കോഴിക്കോട് നഗരത്തിലെ കിണറുകള്‍ സെപ്റ്റിക് ടാങ്കിന് തുല്യം; കോളിഫോം ബാക്ടീരിയകളുടെ അളവ് ക്രമാതീതമായി ഉയരുന്നത് തീരദേശമേഖലയില്‍

സി ഡബ്ല്യു ആര്‍ ഡി എം(സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡവലപ്പ്‌മെന്റ് ആന്റ് മാനേജ്‌മെന്റ്) നടത്തിയ ജല പരിശോധനയിലാണ് നഗരങ്ങളിലെ കിണറുകളില്‍ 2400 സി എഫ് യുവിലധികം വരെ കോളിഫോം ബാക്ടീരിയകളുള്ളതായി കണ്ടെത്തിയിരിക്കുന്നത്. അതായത് സെപ്റ്റിക് ടാങ്കിനോളം മാലിന്യമാണ് കിണറുകളിലുമെന്ന് ചുരുക്കം. ബേപ്പൂര്‍, വെള്ളയില്‍, മാറാട്, വരയ്ക്കല്‍ തീരദേശമേഖലയിലെ കുടിവെള്ളത്തില്‍ കോളിഫോം ബാക്ടീരിയ വര്‍ധിച്ചിട്ടുണ്ട്

കോഴിക്കോട് നഗരത്തിലെ കിണറുകള്‍ സെപ്റ്റിക് ടാങ്കിന് തുല്യം; കോളിഫോം ബാക്ടീരിയകളുടെ അളവ് ക്രമാതീതമായി ഉയരുന്നത് തീരദേശമേഖലയില്‍

കോഴിക്കോട് നഗരത്തിലെ കുടിവെള്ള കിണറുകള്‍ സെപ്റ്റിക് ടാങ്കിലുള്ളയത്ര കോളിഫോം ബാക്ടീരിയകളുടെ ആവാസകേന്ദ്രമാണെന്ന് സി ബ്ല്യു ആര്‍ ഡി എമ്മിന്റെ കണ്ടെത്തല്‍. തീരദേശമേഖലയില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് കുത്തനെ ഉയര്‍ന്നുകൊണ്ടിരിക്കുന്നുമുണ്ട്. സി ഡബ്ല്യു ആര്‍ ഡി എം (സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡവലപ്പ്‌മെന്റ് ആന്റ് മാനേജ്‌മെന്റ്) നടത്തിയ ജല പരിശോധനയിലാണ് നഗരങ്ങളിലെ കിണറുകളില്‍ 2400 സി എഫ് യുവിലധികം കോളിഫോം ബാക്ടീരിയകളുള്ളതായി കണ്ടെത്തിയത്. അതായത് സെപ്റ്റിക് ടാങ്കിനോളം മാലിന്യമാണ് കിണറുകളിലുമെന്ന് ചുരുക്കം. ബേപ്പൂര്‍, വെള്ളയില്‍, മാറാട്, വരയ്ക്കല്‍ തീരദേശമേഖലയിലെ കുടിവെള്ളത്തിലാണ്കോളിഫോം ബാക്ടീരിയ വര്‍ധിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ 70 ശതമാനം കിണറുകളും കോളിഫോം ബാക്ടീരിയയുടെ പിടിയിലാണ്. ഇതിന് പ്രധാനമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് സെപ്റ്റിക് ടാങ്കുകളുടെ അശാസ്ത്രീയ നിമ്മാണവും.

കുഴിയെടുത്ത് സ്ലാബിടുന്നതിനപ്പുറം സെപ്റ്റിക് ടാങ്കുകള്‍ക്ക് യാതൊരു സുരക്ഷിതത്വവുമില്ല. ഇത്തരം സെപ്റ്റിക് ടാങ്കുകളില്‍ നിന്നാണ് ഒലിച്ചിറങ്ങി കിണറുകളില്‍ ബാക്ടീരിയ നിറയുന്നത്. കിണറുകളുടെ പരിസരത്ത് നിന്ന് ഏഴര മീറ്റര്‍ ദൂരത്തിലായിരിക്കണം സെപ്റ്റിക് ടാങ്കുകളെന്ന് സി ഡബ്ല്യു ആര്‍ ഡി എം നിഷ്‌കര്‍ഷിക്കുന്നുണ്ടെങ്കിലും ഇത് പാലിക്കപ്പെടാറില്ല. നഗരങ്ങളിലെ ഫ്‌ളാറ്റ് സമുച്ചയങ്ങളിലെ സെപ്റ്റിക് ടാങ്കുകള്‍ സമീപം തന്നെയാണ് കിണറുകള്‍ സ്ഥിതി ചെയ്യുന്നത്. മാത്രമല്ല മൂന്നോ നാലോ സെന്റ് ഭൂമയില്‍ നിര്‍മ്മിക്കുന്ന വീടിന്റെ കിണറിനോട് ചേര്‍ന്നായിരിക്കും മിക്കവാറും സെപ്റ്റിക് ടാങ്കും നിര്‍മ്മിക്കുക. സ്ഥലത്തിന്റെ പരിമിതിയാണ് ഇതിന് വിലങ്ങുതടിയാവുന്നത്.


ഈ പ്രശ്‌നം മറികടക്കാന്‍ വഴികളുണ്ടെങ്കിലും ആരുമത്ര ഗൗനിക്കാറില്ല. ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ചുള്ള വാട്ടര്‍ ക്ലോറിനേഷന്‍ നടപടികള്‍ ഫലപ്രദമായാല്‍ കോളിഫോം ബാക്ടീരിയയെ പൂജ്യം ശതമാനത്തിലെത്തിക്കാന്‍ കഴിയുമെന്ന് സി ഡബ്ല്യു ആര്‍ ഡി എം ജലപരിശോധനാ വിഭാഗത്തിലെ പി. ഹരികുമാര്‍ നാരദാന്യൂസിനോട് പറഞ്ഞു. ഇത് ആഴ്ച്ചയിലൊരിക്കലെങ്കിലും നിര്‍ബന്ധമായി ചെയ്യേണ്ടതുണ്ട്. ഒപ്പം തന്നെ കിണറുകള്‍ അറ്റകുറ്റ പണികള്‍ നടത്തുകയും വൃത്തിയാക്കുകയും ചെയ്യണം. സെപ്റ്റിക് ടാങ്ക് നിര്‍മ്മാണം കുറ്റമറ്റതാക്കിയാല്‍ത്തന്നെ ഇത് പരിധിവരെ തടയാന്‍ കഴിയുമെന്ന് വിദഗ്ധര്‍ പറയുന്നു. കോഴിക്കോട് ജില്ലയിലെ നാല് പഞ്ചായത്തുകളിലൂടെയും കോര്‍പറേഷന്‍ പരിധിയിലൂടെയും ഒഴുകുന്ന മാമ്പുഴയില്‍ കോളിഫോം ബാക്ടീരിയ വര്‍ധിച്ചതായി ഈയടുത്തായി സി ബ്ല്യു ആര്‍ ഡി എം നടത്തിയ സാമ്പിള്‍ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

കോഴിക്കോട് മാത്രമല്ല കേരളത്തിലെ ഒട്ടുമിക്ക നഗരങ്ങളിലെയും അവസ്ഥ ഇതുതന്നെയാണ്. എറണാകുളം, തിരുവനന്തപുരം ജില്ലകളിലും അവസ്ഥ മറിച്ചല്ല. എറണാകുളമാണ് ഏറെ ഭീഷണി നേരിടുന്ന സ്ഥലം. ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളിലെ കിണറുകളിലാണ് കോളിഫോം ബാക്ടീരിയകള്‍ വർധിക്കുന്നത്. പ്രധാനമായും ഇത് മനുഷ്യവിസര്‍ജ്ജ്യത്തില്‍ നിന്ന് തന്നെയാണ് വരുന്നത്. പക്ഷിക്കൂട്ടങ്ങളും മറ്റും കിണറുകളിലേക്ക് കാഷ്ഠിക്കുന്നതില്‍ നിന്നും കോളിഫോം ബാക്ടീരിയകള്‍ ഉണ്ടാകുന്നുണ്ടെന്ന് സി ബ്ല്യു ആര്‍ ഡി എം ചൂണ്ടിക്കാണിക്കപ്പെടുന്നു. കോളറ ഉള്‍പ്പെടെ പടരാന്‍ ഇത് പ്രധാന കാരണമാകുന്നുണ്ട്. 2013ല്‍ വയനാട്ടില്‍ കോളറ മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വെള്ളം പരിശോധിച്ചപ്പോള്‍ കോളിഫോം ബാക്ടീരിയയുടെ അളവ് വര്‍ധിച്ചതായി കണ്ടെത്തിയിരുന്നു.

മുമ്പ് ആറു കമ്പനികളുടെ കുപ്പിവെള്ളത്തിന്റെ സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ കോളിഫോം ബാക്ടീരിയ കണ്ടെത്തുകയുണ്ടായി. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പരിശോധനയിലാണ് അന്താരാഷ്ട്ര കമ്പനികളുടെ കുപ്പി വെള്ളത്തിലടക്കം ഗുരുതര പ്രശ്നം കണ്ടെത്തിയത്. സംസ്ഥാനത്ത് വില്‍പ്പനയ്ക്കെത്തിക്കുന്ന കിങ്ഫിഷര്‍, കിങ്ലെ, പ്യൂവര്‍ഡ്രോപ്സ്, ചന്ദ്രിക, ഗോപിക, ഹോണ്‍ ബില്‍ എന്നീ കമ്പനികളുടെ കുപ്പി വെള്ളത്തിന്റെ സാമ്പിളുകളിലാണ് കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നത്. ഈ കമ്പനികള്‍ എല്ലാം തന്നെ ഐ എസ് ഐ അംഗീകാരം ഉള്ളതുമാണ്.

കഴിഞ്ഞ ഡിസംബറിലും ഈ വര്‍ഷം മാര്‍ച്ചിലുമായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് ശേഖരിച്ച് പരിശോധിച്ച കുപ്പിവെള്ള സാമ്പിളുകളുകളിലും മാരക രോഗങ്ങളുണ്ടാക്കുന്ന കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ നിന്നെടുത്ത സാംപിളുകളിലാണു കോളിഫോം ബാക്ടീരിയയെ കണ്ടെത്തിയത്. 100 എം എല്‍ വെള്ളത്തില്‍ 2 മുതല്‍ 41 സിഎഫ് യു വരെയായിരുന്നു കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം. അമയന്നൂരില്‍ ആയിരത്തി അഞ്ഞൂറിലേറെ പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത് വെള്ളത്തില്‍ നിന്നാണെന്നു സ്ഥിരീകരിക്കുകയുണ്ടായി.