പൊലീസിനെതിരെ പൊലീസ് വാട്ട്‌സപ്പില്‍ കലാപ ആഹ്വാനം: രമേശന്‍ നായര്‍ക്കെതിരെ അനങ്ങാതെ പൊലീസ്

അതേസമയം, പൊലീസിലെ സംഘപരിവാര്‍ അനുയായികളുടെ മുഴുവന്‍ പട്ടികയും അനൗദ്യോഗികമായി സര്‍ക്കാര്‍ തയ്യാറാക്കിയതായാണ് അറിയുന്നത്

പൊലീസിനെതിരെ പൊലീസ് വാട്ട്‌സപ്പില്‍ കലാപ ആഹ്വാനം: രമേശന്‍ നായര്‍ക്കെതിരെ അനങ്ങാതെ പൊലീസ്

ശബരിമലയിലെ പൊലീസ് നടപടിക്ക് എതിരെ കലാപ ആഹ്വാനം മുഴക്കിയ പോസ്റ്റ് വാട്ട്‌സപ്പില്‍ പ്രചരിപ്പിച്ച പൊലീസുകാരനെതിരെ നടപടി എടുക്കാതെ പൊലീസ്. രമേശന്‍ നായര്‍ എന്ന പൊലീസുകാരനാണ് സേനയ്‌ക്കെതിരെ പൊലീസിന്റെ തന്നെ വാട്ട്‌സപ്പ് ഗ്രൂപ്പില്‍ കലാപത്തിന് ആഹ്വാനം ചെയ്ത പോസ്റ്റിട്ടത്. പൊലീസുകാരാണ് ശബരിമലയില്‍ ആക്രമണം നടത്തിയത് എന്ന നിലയ്ക്കുള്ള പോസ്റ്റാണ് ഇയാള്‍ പ്രചരിപ്പിച്ചത്. മാക്‌സിമം ഷെയര്‍ ചെയ്യണം എന്ന് ആവശ്യപ്പെടുന്ന പോസ്റ്റായിരുന്നു ഇത്.

കലാപ ആഹ്വാനം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്തതാണ്. എന്നാല്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് പൂഴ്ത്തിയിരിക്കുകയാണ് എന്നാണ് സൂചന. എറണാകുളത്താണ് സംഭവം.

വ്യാജ പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നതിന് എതിരെ പൊലീസ് ശക്തമായ മുന്നറിയിപ്പുകള്‍ പൊതുജനങ്ങള്‍ക്ക് നല്‍കിയിരുന്നു. ഫേക്ക് പോസ്റ്റുകളുടെ പേരില്‍ നിരവധി കേസുകളും നിലവിലുണ്ട്. എന്നാല്‍, വ്യാജ പോസ്റ്റു ഷെയര്‍ ചെയ്ത സംഘപരിവാര്‍ അനുയായി ആയ പൊലീസുകാരനെ സംരക്ഷിക്കുന്നതിന് എതിരെ പ്രതിഷേധം ശക്തമാണ്.

അതേസമയം, പൊലീസിലെ സംഘപരിവാര്‍ അനുയായികളുടെ മുഴുവന്‍ പട്ടികയും അനൗദ്യോഗികമായി സര്‍ക്കാര്‍ തയ്യാറാക്കിയതായാണ് അറിയുന്നത്. ഇവരുടെ നീക്കങ്ങള്‍ സേന വിലയിരുത്തുകയാണ്. വിഭാഗിയ സ്വഭാവമുള്ള ഇത്തരക്കാരെ ശബരിമല ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കാനാണ് നീക്കം. ഇവരുടെ സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകള്‍ സസൂഷ്മം നിരീക്ഷിക്കുകയും റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട അക്രമികള്‍ക്ക് വേഗത്തില്‍ വിവരങ്ങള്‍ ലഭ്യമായത് ഇവര്‍ വഴിയാണോയെന്ന സംശയം ശക്തമാണ്.

പൊലീസിലെ സംഘപരിവാര്‍ അനുകൂലികള്‍ പ്രത്യേകം വാട്ട്‌സപ്പ് ഗ്രൂപ്പുണ്ടാക്കി പ്രവര്‍ത്തിക്കുന്നതായി വിവരം ലഭ്യമായിട്ടുണ്ട്. ശബരിമലയില്‍ അക്രമം നടത്തിയവരുമായി ഇവര്‍ക്ക് ബന്ധമുണ്ടോ എന്ന പരിശേധനകളും നടക്കുകയാണ്