ആലുവ സൂഫി സമ്മേളനം: ഇസ്ലാം പാതയോ സംഘപരിവാര വഴിയോ, അതോ സമന്വയത്തിന്റെ ശാന്തിവഴിയോ?

ബിജെപിയുമായി വരെ ആശയവിനിമയം നടത്താമെന്നു കരുതുന്ന സൂഫി- ഇസ്ലാം ധാരകൾ സജീവമായി ഉയർന്നുവരുന്ന കാഴ്ചയിലേക്ക് കേരളവും നടന്നടുക്കുകയാണ് ആലുവ സൂഫി സമ്മേളനത്തിലൂടെ. അകമേ പിശാചും പുറമെ സൂഫി- ഉലമാ വേഷക്കാരുമായ കപടന്മാരാണ് ലോകത്തിന്റെ തീരാശാപമെന്നു വിളംബരം ചെയ്തുകൊണ്ടാണ് 43ാമത് ഖുത്ബുസ്സമാൻ ഖിലാഫത് സമ്മേളനം. മതനിരപേക്ഷ പാർട്ടികൾ ഒഴിച്ചിട്ട ശൂന്യതകളെയും പ്രതിസന്ധികളെയുമാണ് ബിജെപി സർക്കാരും സംഘപരിവാറും അഭിസംബോധന ചെയ്യുന്നതും സമർത്ഥമായി മുന്നോട്ടുകൊണ്ടുപോകുന്നതും.

ആലുവ സൂഫി സമ്മേളനം: ഇസ്ലാം പാതയോ സംഘപരിവാര വഴിയോ, അതോ സമന്വയത്തിന്റെ ശാന്തിവഴിയോ?

രാജ്യത്താകെ ഹിന്ദുത്വ-ഇസ്ലാം സംഘർഷങ്ങൾ പല വഴികളിൽ മൂർച്ഛിച്ചുകൊണ്ടിരിക്കെ ആലുവയിൽ നടക്കുന്ന അന്താരാഷ്ട്ര സൂഫി സമ്മേളനം ലോകശ്രദ്ധ ആകർഷിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യാതിഥിയായി പങ്കെടുത്ത ദില്ലിയിലെ സൂഫി സമ്മേളനത്തിനു പിന്നാലെയാണ് ആലുവ മറ്റൊരു വിശ്വ സൂഫിസമ്മേളനത്തിനു വേദിയാകുന്നത്. ഇതിലും മുഖ്യാതിഥികൾ ഹിന്ദുത്വവാദിനേതാക്കൾതന്നെ- കേന്ദ്ര മന്ത്രിമാരായ മുഖ്‌താർ അബ്ബാസ് നഖ്‌വിയും സുരേഷ് പ്രഭുവും.

അകമേ പിശാചും പുറമെ സൂഫി-ഉലമാ വേഷക്കാരുമായ കപടന്മാരാണ് ലോകത്തിന്റെ തീരാശാപമെന്നു വിളംബരം ചെയ്തുകൊണ്ടാണ് നാല്പത്തിമൂന്നാമത് ഖുത്ബുസ്സമാൻ ഖിലാഫത് സമ്മേളനം. ഏപ്രിൽ 30 വരെ ആലുവ ജീലാനി ഷെരീഫാണ് സൂഫി സമ്മേളന വേദി.

ഇസ്‌ലാമിലെ ശരിയത്ത്-ത്വരീഖത് ചർച്ചകൾക്കാവും സമ്മേളനം കാര്യമായും സമയം വിനിയോഗിക്കുകയെന്നാണ് സൂചന. അതേസമയം, ഹിന്ദുത്വരാഷ്ട്രീയത്തിന് ഈ ചർച്ചകളിൽ എന്തുകാര്യമെന്ന വിമർശനങ്ങൾ പശ്ചാത്തലത്തിൽ ഉയർന്നുനിൽക്കുന്നു.

ഓൾ ഇന്ത്യ ഉലമാ ആൻഡ് മുശാഇഖ് ബോർഡ് ആഭിമുഖ്യത്തിലാണ് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ രാജ്യതലസ്ഥാനത്ത് ഇതിനു തൊട്ടുമുമ്പൊരു ലോക സൂഫി സമ്മേളനം ചേർന്നിരുന്നത്. സംഘർഷം മുറ്റിനിൽക്കുന്ന സിറിയ, ഇറാഖ് എന്നീ രാജ്യങ്ങളിൽനിന്നും, ഇസ്ലാമിക സ്വാധീന രാഷ്ട്രങ്ങളായ തുർക്കി, ഈജിപ്ത് എന്നിവിടങ്ങളിൽനിന്നും മാത്രമല്ല, യുകെ അമേരിക്ക തുടങ്ങിയ മുതലാളിത്തരാജ്യങ്ങളിൽനിന്നും പ്രതിനിധികൾ പങ്കെടുത്ത സമ്മേളനം, ഇന്ത്യയിൽ മോദി അധികാരമേറിയ ശേഷമുള്ള ഏറ്റവും ബൃഹത്തായ മുസ്ലിം സംഘാടനം കൂടിയായായാണ് വാർത്താശ്രദ്ധ നേടിയിരുന്നത്.

രാജ്യത്തെ സൂഫി ദർഗകളുടെ നടത്തിപ്പുകാരുടെ ഏകോപന സമിതിയായ ബോർഡ്, ലോകത്ത് വർധിച്ചുവരുന്ന ഇസ്‌ലാമിക തീവ്രവാദ പ്രവർത്തനങ്ങൾക്ക് മറുപ്രവർത്തനമായാണ് ആ സമ്മേളനത്തെ അവതരിപ്പിച്ചത്. പൊതുവിൽ ഈ മുദ്രാവാക്യത്തോട് അനുകൂലസമീപനം പുലർത്തുമ്പോഴും, സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യം ഇസ്‌ലാമിക സംഘടനകളിൽ വ്യാപകമായ ഭിന്നാഭിപ്രായങ്ങൾ ഉയർത്തിയിരുന്നു.

ജംഇയ്യത്ത് ഉലമ-എ-ഹിന്ദ് പോലുള്ള സംഘടനകളും അസദുദ്ദീൻ ഒവൈസി, അർഷാദ് മദനി തുടങ്ങിയ നേതാക്കളും മോദി പങ്കെടുക്കുന്ന വിവരം അറിഞ്ഞതു മുതലേ സൂഫി സമ്മേളനത്തോട് സ്വന്തം എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ന്യൂനപക്ഷ സമുദായങ്ങളോട് ശത്രുത നിറഞ്ഞ സമീപനം പുലർത്തുന്ന ഹിന്ദുത്വ ശക്തികളുടെ നേതാവെന്നതു തന്നെയായിരുന്നു മോദിയുടെ സാന്നിധ്യത്തോടുള്ള വിമർശനങ്ങളുടെ കാതൽ.

എന്നാൽ, മോദി സമ്മേളനത്തിൽ അതിഥിയായി എത്തിയെന്നുമാത്രമല്ല, അപ്രതീക്ഷിത കോണുകളിൽനിന്നുള്ള മതപണ്ഡിതരുടെ സാന്നിധ്യവും സമ്മേളനത്തിനുണ്ടായി. കേരളത്തിൽ നിന്നുള്ള പ്രമുഖ സുന്നി നേതാവ് കാന്തപുരം അബൂബക്കർ മുസ്ല്യാർ ഉദാഹരണം. വിശ്വാസപരമായ രണ്ടു ഭിന്നധ്രുവങ്ങളിൽ നിന്നുകൊണ്ട് ഹിന്ദുത്വരാഷ്ട്രീയ നേതാവായ നരേന്ദ്രമോദിയും സൂഫി നേതൃത്വവും അന്നു പങ്കിട്ട ആശയഗതികളിലെ ചേർച്ച ആലുവയിലെ സമ്മേളനത്തിലൂടെ കേരളത്തിലേക്കും ചർച്ചയായെത്തുകയാണിപ്പോൾ.

ഇസ്ലാമിന്റെ സൂഫി വ്യാഖ്യാനവും മോദിയുടെ ഇസ്ലാം പ്രഘോഷണവും

ഹിന്ദുത്വയുമായുള്ള സംഘട്ടനമേഖലകൾ ഒട്ടും സ്പർശിക്കാതെ, ഹൈന്ദവതയുടെ മൂലതത്വങ്ങളുമായുള്ള യോജിപ്പുകൾ വിശദമാക്കിക്കൊണ്ടായിരുന്നു ദില്ലി സൂഫി സമ്മേളനത്തിൽ ഓൾ ഇന്ത്യ ഉലമാ ആന്റ് മുശാഇഖ് ബോർഡ് അധ്യക്ഷൻ സയീദ് മുഹമ്മദ് അഷ്‌റഫിന്റെ ഇടപെടലുകൾ. ഭീകരതയടക്കം ലോകത്തിലെ അശാന്തികൾക്ക് ഇസ്‌ലാമിന്റെ പരിഹാരമാണ് സൂഫിസം എന്നു സയീദ് മുഹമ്മദ് അഷ്‌റഫ് സമ്മേളന അജണ്ടയിൽ വ്യക്തമാക്കി. തുടർന്നുണ്ടായ ചർച്ചകൾക്കും വിവാദങ്ങൾക്കും മറുപടിയായി സയീദ് മുഹമ്മദ് അഷ്‌റഫ് സമ്മേളന ലക്ഷ്യങ്ങൾ വിശദീകരിച്ചത് ഇവ്വിധമൊക്കെയായിരുന്നു:

"വഴിനീളെ മുള്ളു വിതറുന്നവരോട് പകരംനിൽക്കാൻ തുടർവഴികളിലും മുള്ളു വിതറലല്ല ഇസ്ലാം പഠിപ്പിക്കുന്ന വഴി. അങ്ങനെയായാൽ ലോകം മുഴുവൻ മുള്ളുകൊണ്ടു നിറയും, മാനവർ എങ്ങനെ നടക്കും... മുസ്ലീമാവാൻ ആരെ നിർബന്ധിക്കലും അനിസ്ലാമികമാണ്. എനിക്ക് എന്റെ മതം, നിനക്ക് നിന്റേതും എന്നാണ് ഖുർആന്റെ മതം. വൈവിധ്യങ്ങളെ കാക്കാനും പരസ്പരം കാക്കാനുമാണ് അതിന്റെ ആഹ്വാനം".

"മദ്രസ്സകളിൽ സൂഫിസത്തിന്റെ ബാലപാഠങ്ങൾ പഠിപ്പിക്കപ്പെട്ടിരുന്നു. അവ വീണ്ടും പാഠ്യപദ്ധതികളിൽ വരണം. ഐഎസ് പോലുള്ള പ്രതിഭാസങ്ങളിലേക്ക് ചെറുപ്പക്കാർ ആകർഷിക്കപ്പെടുന്നത് പ്രായചാപല്യങ്ങളാലാണ്. ഇത്തരം യുദ്ധങ്ങളിൽ മരിച്ചാൽ സ്വർഗത്തിൽ പ്രവേശിക്കാമെന്ന് തെറ്റിദ്ധരിക്കപ്പെടുകയാണ്. എന്നാൽ വാസ്തവത്തിൽ അവരെ കാത്തിരിക്കുന്നത് ഖുർആൻ വിധിക്കുന്ന നരകമാണ്".

ഇതുതന്നെയാണ് സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വേറൊരുവിധം ആവർത്തിച്ചതും. ലോകത്തിനു ഇസ്ലാമിന്റെ സർവോത്തമമായ സമ്മാനം, സൂഫിസത്തെ മോദി വിശേഷിപ്പിച്ചത് അങ്ങനെയാണ്. നിസാമുദ്ദീൻ ഔലിയയെയും ഖ്വാജാ മൊഇനുദ്ദീൻ ചിസ്തിയെയും അമീർ ഖുസ്രുവിനെയും ബാബാ ഫരീദിനെയും ബുല്ലാ ഷായെയും വരെ സമൃദ്ധം ഉദ്ധരിച്ചായിരുന്നു ദില്ലി സൂഫി സമ്മേളനത്തിൽ മോദിയുടെ പ്രഭാഷണം. "ലോകത്തെയാകെ ഭീകരതയുടെ ഇരുട്ട് ഗ്രസിക്കുമ്പോൾ പ്രത്യാശയുടെ നൂർ (പ്രകാശം)- ആണ് സൂഫികൾ. തെരുവുകളിൽ മുഴങ്ങുന്ന വെടിയൊച്ചകൾ കുഞ്ഞുകളുടെവരെ ചിരികളെ മായ്ക്കുമ്പോൾ മുറിവുണക്കുന്ന ലേപനമാണ് സൂഫിസം"- ഐഎസിനെയോ മറ്റു സംഘടനകളെയോ പേരെടുത്തുപറയാതെ മോദി ഇസ്ലാമിന്റെ പ്രഘോഷകനായി ആ വേദിയിൽ.

ബിജെപി കടക്കുന്നത് കോൺഗ്രസ് ഒഴിച്ചിട്ട വഴികളിലേക്ക്

ദില്ലിയിലേതായാലും ആലുവയിലേതായാലും സൂഫി സമ്മേളനത്തിനുനേർക്ക് ഉയരുന്ന വിമർശനക്കണ്ണുകൾ വ്യക്തമാണ്. സംഘപരിവാർ അജണ്ടകൾക്കൊത്ത് താളംതുള്ളുന്ന കൂട്ടമെന്നതാണ് ആലുവ സമ്മേളനവും നേരിടുന്ന ചാപ്പകുത്ത്. ദില്ലി സമ്മേളനവേളയിൽ സമാനമായ വിമർശനങ്ങളുണ്ടായപ്പോൾ സൂഫി പക്ഷത്തുനിന്നും ഉയർന്ന പ്രതികരണങ്ങൾ കാര്യമായും കോൺഗ്രസ് അടക്കമുള്ള മതനിരപേക്ഷ പാർട്ടികളെ പ്രതിക്കൂട്ടിൽ നിർത്തിയായിരുന്നു.

മുസ്ലിം വിശ്വാസ ധാരകളിലെ വൈവിധ്യങ്ങളെ അംഗീകരിക്കാനോ അവയുമായി സംവദിക്കാനോ യുപിഎ സർക്കാരിന്റെ കാലത്തുപോലും കാൽവെപ്പുണ്ടായില്ലെന്നതാണ് അന്നുയർന്ന പ്രതിവിമർശനങ്ങളിലെ പ്രധാനഭാഗം. ഒന്നോ രണ്ടോ മുസ്ലിം സംഘടനകളെ മുസ്ലിങ്ങളുടെയാകെ പ്രതിനിധികളായി കണക്കാക്കുന്നതായിരുന്നു യുപിഎ സർക്കാരിന്റെ കാലത്തും രീതി. ഓൾ ഇന്ത്യ ഉലമാ ആൻഡ് മുശാഇഖ് ബോർഡ് രൂപീകരിക്കപ്പെട്ടതുപോലും അങ്ങനെയൊരു പശ്ചാത്തലത്തിലാണ്. മീററ്റോ ബുലന്ദ്ഷഹരോ പടിഞ്ഞാറൻ യുപിയിലെ മറ്റേതെങ്കിലും മുസ്ലിം ഭൂരിപക്ഷ നഗരമോ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മുസ്ലിം സംഘടനകളാണ് ഇന്ത്യയിലെ മുസ്ലിങ്ങളെയാകെ പ്രതിനിധീകരിക്കുന്നതെന്നു കരുതുന്നതെങ്ങനെ- ഇവയൊക്കെയായിരുന്നു ഉയർത്തപ്പെട്ട ആക്ഷേപങ്ങൾ.

രാജ്യത്തെ 80 ശതമാനത്തോളം വരുന്ന സുന്നി-ഷിയാ മുസ്ലിം വിഭാഗങ്ങളുടെ പ്രതിനിധികളായിരുന്നില്ല സർക്കാരുകൾ ആശയവിനിമയം നടത്തിപ്പോന്നതായി പറയപ്പെട്ട മുസ്ലിം സംഘടനകളെന്നതിൽ സംശയമില്ല. സൂഫിസത്തിനു നാനാവിധ വേരുകളുള്ള രാജ്യത്ത് ആ ധാരകളുമായൊന്നും ആശയവിനിമയത്തിന് മതനിരപേക്ഷ പാർട്ടികളോ സർക്കാരുകളോ തയ്യാറായിട്ടില്ലെന്നതിനു കേരളത്തിൽവരെ ഉദാഹരണങ്ങൾ ധാരാളമുണ്ടുതാനും.

ബിജെപിയുമായി വരെ ആശയവിനിമയം നടത്താമെന്നു കരുതുന്ന സൂഫി- ഇസ്‌ലാം ധാരകൾ സജീവമായി ഉയർന്നുവരുന്ന കാഴ്ചയിലേക്ക് കേരളവും നടന്നടുക്കുകയാണ് ആലുവ സൂഫി സമ്മേളനത്തിലൂടെ. ലോകമാകെ നടമാടുന്ന സംഘർഷങ്ങളിൽ ഇസ്ലാം പ്രതിസ്ഥാനത്തു നിർത്തപ്പെടുകയും, അവയ്ക്കു മറുപടി പറയേണ്ടവരായി രാജ്യത്തെ ശരാശരി ഇസ്ലാം വിശ്വാസികളോരോരുത്തരേയും മതനിരപേക്ഷസമൂഹം തുറിപ്പിച്ചുനോക്കുകയും ചെയ്യുന്നത് കേരളത്തിലെയും യാഥാർഥ്യമാണ്. ഇന്ത്യയിലെ എല്ലാ വിഭാഗം മുസ്ലിങ്ങളും ഒരുമിച്ചനുഭവിക്കുന്നതാണ് ഈ പ്രതിസന്ധി.

ഈ പ്രതിസന്ധികൾ സൃഷ്ടിച്ചതിൽ മതനിരപേക്ഷ പാർട്ടികൾ ഒഴിച്ചിട്ട ശൂന്യതകൾ എന്തൊക്കെ വിധത്തിൽ കാരണമായിട്ടുണ്ടെന്ന ചർച്ചയും സൂഫി സമ്മേളനം ഒരുപക്ഷെ പുറത്തുയർത്തിയേക്കാം. എന്തായാലും, ഈ പ്രതിസന്ധികളെയും ശൂന്യതകളെയുമാണ് ബിജെപി സർക്കാരും സംഘപരിവാറും അഭിസംബോധന ചെയ്യുന്നതും സമർത്ഥമായി മുന്നോട്ടുകൊണ്ടുപോകുന്നതും.