ആര്‍എസ്എസ് അജണ്ടയുള്ള വേദിയില്‍ സിപിഐഎം എംഎല്‍എ

കുട്ടികളെ ലക്ഷ്യമിട്ട് ആര്‍എസ്എസ് നടത്തിയ പരിപാടിയെ പിന്തുണച്ച എംഎല്‍എയുടെ നടപടി സിപിഐഎമ്മിന് നാണക്കേടുണ്ടാക്കിയിരിക്കുകയാണ്.

ആര്‍എസ്എസ് അജണ്ടയുള്ള വേദിയില്‍ സിപിഐഎം എംഎല്‍എ

ഇറച്ചിനിരോധന വിഷയത്തിലുള്‍പ്പെടെ സിപിഐഎം സംഘപരിവാറിനെതിരേ തുറന്ന പോര് നയിക്കുന്നതിനിടെ ആര്‍എസ്എസ് വേദിയില്‍ സിപിഐഎം എംഎല്‍എ. ഇരിങ്ങാലക്കുട എംഎല്‍എ കെ യു അരുണനാണ് ആര്‍എസ്എസ് പരിപാടിക്ക് ഉദ്ഘാടകനായത്. കുട്ടികളെ ലക്ഷ്യമിട്ട് ആര്‍എസ്എസ് നടത്തിയ പരിപാടിയെ പിന്തുണച്ച എംഎല്‍എയുടെ നടപടി സിപിഐഎമ്മിന് നാണക്കേടുണ്ടാക്കിയിരിക്കുകയാണ്.

കുട്ടികളെ ചെറുപ്പം മുതലേ വര്‍ഗീയതയിലേക്ക് നയിക്കാനാണ് കേരളത്തിലെ ആര്‍എസ്എസിന്റെ ശ്രമമെന്ന് സിപിഐഎം സംസ്ഥാന നേതൃത്വം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഈ വിലയിരുത്തലിനെത്തുടര്‍ന്ന് കുട്ടികളെ ഉപയോഗിച്ച് ആര്‍എസ്എസ് നടത്തുന്ന ശ്രീകൃഷ്ണജയന്തി ഘോഷയാത്രയ്ക്ക് ബദലായി ഘോഷയാത്രകളും സാംസ്‌കാരികപരിപാടികളും സിപിഐഎം സംഘടിപ്പിച്ചിരുന്നു. കുട്ടികളെ ആകര്‍ഷിക്കാനായി ആര്‍എസ്എസ് നടത്തുന്ന പരിപാടികളെ പ്രതിരോധിക്കണമെന്ന് സിപിഐഎം സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശവും നിലനില്‍ക്കുന്നുണ്ട്.

ഇതിനിടെയാണ് എംഎല്‍എയുടെ പാര്‍ട്ടിവിരുദ്ധ നടപടി. സ്വര്‍ഗീയ ഷൈനിന്റെ പാവന സ്മരണയ്ക്ക് എന്ന പേരില്‍ ഇരിങ്ങാലക്കുട ഊരകത്ത് സംഘടിപ്പിച്ച പരിപാടിയില്‍ കുട്ടികള്‍ക്ക് പുസ്തകവിതരണവും പുരസ്‌കാരദാനവും നടത്തിയത് എംഎല്‍എ തന്നെയാണ്. പാര്‍ട്ടിയോട് ആലോചിക്കാതെയാണ് എംഎല്‍എ, ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതെന്ന് ഇരിങ്ങാലക്കുടയിലെ സിപിഐഎം നേതാക്കള്‍ നല്‍കുന്ന സൂചന.

Story by