അട്ടപ്പാടിയില്‍ മൂന്നാഴ്ച്ചക്കിടെ മൂന്നാമത്തെ ശിശുമരണം

അഗളി ചൂട്ടറ ഊരില്‍ മുരുകന്റേയും സുചിത്രയുടേയും മകള്‍ 21 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞാണ് ഞായറാഴ്ച്ച മരിച്ചത്. ഇത് അട്ടപ്പാടിയില്‍ മെയ് മാസത്തില്‍ മൂന്നാമത്തേയും ഈ വര്‍ഷത്തെ ആറാമത്തെ ശിശുമരണവുമാണ്.

അട്ടപ്പാടിയില്‍ മൂന്നാഴ്ച്ചക്കിടെ മൂന്നാമത്തെ ശിശുമരണം

അട്ടപ്പാടിയില്‍ മൂന്നാഴ്ച്ചക്കിടെ മൂന്നാമത്തെ ശിശുമരണം. ഞായറാഴ്ച്ച അഗളി ചൂട്ടറ ഊരില്‍ മുരുകന്റേയും സുചിത്രയുടേയും മകള്‍ 21 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞു മരിച്ചു. ഇതോടെ ഈ വർഷം അട്ടപ്പാടിയില്‍ മാത്രം ശിശുമരണ സംഖ്യ ആറായി.

കഴിഞ്ഞ മാസം ആറിന് കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആസ്പത്രിയിലായിരുന്നു മുരുകന്റേ കുഞ്ഞിന്റെ ജനനം. ജനിക്കുമ്പോള്‍ 2100 ഗ്രാം ഭാരമുണ്ടായിരുന്ന കുഞ്ഞിന് ശ്വാസതടസം അനുഭവപ്പെട്ടിരുന്നു. ഗര്‍ഭപാത്രത്തില്‍ വെച്ചു തന്നെ കുഞ്ഞിന് ശ്വാസം മുട്ടല്‍ അനുഭവപ്പെടുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കുഞ്ഞിനെ ശസ്ത്രക്രിയ നടത്തിയാണ് പുറത്തെടുത്തിരുന്നത്. പിന്നീട് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.

നിരവധി ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കിയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും അട്ടപ്പാടിയില്‍ ആന്തരിക വൈകല്യങ്ങളോടെയും തൂക്കകുറവോടെയും ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തില്‍ കുറവൊന്നും വന്നിട്ടില്ല.

ഈ മാസം ആറിനും അട്ടപ്പാടിയില്‍ ശിശുമരണം നടന്നിരുന്നു. ഷോളയൂര്‍ ഗൊഞ്ചിയൂര്‍ ഊരിലെ മുരുഗന- വരഗമ്പാടി ദമ്പതികളുടെ നാലു ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. ജനിക്കുമ്പോള്‍ 2.8 കിലോ തൂക്കമുണ്ടായിരുന്ന കുഞ്ഞ് തമിഴ്‌നാട്ടിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴാണ് മരിച്ചത്.


കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളിലും അട്ടപ്പാടിയില്‍ ശിശുമരണം നടന്നിരുന്നു. ഫെബ്രുവരി ഏഴിന് അഗളി പട്ടിമാളം ഊരിലെ വെള്ളങ്കിരിയുടേയും രാജമ്മയുടേയും നാലുമാസം പ്രായമുള്ള മകളും, ജനുവരി എട്ടിനു ഷോളയൂര്‍ കടമ്പാറ ഊരിലെ വീരമ്മയുടേയും ശെല്‍വന്റേയും അഞ്ചു മാസം പ്രായമുള്ള കുഞ്ഞും മരിച്ചിരുന്നു.