വൈപ്പിന്റെ തല തല്ലി പൊളിക്കുന്നത് ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിനു വേണ്ടി

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും അദാനി ഗ്രൂപ്പും ചേര്‍ന്ന് രൂപീകരിച്ച 'ഇന്ത്യന്‍ ഓയില്‍ - അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് (ഐഒഎജി)' എന്ന കമ്പനി കേരളത്തില്‍ കണ്ണ് നട്ട് കൊച്ചിയില്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. വൈപ്പിനിലെ സമരം അടിച്ചൊതുക്കുന്നത് മോദിയുടെ ചങ്ങാതിക്കു വേണ്ടിയെന്ന് വ്യക്തം

വൈപ്പിന്റെ തല തല്ലി പൊളിക്കുന്നത് ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിനു വേണ്ടി

വൈപ്പിനിലെ പൊലീസ് ഇടപെടല്‍ മുഖ്യമായും ന്യായീകരിക്കപ്പെടുന്നത് അത് ഒരു പൊതു മേഖലാ സ്ഥാപനമാണ് എന്ന് ചൂണ്ടിക്കാട്ടപ്പെട്ടുകൊണ്ടാണ്. എന്നാല്‍ ഇന്ത്യന്‍ പൊതുമേഖലാ എണ്ണക്കമ്പനികളുടെ ഗുണഭോക്താക്കള്‍ യഥാര്‍ത്ഥത്തില്‍ അദാനി ഗ്രൂപ് ഉള്‍പ്പെടെയുള്ള സ്വകാര്യ കോര്‍പറേറ്റ് എണ്ണ കമ്പനികളാണ്. ഏതു നിമിഷവും സ്വകാര്യവല്‍ക്കരിക്കപ്പെടാന്‍ ഇടയുള്ള, നിലവില്‍ അദാനിയുടെയും അംബാനിയുടെയും കോര്‍പ്പറേറ്റുകള്‍ ഗുണഫലം അനുഭവിച്ചു വരുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ എന്ന പൊതുമേഖലാ സ്ഥാപനത്തിന് വേണ്ടിയുള്ള പോരാട്ടമാണ് പോലീസും സംസ്ഥാന സര്‍ക്കാരും നടത്തുന്നത്.

അംബാനിയുടെയും അദാനിയുടെയും കോര്‍പറേറ്റ് കമ്പനിയുമായുള്ള സൗഹൃദം കൂടുതല്‍ ദൃഢമാക്കുന്നതിനിടെയാണ് വൈപ്പിന്‍ പ്ലാന്റുമായി കൂടുതല്‍ വേഗത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ മുന്നോട്ടു പോകുന്നത്. വൈപ്പിനിലെ പ്ലാന്റിനെ മുന്‍ നിര്‍ത്തി കേരളത്തില്‍ 5400 കോടിയുടെ നിക്ഷേപത്തിനാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഒരുങ്ങുന്നത്. ആറു ലക്ഷം മെട്രിക് ടണ്‍ കപ്പാസിറ്റിയുള്ള എല്‍പിജി ഇറക്കുമതി കേന്ദ്രമാണ് വൈപ്പിനില്‍ ഒരുങ്ങുന്നത്. ഭാരത് പെട്രോളിയത്തിന്റെ കീഴില്‍ 2,200 കോടി രൂപ മുടക്കില്‍ പാലക്കാട് ഒരു ബോട്ടിലിംഗ് പ്ലാനും ഒരുക്കുന്നുണ്ട്. കൊച്ചിയില്‍ നിന്നും തമിഴ്നാട്ടിലെ സേലത്തേക്ക് നീളുന്ന ഗ്യാസ് പൈപ്ലൈനിന്റെ അനുബന്ധമായാണ് പാലക്കാട് പ്ലാന്റ് പ്രവര്‍ത്തിക്കുക.

ഇത്രയധികം മുതല്‍മുടക്കില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് നിലവിലെ സാമ്പത്തിക സ്ഥിതിയനുസരിച്ച് പദ്ധതി മുഴുമിപ്പിക്കാന്‍ കഴിയുമോ എന്ന സംശയം ഇതിനോടകം തന്നെ പലരും പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പിലാക്കാനാണ് സാധ്യത. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും അദാനി ഗ്രൂപ്പും ചേര്‍ന്ന് രൂപീകരിച്ച 'ഇന്ത്യന്‍ ഓയില്‍ - അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് (ഐഒഎജി)' എന്ന കമ്പനി കേരളത്തില്‍ കണ്ണ് നട്ട് കൊച്ചിയില്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനുമായി ഉണ്ടാക്കിയിട്ടുള്ള വ്യവസ്ഥകള്‍ അനുസരിച്ച് വൈപ്പിന്‍ പ്ലാന്റില്‍ നിന്നും ഐഒഎജിക്ക് എളുപ്പത്തില്‍ എല്‍പിജി ലഭിക്കും.


ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് - എറണാകുളം പദ്ധതി രൂപരേഖ


ഐഒഎജിക്ക് കീഴില്‍ ഇന്ത്യയില്‍ ആസൂത്രണം ചെയ്തിരിക്കുന്ന ഏഴ് പദ്ധതികളില്‍ ഒന്ന് എറണാകുളത്താണ്. എറണാകുളം മരടില്‍ ഐഒഎജി ഓഫീസ് തുറന്നു പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇത് വൈപ്പിന്‍ പദ്ധതിയെ കൂടുതല്‍ ദുരൂഹമാക്കുന്നു.

മന്‍മോഹന്‍ സര്‍ക്കാര്‍ അധികാരത്തിലിരിക്കെ ആരംഭിച്ച പ്രത്യക്ഷ കൂട്ടുകച്ചവടം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനെ തുടര്‍ന്ന് ശക്തി പ്രാപിക്കുകയാണ്. 'ചങ്ങാത്ത മുതലാളിത്തത്തിന്റെ' ഉത്തമോദാഹരണമാണ് എണ്ണമേഖലയില്‍ നടക്കുന്നത്. രാജ്യത്തിന്റെ പൊതു സ്വത്തും പൊതുമേഖലയും സ്വകാര്യവല്‍ക്കരിക്കുകയും അത് കോര്‍പ്പറേറ്റുകള്‍ക്ക് തുറന്നുകൊടുക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ചങ്ങാത്ത മുതലാളിത്തം അഥവാ ക്രോണി ക്യാപിറ്റലിസം ഇന്ത്യയില്‍ അവതരിക്കുന്നത്.

ചങ്ങാത്ത മുതലാളിത്തം ഏറ്റവും വിജയകരമായി നടപ്പിലാക്കപ്പെടുന്നത് എണ്ണ മേഖലയിലാണ്. 1991ല്‍ നടപ്പിലാക്കിത്തുടങ്ങിയ ഉദാരവല്‍ക്കരണ നയങ്ങളുടെ ഭാഗമായി എണ്ണ മേഖല സ്വകാര്യമേഖലയ്ക്ക് വിട്ടുകൊടുത്തു. ഈ കാലഘട്ടത്തില്‍ ബോംബെ ഹൈ മേഖലയിലെ എണ്ണ ഉല്‍പാദനവുമായി ബന്ധപ്പെട്ട് 45 കോടി ഡോളറിനായ് ലോകബാങ്കിന് ഒരു അപേക്ഷ സമര്‍പ്പിച്ചു. ലോകബാങ്ക് ലോണ്‍ നല്‍കി. പക്ഷേ ഒരു നിബന്ധന വച്ചു: എണ്ണമേഖല സ്വകാര്യകമ്പനികള്‍ക്ക് തുറന്നു കൊടുക്കണം. അങ്ങനെയാണ് ഈ മേഖലയില്‍ സ്വകാര്യ വിദേശ കമ്പനികള്‍ രംഗത്തു വരുന്നത്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് വിലനിര്‍ണയാവകാശം കമ്പനികള്‍ക്ക് നല്കപ്പെട്ടതോടെ ഇത് ഏതാണ്ട് പൂര്‍ണമായി. പൊതു മേഖലയിലെ എണ്ണ സംഭരണത്തിന്റെയടക്കം ഗുണഭോക്താക്കള്‍ സ്വകാര്യ കമ്പനികളായി.

മന്മോഹന് പിന്നാലെ അധികാരത്തിലെത്തിയ നരേന്ദ്ര മോദിയും എണ്ണയുടെ കാര്യത്തില്‍ ഒട്ടും മോശക്കാരനല്ല. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തു തന്നെ സ്വകാര്യ എണ്ണക്കമ്പനികളെ സുഖിപ്പിക്കുന്ന കാര്യത്തില്‍ മോദി പേരെടുത്തിരുന്നു. ഗുജറാത്ത് സ്റ്റേറ്റ് പെട്രോളിയം കോര്‍പ്പറേഷനും റിലയന്‍സുമായുള്ള ഇടപാടുകളില്‍കൂടി 5000 കോടി രൂപ ഗുജറാത്ത് സര്‍ക്കാരിനു നഷ്ടമായെന്നാണ് സിഎജി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കൂടിയ വിലക്ക് പൊതുമേഖലാ സ്ഥാപനം വാങ്ങിയ പ്രകൃതി വാതകം കുറഞ്ഞ വിലയ്ക്ക് അദാനി ഗ്രൂപ്പിന് വിറ്റതിലൂടെ 70.54 കോടി രൂപ ഗുജറാത്ത് സര്‍ക്കാരിനുണ്ടായെന്നും 2012ലെ സിഎജി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നുണ്ട്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായിരിക്കെ കേരളത്തില്‍ നടപ്പിലാക്കപ്പെടുന്ന ഒരു പദ്ധതിക്ക് പൂര്‍ണമായും ഇടതുപക്ഷം പിന്തുണക്കുന്നത് കേരളത്തിലെ സിപിഐഎമ്മിനെ, ബംഗാളിലെ സിംഗൂര്‍ പാഠങ്ങള്‍ക്ക് സമാനമായ അവസ്ഥയില്‍ കൊണ്ടുചെന്നെത്തിക്കും.

എല്ലാ അര്‍ത്ഥത്തിലും ഈ പദ്ധതി ചെന്നു ചേരുന്നത് മോദിയുടെ കോര്‍പ്പറേറ്റ് ചങ്ങാതിമാര്‍ക്കാണെന്നിരിക്കെ, പൊലീസ് ലാത്തി വീശുന്നത് ആര്‍ക്കു വേണ്ടിയെന്ന് വ്യക്തം. ബിജെപിയും കേന്ദ്രസര്‍ക്കാരും പ്രതിക്കൂട്ടിലാകേണ്ട സംഭവത്തില്‍ ഏണിവെച്ച് സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് പിണറായി സര്‍ക്കാര്‍. ചങ്ങാത്ത മുതലാളിത്തത്തില്‍ പങ്കുപറ്റി കനത്ത നഷ്ടം വരുത്താനാണ് സിപിഐഎം ഒരുങ്ങുന്നത്.

Read More >>