്കുമോ? മൊഴി കൊടുത്ത വ്യക്തിയുടെ ജീവനു ഭീഷണിയുണ്ടെന്നു ബോധ്യപ്പെട്ടിരുന്നെങ്കില്‍ ആവശ്യമായ പോലീസ് സംരക്ഷണം കൊടുത്താല്‍ മതിയാകുമായിരുന്നല്ലോ? അതു ചെയ്തില്ല.

നമ്പി നാരായണനെ അറസ്റ്റ് ചെയ്യണമെന്ന ഇന്റലിജന്‍സ് ഡി.ജി.പി.യുടെ നിര്‍ദ്ദേശം രേഖയാക്കി എഴുതിവാങ്ങാതിരുന്നത് തന്റെ പിഴവായിരുന്നുവെന്നും അതിനു പിന്നീട് താന്‍ കനത്ത വില കൊടുക്കേണ്ടിവന്നുവെന്നും സിബി മാത്യൂസ് പറയുന്നു. ഇത്ര സുപ്രധാനമായ ഒരു കാര്യത്തിലും ഇദ്ദേഹത്തിന് പിഴവു പറ്റിയിരിക്കുന്നു. സ്വന്തം പോരായ്മകള്‍ തുറന്നു സമ്മതിക്കുന്ന സിബി മാത്യൂസിന്റെ മനസ്സിനെ ഞാന്‍ അഭിനന്ദിക്കുകയാണ്. വളരെ മികച്ച പരിശീലനം കിട്ടിയിട്ടും ഒരു കേസ്സന്വേഷണത്തില്‍ അവശ്യംവേണ്ട ജാഗ്രത പാലിക്കാന്‍ കഴിയാത്ത വ്യക്തിയാണ് താനെന്ന് അദ്ദേഹം തുറന്നു സമ്മതിച്ചിരിക്കുകയാണ്. അവസാനം അന്നത്തെ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ കാര്യക്ഷമതയെ കുറ്റം പറഞ്ഞ് തടിയൂരുകയുംചെയ്തു. എന്തൊരു വിരോധാഭാസം! കാര്യങ്ങള്‍ ശരിയായി അപഗ്രഥിക്കാനും മനസ്സിലാക്കി വേണ്ടതു ചെയ്യാത്തതുകൊണ്ടുമാണ് അദ്ദേഹം ഇപ്പോഴും ചാരക്കേസ് വാസ്തവമാണെന്ന് വിശ്വസിക്കുന്നത് എന്നുവേണം കരുതാന്‍.

വാസ്തവത്തില്‍ പലതരം ഗൂഢലക്ഷ്യങ്ങളോടെയാണ് ഈ ചാരക്കേസ് തത്പരകക്ഷികള്‍ ഉയര്‍ത്തിക്കൊണ്ടുവന്നത്. പി.എസ്.എല്‍.വി. എന്ന ബഹിരാകാശ പടക്കുതിരയുമായി കുതിപ്പു തുടങ്ങിയ ഐ.എസ്.ആര്‍.ഒ.യെ തകര്‍ക്കുക എന്നത് ആദ്യ ലക്ഷ്യം. മറ്റൊന്ന് കേരള രാഷ്ട്രീയവുമായി ബന്ധപ്പെട്ടതായിരുന്നു. അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനെ താഴെയിറക്കുക എന്നതായിരുന്നു അത്. സ്വന്തം മകനെ കരുണാകരന്‍ പടിപടിയായി ഉയര്‍ത്തിക്കൊണ്ടു വരുന്നതില്‍ അസഹിഷ്ണുത പൂണ്ട ചില രണ്ടാംനിര നേതാക്കള്‍ അന്ന് കേരളത്തിലെ കോണ്‍ഗ്രസ്സിലുണ്ടായിരുന്നു. 'തിരുത്തല്‍വാദികള്‍' എന്ന് അറിയപ്പെട്ടിരുന്ന അവര്‍ മുരളീധരന്റെ വളര്‍ച്ച തടയാനായി അച്ഛന്‍ കരുണാകരനെ ബലിയാടാക്കുകയായിരുന്നുവത്രേ. അതിനാണ് കരുണാകരന്റെ വിശ്വസ്തനായിരുന്ന കേരള പോലീസ് ഐ.ജി. രമണ്‍ ശ്രീവാസ്തവയെ ചാരക്കേസ്സിലേക്ക് വലിച്ചിഴച്ചത് എന്നു പറയപ്പെടുന്നു. ഏതായാലും കരുണാകരന് സ്ഥാനം നഷ്ടമായി; എ.കെ. ആന്റണി വീണ്ടും കേരള മുഖ്യമന്ത്രിയുമായി. അക്കാലത്ത് ആന്റണിയുടെ വിശ്വസ്തനായിരുന്ന ചെറിയാന്‍ ഫിലിപ്പിന് ഇതു സംബന്ധിച്ച ഉള്ളറരഹസ്യങ്ങളെല്ലാം അറിയാം. അദ്ദേഹമിന്ന് കോണ്‍ഗ്രസ് വിരുദ്ധ ചേരിയിലാണ്. ഏതായാലും മാധ്യമങ്ങളെല്ലാം പഴയ കഥകള്‍ പിന്‍വലിച്ച് സത്യം തുറന്നെഴുതി എന്നത് ആശ്വാസകരമാണ്.Read More >>