ഷുക്കൂർ വധക്കേസ്: പി ജയരാജനും ടി വി രാജേഷ് എംഎൽഎയ്ക്കുമെതിരെ കൊലക്കുറ്റം

സിബിഐ തലശേരി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് സിപിഐഎം നേതാക്കൾക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.

ഷുക്കൂർ വധക്കേസ്: പി ജയരാജനും ടി വി രാജേഷ് എംഎൽഎയ്ക്കുമെതിരെ കൊലക്കുറ്റം

കോളിളക്കം സൃഷ്ടിച്ച കണ്ണൂർ അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ കൊലക്കുറ്റം. ഇതോടൊപ്പം ടി വി രാജേഷ് എംഎൽഎയെക്കെതിരെയും കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. സിബിഐ തലശേരി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് സിപിഐഎം നേതാക്കൾക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. 302, 120 ബി വകുപ്പുകള്‍ ചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചത്.

2012 ഫെബ്രുവരി 20നായിരുന്നു കൊലപാതകം. കണ്ണപുരം കീഴറയിലെ വള്ളുവന്‍ കടവിനടുത്ത് വച്ച് ജനമധ്യത്തില്‍ രണ്ടര മണിക്കൂറോളം ബന്ദിയാക്കി വച്ച ശേഷമാണ് പട്ടുവം അരിയില്‍ സ്വദേശിയും തളിപ്പറമ്പ് മണ്ഡലം ട്രഷററുമായിരുന്ന അബ്ദുല്‍ ഷുക്കൂര്‍ (24) എന്ന ഷുക്കൂറിനെ കൊലപ്പെടുത്തുന്നത്. പി ജയരാജന്റെ നിര്‍ദേശപ്രകാരമാണ് ഷുക്കൂറിനെ കുത്തിക്കൊലപ്പെടുത്തിയതെന്നാണ് കേസ്.

സ്ത്രീകളടക്കം നിരവധി സിപിഐഎം പ്രവര്‍ത്തകരുടെ മധ്യത്തില്‍ വച്ചാണ് ഷുക്കൂറിനെ പരസ്യമായി കൊല ചെയ്തത്. പി ജയരാജനെ കാറ് തടഞ്ഞ് ആക്രമിച്ചുവെന്നാരോപിച്ചായിരുന്നു കൊലപാതകം. കൂടെയുണ്ടായിരുന്ന സക്കരിയക്ക് ഗുരുതരമായി വെട്ടേൽക്കുകയും ചെയ്തിരുന്നു.

പി ജയരാജനും രാജേഷും കൈരളി ടിവിയുടെ മാധ്യമസംഘത്തോടൊപ്പം ആസൂത്രിതമായാണ് അരിയില്‍ പ്രദേശത്തെത്തിയത്. ഒരാളെ ഇടിച്ചിട്ട് നിര്‍ത്താതെപോയ ജയരാജന്റെ വാഹനം നാട്ടുകാര്‍ തടഞ്ഞതിനെ ലീഗുകാര്‍ കൊല്ലാന്‍ ശ്രമിച്ചുവെന്നായിരുന്നു സിപിഐഎം പ്രചരണം. ഇതില്‍ ഒരു പങ്കുമില്ലാത്ത ഷുക്കൂറിനെ ജയരാജന്റെ നിര്‍ദേശപ്രകാരം തടഞ്ഞുവെച്ച് വിചാരണ നടത്തി കൊലപ്പെടുത്തുകയായിരുന്നു.

ഷു​ക്കൂ​ർ ​കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ സെ​ഷ​ൻ​സ്​ കോ​ട​തി​യി​ൽ പൊ​ലീ​സ്​ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ ശേ​ഷ​മാ​ണ്​ മാ​താ​വ്​ സിബിഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട്​ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. തുടർന്ന് സിബിഐ അന്വേഷണത്തിന് അ​നു​കൂ​ല​വി​ധി ഉണ്ടാവുകയായിരുന്നു.