എന്റെ ഹാദിയ രാജ്യദ്രോഹിയോ തീവ്രവാദിയോ ആണോ? ഭർത്താവ് ഷെഫിൻ ജഹാൻ നാരദാ ന്യൂസുമായി സംസാരിക്കുന്നു

നീണ്ട 156 ദിവസം അവൾ കോടതിയുടെ തടവിലായിരുന്നു. എറണാകുളം ചിറ്റൂർ റോഡിലുള്ള എസ്എൻവി സദനത്തിലായിരുന്നു താമസം. ഈ കാലയളവിൽ ആദ്യത്തെ 60ഓളം ദിവസം അവൾക്കു നമസ്കരിക്കാനോ പ്രാർത്ഥിക്കാനോ ഉള്ള അവസരം പോലും നൽകിയില്ല. ടോയ്ലെറ്റിൽ പോവുമ്പോൾ പോലും നിർബന്ധപൂർവ്വം അകത്തുകയറി ന​ഗ്നയാക്കി പരിശോധന ഉൾപ്പെടെയുള്ള നിരന്തര പീഡനങ്ങൾ. പല ദിവസങ്ങളിലും ഭ​ക്ഷണം ഉൾപ്പെടെയുള്ളവ നിരസിച്ചു ദുരിതത്തിലാക്കി. അവളൊരു ഐഎസ് തീവ്രവാദിയാണ്, അവളുമായി ആരും സംസാരിക്കാൻ പാടില്ല എന്നു പറഞ്ഞായിരുന്നു ഒറ്റയ്ക്ക് ഒരു മുറിയിൽ തടവിലാക്കിയത്- മതംമാറ്റത്തെ തുടർന്നു ഹാദിയക്കു നേരിടേണ്ടിവന്ന വെല്ലുവിളികളും ദുരനുഭവങ്ങളും ഷെഫിൻ ജഹാൻ പങ്കുവയ്ക്കുന്നു.

എന്റെ ഹാദിയ രാജ്യദ്രോഹിയോ തീവ്രവാദിയോ ആണോ? ഭർത്താവ് ഷെഫിൻ ജഹാൻ നാരദാ ന്യൂസുമായി സംസാരിക്കുന്നു

ഇഷ്ടമുള്ള മതം സ്വീകരിക്കാനും അതനുസരിച്ച് ജീവിക്കാനും ഭരണഘടന അനുശാസിക്കുന്ന ഇന്ത്യയിലാണ് അതുപ്രകാരം മുസ്ലിമായൊരു പെൺകുട്ടിയുടെ നിയമപരമായി നടന്ന വിവാഹം ഹൈക്കോടതി തടഞ്ഞത്. കോട്ടയം വൈക്കം സ്വദേശി ഹാദിയ എന്ന 25കാരിയായ ഹോമിയോ ഡോക്ടറുടെ വിവാഹമാണ് ചടങ്ങ് മാതാപിതാക്കളുടെ സാന്നിധ്യത്തിലായിരുന്നില്ല ആരോപണം ഉന്നയിച്ച് കോടതി റദ്ദാക്കിയത്. ദാമ്പത്യജീവിതം കേവലം രണ്ടുദിവസം പോലും തികയുംമുമ്പേ ചില ബാഹ്യശക്തികളുടെ പ്രേരണയാലും സമ്മർദ്ദത്താലും അവളുടെ വീട്ടുകാർ നടത്തിയ ഇടപെടലുകളാണ് ഇന്നലത്തെ കോടതിവിധിയിലേക്കു നയിച്ചത്.

ഇവിടെ ഇഷ്ടമുള്ള മതം സ്വീകരിക്കാനും അതനുസരിച്ച് ജീവിക്കാനും വിവാഹം കഴിക്കാനുമുള്ള ഒരു പൗരയുടെ അവകാശമാണ് ഹനിക്കപ്പെട്ടിരിക്കുന്നത്. ഭരണഘടന വകവച്ചുനൽകുന്ന അവകാശങ്ങൾ കോടതി വിധിയാൽ തന്നെ ലംഘിക്കപ്പെടുമ്പോൾ ഹൃദയം തകർന്ന ഹാദിയയും ഭർത്താവ് കൊല്ലം സ്വദേശി ഷെഫിൻ ഷാജഹാനും നമ്മുടെ മുന്നിൽ നിരവധി ചോദ്യങ്ങളാണ് നിരത്തുന്നത്.

ഭരണഘടനാനുസൃതമായ ജീവിതസ്വാതന്ത്ര്യം ലംഘിക്കപ്പെട്ട പശ്ചാത്തലത്തിൽ ഹാദിയയുടെ ഭർത്താവ് ഷെഫിൻ ജഹാൻ നാരദാ ന്യൂസുമായി തങ്ങളുടെ ദുരനുഭവങ്ങളും മതംമാറ്റത്തെ തുടർന്നു ഹാദിയക്കു നേരിടേണ്ടിവന്ന വെല്ലുവിളികളും പങ്കുവയ്ക്കുന്നു...

"ഞാൻ രണ്ടുവർഷമായി മസ്ക്കറ്റിൽ ഒരു സ്വകാര്യകമ്പനിയിൽ അഡ്മിനിസ്ട്രേറ്റർ ആയി ജോലി നോക്കുകയാണ്. എന്റെ കുടുംബം പത്തുവർഷമായി ഇവിടെ താമസിക്കുകയാണ്. ഇതിനിടെ വെ ടു നിക്കാഹ് എന്ന മാട്രിമോണിയൽ സൈറ്റിൽ ഹാദിയയുടെ വിവാഹ പരസ്യം കണ്ടാണ് അതൊന്ന് ആലോചിക്കാമെന്നു തീരുമാനിച്ചത്. അങ്ങനെ നവംബർ 30നു ഞങ്ങൾ നാട്ടിൽ വരികയും ഹാദിയ താമസിച്ചിരുന്ന കോട്ടക്കലിലെ പുത്തൂരിലെ വീട്ടിൽ ചെന്നു അവളെ കാണുകയും ‍‍‍‍‍ഞങ്ങൾ പരസ്പരവും എന്റെ വീട്ടുകാർക്കും ഇഷ്ടപ്പെടുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ നിക്കാഹ് നടത്താൻ തീരുമാനിക്കുകയുമായിരുന്നു.

തുടർന്ന് എന്റെ മഹല്ലായ ചാത്തിനാംകുളം ജുമാ മസ്ജിദ് കമ്മിറ്റിയുമായി ബന്ധപ്പെടുകയും വിവാഹത്തിനുള്ള അനുമതി വാങ്ങുകയും ചെയ്തു. അങ്ങനെ ഹാദിയ താമസിക്കുന്നയിടത്തെ മഹല്ലായ കോട്ടയ്ക്കൽ പുത്തൂർ ജുമാമസ്ജിദ് ഉൾപ്പെടുന്ന പള്ളികളുടെ ഖാളിയായ പാണക്കാട് ഹൈദരലി ഷിഹാബ് തങ്ങളുടെ അനുവാദം വാങ്ങുകയും അദ്ദേഹത്തിന്റെ നിർദേശപ്രകാരം പുത്തൂർ ജുമാ മസ്ജിദ് ഇമാം ഖാളിയായി 2016 ഡിസംബർ 19ന് ഹാദിയ താമസിച്ചിരുന്ന വീട്ടിൽവച്ച് നിക്കാഹ് നടക്കുകയും ചെയ്തു. സ്പെഷ്യൽ മാര്യേജ് ആക്ട്-2008 പ്രകാരമായിരുന്നു വിവാഹം.


തുടർന്ന് രണ്ടേ രണ്ടു ദിവസമാണ് ഞങ്ങൾ ഒരുമിച്ചു താമസിച്ചത് (അന്നും പിറ്റേ ദിവസവും). 20ന് കോട്ടയ്ക്കൽ ഒതുക്കുങ്ങൽ പഞ്ചായത്ത് ഓഫീസിൽ വിവാഹ രജിസ്ട്രേഷനു പോയി, നടപടികൾ പൂർത്തിയാക്കി രസീത് കൈപ്പറ്റാൻ നിൽക്കുമ്പോഴാണ് ഹാദിയയുടെ അഡ്വക്കേറ്റ് വിളിക്കുന്നത്. 21ന് ഹൈക്കോടതിയിൽ ഹാജരാവണമെമന്നായിരുന്നു നിർദേശം. അങ്ങനെ ഞങ്ങൾ ഹാജരായി.

ഞങ്ങളുടെ വിവാഹത്തിൽ കോടതിക്ക് എന്തോ അസ്വാഭാവികത തോന്നുന്നുണ്ടെന്നായിരുന്നു കോടതിയുടെ വാദം. ഒരു തീവ്രവാദ സംഘടനയിലേക്ക് ഹാദിയയെ റിക്രൂട്ട് നടത്താനൊരുങ്ങുന്നു എന്ന പരാതിയാണ് ലഭിച്ചിരിക്കുന്നതെന്നും അതിനാൽ അന്വേഷണം നടത്തണമെന്നും കോടതി പറഞ്ഞു. അതുപ്രകാരം ഹാദിയയെ കോടതി തടവിലാക്കി. അങ്ങനെ നീണ്ട 156 ദിവസം അവൾ കോടതിയുടെ തടവിലായിരുന്നു. എറണാകുളം ചിറ്റൂർ റോഡിലുള്ള എസ്എൻവി സദനത്തിലായിരുന്നു താമസം. ഈ കാലയളവിൽ ആദ്യത്തെ 60ഓളം ദിവസം അവൾക്കു നമസ്കരിക്കാനോ പ്രാർത്ഥിക്കാനോ ഉള്ള അവസരം പോലും നൽകിയില്ല. ടോയ്ലെറ്റിൽ പോവുമ്പോൾ പോലും നിർബന്ധപൂർവ്വം അകത്തുകയറി ന​ഗ്നയാക്കി പരിശോധന ഉൾപ്പെടെയുള്ള നിരന്തര പീഡനങ്ങൾ. പല ദിവസങ്ങളിലും ഭ​ക്ഷണം ഉൾപ്പെടെയുള്ളവ നിരസിച്ചു ദുരിതത്തിലാക്കി. അവളൊരു ഐഎസ് തീവ്രവാദിയാണ്, അവളുമായി ആരും സംസാരിക്കാൻ പാടില്ല എന്നു പറഞ്ഞായിരുന്നു ഒറ്റയ്ക്ക് ഒരു മുറിയിൽ തടവിലാക്കിയത്.


ഇക്കാലയളവിൽ സീനിയറായ അവളുടെ അഡ്വക്കേറ്റിനോ ഭർത്താവായ എനിക്കോ അവളെ കാണാനോ കേസിന്റെ വിശദാംശങ്ങൾ സംസാരിക്കാനോ അനുവാദം ഉണ്ടായിരുന്നില്ല. ഹാദിയയുടെ അച്ഛനു മാത്രമായിരുന്നു കാണാൻ അനുവാദമുണ്ടായിരുന്നത്. ഈ ദുരിത ജീവിതകാലയളവിൽ പലവട്ടം കോടതിയിൽ അവൾ തന്റെ ഭാ​ഗം വിശദമാക്കിയിരുന്നു. താൻ സ്വയം മുസ്ലിമായതാണ്, തന്നെ ആരും അതിനു നിർബന്ധിച്ചിരുന്നില്ല, ഞാൻ സ്വയം വിവാഹപരസ്യം നൽകി അതിലൂടെ കണ്ട് ഇഷ്ടപ്പെട്ടു നടന്ന വിവാഹമാണ് എന്നൊക്കെ. എന്നാൽ ഇതൊന്നും കോടതി ചെവികൊണ്ടില്ല. ഇതിനിടെ ഹൈക്കോടതി ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും അയച്ച കത്തും ഹാദിയ കോടതിയിൽ ഹാജരാക്കി. എന്നാൽ അതൊന്നും പരി​ഗണിച്ചില്ല. ഇതെല്ലാം ഭരണഘനട വകവച്ചു നൽകുന്ന ഇഷ്ടപ്പെട്ട മതവും ഇഷ്ടമുള്ള വരനെയും തെരഞ്ഞെടുക്കാനുള്ള അവകാശത്തിനു മേലുള്ള കടന്നുകയറ്റമാണ്. ഭരണഘടനയുടെ പച്ചയായ ലംഘനമാണ്.

ഞാൻ വിദ്യാഭ്യാസമുള്ളവനാണ്. ഹാദിയയും അതുപോലെ അഭ്യസ്ഥവിദ്യയാണ്. ഹോമിയോ ഡോക്ടർ ആണ്. ഹൗസ് സർജൻസിക്കു വേണ്ടി വെയ്റ്റ് ചെയ്യുന്ന ആളാണ്. അങ്ങനെയുള്ള രണ്ടുപേരാണ് പരസ്പര സമ്മതപ്രകാരം നിയമപരമായി വിവാഹം കഴിച്ചത്. ഇടയ്ക്ക് തനിക്കു പറയാനുള്ളത് ജഡ്ജിയോട് വ്യക്തമാക്കാൻ തുനിയവെ, പൊലീസിനെ ഉപയോ​ഗിച്ചു അവളെ തടഞ്ഞു. അങ്ങനെ പലതവണ ഇത്തരം അനുഭവങ്ങളുണ്ടായി. പിന്നീടൊരു ദിവസം കോടതിയിൽ താൻ നേരിടുന്ന പീഡനങ്ങൾ ഉച്ചത്തിൽ വിളിച്ചുപറഞ്ഞപ്പോൾ ഇതുകേട്ട മറ്റു വക്കീലന്മാർ ഇടപെടുകയും പറയാനുള്ളതു കേൾക്കൻ അവസരം നൽകാമെന്നു സമ്മതിക്കുകയും ചെയ്തു. തുടർന്ന് മുതിർന്ന അഭിഭാഷകയായ സീമന്തിനി ഇടപെട്ട് നമസ്ക്കരിക്കാൻ ഒരു മുസല്ലയും ഖുർആനും ഏർപ്പാടാക്കി കൊടുക്കുകയുമായിരുന്നു. എന്നാൽ അവളെ തടവിൽ പാർപ്പിച്ചിരുന്ന എസ്എൻവി സദനത്തിൽ നിന്നും മാറ്റാൻ കൂട്ടാക്കിയില്ല.

ഹാദിയയുടെ ഇസ്ലാമിലേക്കു കടന്നുവരവും അതേ തുടർന്നുണ്ടായ വെല്ലുവിളികളും ദുരിതങ്ങളും

2013നാണ് ഹാദിയ മുസ്ലിമാവുന്നത്. സേലത്തെ ശിവരാജാ ഹോമിയോ കോളേജിൽ ബിഎച്ച്എംഎസ് പഠിക്കുമ്പോഴായിരുന്നു ഇത്. ഹോസ്റ്റലിലെ രണ്ടു പെൺകുട്ടികളിൽ നിന്നായിരുന്നു ഹാദിയ ഇസ്ലാമിനെ കുറിച്ച് മനസ്സിലാക്കുന്നത്. അങ്ങനെ കൂടുതൽ പഠനത്തിനും ​അന്വേഷണത്തിനും ശേഷം മുസ്ലിമാവുകയുമായിരുന്നു. തുടർന്ന് വീട്ടിലേക്കു പോയെങ്കിലും അവൾ വിശ്വസിച്ച മതമനുസരിച്ചു ജീവിക്കാൻ മാതാപിതാക്കൾ അനുവദിക്കാതിരുന്നതോടെ 2016ൽ വീടുവിട്ടിറങ്ങി. അതോടെ, കോടതിയിൽ അച്ഛൻ നൽകിയ ഹേബിയസ് കോർപസ് പ്രകാരം ഹാദിയ ഹാജരാവുകയും അവളുടെ വാദം കേട്ട കോടതി അത് അം​ഗീകരിക്കുകയും, ഡിവൈഎസ്പിയുടെ അന്വേഷണത്തിനു ശേഷം ഇസ്ലാമുമായി ബന്ധപ്പെട്ട വിശദമായ പഠനത്തിനായി രണ്ടുമാസത്തേക്കു മഞ്ചേരി സത്യസരണിക്കു കീഴിലുള്ള മർക്കസുൽ ഹിദായയിലേക്കു അയക്കുകയും ചെയ്തു. അതിനു ശേഷം വാദം കേട്ട കോടതി അവൾക്കിഷ്ടമുള്ള ആളുടെ കൂടെ പോവാൻ അനുമതി നൽകുകയും അതനുസരിച്ച് കോട്ടയ്ക്കൽ പുത്തൂർ സ്വദേശിനി സൈനബയ്ക്കൊപ്പം പോവുകയും അവിടെ താമസിച്ചുവരികയും ചെയ്തു.

ഇക്കാലയളവിൽ ഹാദിയ അവളുടെ വീട്ടുകാരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നതാണ്. എന്നിട്ടും, കോടതിവിധി നിലനിൽക്കെ തന്നെയും 2016 ആ​ഗസ്റ്റിൽ അച്ഛൻ വീണ്ടും ഹേബിയസ് കോർപസ് ഫയൽ ചെയ്തു. മകൾ മൂന്നുദിവസത്തിനകം സിറിയയിലേക്കു കടക്കുമെന്നാരോപിച്ചായിരുന്നു ഇത്. തുടർന്ന് ഹാദിയ കോടതിയിൽ ഹാജരായി. തനിക്കു പാസ്പോർട്ട് പോലുമില്ലെന്നും പിന്നെങ്ങനെ താൻ ഇന്ത്യ വിട്ടുപോവുമെന്നും അവൾ കോടതിയെ ബോധിപ്പിച്ചു. മാത്രമല്ല, ഭരണഘടന അനുസരിച്ച് ഇവിടെ തന്നെ താമസിച്ച്, കേരളത്തിൽ തന്നെ ആതുരസേവന രം​ഗത്ത് പ്രവർത്തിക്കാനാണ് തനിക്കു താൽപര്യമെന്നറിയിക്കുകയും ചെയ്തു. ഈ പറയുന്ന തീവ്രവാദ സംഘടനകളൊന്നും ഇസ്ലാം അല്ലെന്നും അതിനെയൊന്നും ഒരിക്കലും അം​ഗീകരിക്കാൻ കഴിയുന്നതല്ലെന്നും അവൾ കോടതിയെ അറിയിച്ചു. എന്നാൽ അതൊന്നും കേൾക്കാൻ കൂട്ടാക്കാതിരുന്ന കോടതി അവളെ 36 ദിവസം തടവിലാക്കി. 37ാം ദിവസം കോടതിയിലേക്കു വരുന്ന ദിവസം ഹൈക്കോടതി ജഡ്ജിനും ഹാദിയ കത്തെഴുതി. താനൊരു ഇന്ത്യൻ പൗരയാണെന്നും, സ്വന്തം ഇഷ്ടപ്രകാരം ഇഷ്ടമുള്ള മതം സ്വീകരിച്ചു അതുപ്രകാരം ജീവിച്ചുപോരുന്ന തന്നെ തടവിൽ വയ്ക്കരുതെന്നും കത്തിൽ അപേക്ഷിച്ചിരുന്നു. കത്ത് സ്വീകരിച്ച ജഡ്ജുമാരായ പിഎൻ രവീന്ദ്രൻ ഒരു ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. താൻ ആരെയും തടവിൽ വയ്ക്കാൻ ഉദ്ദേശിക്കുന്നില്ല എന്നുപറഞ്ഞായിരുന്നു ഈ ഉത്തരവ്.


ഹാദിയക്കു പാസ്പോർ‍ട്ട് ഇല്ലെന്നും അവൾ ഒരു കാരണവശാലും സിറിയക്കു പോവാൻ സാധ്യതയില്ലെന്നും മാതാപിതാക്കളുടെ കൂടെ പോവാൻ നിർബന്ധിക്കാനാവില്ലെന്നും വ്യക്തമാക്കുന്ന ഉത്തരവായിരുന്നു ഇത്. ഇതൊക്കെയുണ്ടായിട്ടാണ് ഇന്നലെ കോടതിയുടെ ഭാ​ഗത്തുനിന്നും ഇത്തരമൊരു ഉത്തരവുണ്ടായത്.

ഇന്നലത്തെ വിധി ഹാദിയയുടെ അസാന്നിധ്യത്തിൽ; അവൾക്കു കോടതിയിലെത്താൻ അനുമതിയുണ്ടായിരുന്നില്ല

പലവുരു തനിക്കു പറയാനുള്ളതെല്ലാം ഹാദിയ കോടതിയിൽ പറയാൻ തുനിഞ്ഞപ്പോഴെല്ലാം പൊലീസിനെ ഉപയോ​ഗിച്ച് അടിച്ചമർത്തുകയായിരുന്നു. എന്നാൽ, ഹാദിയ തന്റെ നിലപാടിൽ ഉറച്ചുനിന്നതോടെ 156 ദിവസത്തെ തടവിനിടെ ഒരു ദിവസം ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ കോടതിയിൽ ഹാജരാവേണ്ട എന്ന ഉത്തരവുണ്ടായി. ഈ സാഹചര്യത്തിലാണ് ഇന്നലെ അവൾക്കു കോടതിയിൽ വിധി കേൾക്കാൻ എത്താനുള്ള അവകാശം നിഷേധിക്കപ്പെട്ടത്. വിധി കേൾക്കാനുള്ള അവകാശം പോലും കോടതി അവൾക്കു നിരസരിച്ചു. അവളെന്താ വല്ല രാജ്യദ്രോഹിയോ തീവ്രവാദിയോ ആണോ. ഭരണഘടന വിഭാ​വനം ചെയ്യുന്നതുപ്രകാരം ഇഷ്ടമുള്ള മതത്തിൽ വിശ്വസിച്ച്, അതുപ്രകാരം ജീവിച്ച്, വിവാഹം കഴിച്ചതാണോ അവൾ ചെയ്ത കുറ്റം. ഹേബിയസ് കോർപസ് എന്നു പറഞ്ഞാൽ വ്യക്തിയെ ഹാജരാക്കുക എന്നാണല്ലോ, എപ്പോഴെല്ലാം അത് ഫയൽ ചെയ്തോ അപ്പോഴെല്ലാം അവൾ ഹാജരായിരുന്നു. നിർദ്ദിഷ്ട വ്യക്തി ഹാജരായാൽ ഹേബിയസ് കോർപസ് ഹരജി പ്രകാരമുള്ള വാദം അവിടെ അവസാനിപ്പിക്കേണ്ടതല്ലേ. എന്നാൽ വീണ്ടും വീണ്ടും അതിന്റെ പേരിൽ പീഡിപ്പിക്കപ്പെടുകയാണുണ്ടായത്.

മാതാപിതാക്കളുടെ സാന്നിധ്യമില്ലാതെയാണ് വിവാഹം നടന്നതെന്നാണല്ലോ കോടതിയും വിമർശകരും പറയുന്നത്. വിശ്വാസത്തിനും വിവാഹത്തിനും തടസ്സം നിൽക്കുന്ന മാതാപിതാക്കളെ എങ്ങനെയാണ് ഇവിടെ കൊണ്ടുവരാനാവുക. അതെന്തൊരു വൈരുധ്യമാണ്. അങ്ങനെയാണെങ്കിൽ മാതാപിതാക്കളുടെ സാന്നിധ്യവും ഇഷ്ടവും താൽപര്യവുമില്ലാതെ നടന്നിട്ടുള്ള വിവാഹങ്ങളിലെല്ലാം അന്വഷണം നടത്താൻ കോടതി തയ്യാറാവുമോ? അത്തരത്തിലുള്ള പലേരേയും തനിക്കറിയാം. മാതാപിതാക്കളില്ലാത്ത, അവർ മരിച്ചുപോയ എത്രയോ മക്കളുടെ വിവാഹം നടക്കുന്നു. അതൊക്കെ അസാധുവാകുമോ? എന്തൊരു വിരോധാഭാസമാണിത്. പച്ചയായ ഭരണഘടനാ ലംഘനമാണിത്.

ഇനിയെന്ത്?

ഭരണഘടന അനുശാസിക്കുന്ന അവകാശം പിടിച്ചുവാങ്ങാൻ നിയമത്തിന്റെ ഏതറ്റം വരെയും പോവാനും ഏതന്വേഷണം നേരിടാനും ഞങ്ങൾ തയ്യാറാണ്. നീതി കിട്ടാനായി സുപ്രീംകോടതിയിൽ പോവാനാണ് തീരുമാനം. ഹൈക്കോടതിയുടെ വിധിപ്പകർപ്പ് കൈയിൽ കിട്ടിയാലുടൻ അതിനുള്ള നടപടികളുമായി മുന്നോട്ടുപോവും".

Read More >>