മഹാരാജാസിലെ 'വര്‍ഗ്ഗീയ തുലയട്ടെ' എന്നെഴുതിയ ചുമര്‍ ചില്ലിട്ടു; ഇനി ഇത് അഭിമന്യു സ്മാരകം

കോളേജിന്റെ കിഴക്കേ ഗേറ്റില്‍ കൊലയാളികള്‍ പാതിരാത്രി പതുങ്ങിയെത്തി എഴുതിയതും അതിനു മുകളിലെ വര്‍ഗ്ഗീയത തുലയട്ടെ എന്ന ചുവരെഴുത്തുമാണ് ചരിത്രത്തിനായി ചില്ലിട്ടത്

മഹാരാജാസിലെ വര്‍ഗ്ഗീയ തുലയട്ടെ എന്നെഴുതിയ ചുമര്‍ ചില്ലിട്ടു; ഇനി ഇത് അഭിമന്യു സ്മാരകം

അഭിമന്യുവിനെ കൊന്നതിന് ക്യാംപസ് ഫ്രണ്ട് പെട്ടന്നുള്ള കാരണമായി പറയുന്ന ചുവരെഴുത്ത് ചില്ലിട്ട് ചരിത്ര സ്മാരകമാക്കി. അഭിമന്യുവിന്റെ ആദ്യ രക്തസാക്ഷി സ്മാരകം കൂടിയാവുകയാണ് ഈ മതിൽ. കോളേജിന്റെ കിഴക്കേ ഗേറ്റിന്റെ വലതു വശത്തുള്ള രണ്ടാമത്തെ പാളിയാണ് ചുവന്ന ഫ്രെയ്മിട്ട് വെള്ളം വീഴാത്ത വിധം റൂഫിട്ട് സംരക്ഷിച്ചത്. മതിലിനു മുഴുവനായി ചില്ലും ഇട്ടു.

കോളേജിന്റെ കിഴക്കേ ഗേറ്റിന്റെ ഇരുവശത്തുമുള്ള മതിലില്‍ മുഴുവനായി ക്യാംപസ് ഫ്രണ്ടിന്റെ പേരില്‍ പുറത്തു നിന്നെത്തിയ പോപ്പുലര്‍ ഫ്രണ്ട്- എസ്ഡിപിഐ പ്രവര്‍ത്തകര്‍ ചുമരെഴുതുകയായിരുന്നു. ക്യാംപസില്‍ നവാഗര്‍ എത്തുന്നതിനു മുന്‍പ്, ബോധപൂര്‍വ്വം പ്രശ്‌നമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെയാണ് ചുമരെഴുത്തെന്ന് മനസിലാകും. ചുമരെഴുതാന്‍ അറിയുന്നവരല്ല, കൊലയാളികള്‍ അതിനുള്ള രംഗം ഒരുക്കുന്നതിന്റെ ഭാഗമായാണ് ചുമര്‍ എഴുതിയതെന്നും വ്യക്തമാണ്. വളരെ കുറച്ചു മാത്രം വിദ്യാര്‍ത്ഥികളാണ് ഈ പിന്‍ഗേറ്റ് ഉപയോഗിക്കുന്നത്. കോളജിന്റെ പ്രധാന കവാടം സുബാഷ് പാര്‍ക്കിന് അടുത്താണ്. അവിടെ എസ്എഫ്‌ഐയാണ് നവാഗതരെ സ്വാഗതം ചെയ്ത് കവാടം ഒരുക്കുന്നത്. വിദ്യാര്‍ത്ഥികളല്ലാത്തവര്‍ കോളജ് മതിലില്‍ എഴുതാന്‍ പാതിരാത്രി വന്നതിനെയാണ് വിദ്യാര്‍ത്ഥികള്‍ എതിര്‍ത്തത്. നവാഗര്‍ എത്താന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കുമ്പോഴാണ് കൊലയാളികളുടെ സംഘം ചുവരെഴുതാനെന്ന പേരില്‍ എത്തിയത്. ഇവര്‍ സംഘടനയുടെ പേര് എഴുതിയതിനു മുകളില്‍ 'വര്‍ഗ്ഗീയത തുലയട്ടെ' എന്നെഴുതിയതിനാണ് കൂടുതല്‍ കൊലയാളികളെ വിളിച്ചു വരുത്തി കൊലപാതകം നടത്തിയത്.

അഭിമന്യു മഹാരാജാസ് സ്മാരക മതിലായി ഇവിടം സംരക്ഷിക്കാനാണ് തീരുമാനം. കോളേജിനുള്ളിൽ അഭിമന്യു സ്മാകരം സ്ഥാപിക്കാനും തയ്യാറെടുക്കുകയാണ് ക്യാപസ്. ക്രിയാത്മകമായി എന്തു സ്മാരകം നിര്‍മ്മിക്കും എന്ന ആലോചനയിലാണ് അഭിമന്യുവിന്റെ കൂട്ടുകാരും അധ്യാപകരും.


Read More >>