സഹകരണബാങ്കുകളില്‍ വായ്പാ കുടിശ്ശിക; ഒമ്പതുമാസത്തിനിടെ ജപ്തി നടപടികള്‍ക്കിരയായത് 10,880 പേര്‍

ഇതില്‍ ഭവന വായ്പ എടുത്തു കുടിശ്ശിക വരുത്തിയതുമൂലം 353 കുടുംബങ്ങള്‍ക്കെതിരെയാണ് ജപ്തി നടപടികള്‍ കൈക്കൊണ്ടതെന്നു സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഭവന വായ്പ കുടിശിക ഇനത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജപ്തി നടപടികള്‍ ഉണ്ടായത് തിരുവനന്തപുരം ജില്ലയിലാണ്. 149 കുടുംബങ്ങളാണ് തലസ്ഥാന ജില്ലയില്‍ ജപ്തിക്കിരയായത്. അതേസമയം, വായ്പ തീര്‍പ്പാക്കലിനു നവകേരളീയ കുടിശിക നിവാരണം-2017 എന്ന പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ പേര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ലെന്നാണ് ജപ്തി നടപടികള്‍ നേരിട്ടവരുടെ വലിയ കണക്ക് സൂചിപ്പിക്കുന്നത്.

സഹകരണബാങ്കുകളില്‍ വായ്പാ കുടിശ്ശിക; ഒമ്പതുമാസത്തിനിടെ ജപ്തി നടപടികള്‍ക്കിരയായത് 10,880 പേര്‍

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ജില്ലാ, സംസ്ഥാന സഹകരണ ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത് കുടിശ്ശിക വരുത്തിയവരില്‍ ജപ്തി നടപടികള്‍ക്കിരയായത് 10,880 പേര്‍. സഹകരണ ബാങ്കുകളില്‍ നിന്നും വിവിധ ആവശ്യങ്ങള്‍ക്കായി വായ്പയെടുത്ത് കുടിശ്ശിക വരുത്തിയതുമൂലം വസ്തു ജപ്തി ചെയ്യപ്പെട്ടവരുടെ കണക്കാണിത്. ഇതില്‍ ഭവന വായ്പ എടുത്തു കുടിശ്ശിക വരുത്തിയതുമൂലം 353 കുടുംബങ്ങള്‍ക്കെതിരെയാണ് ജപ്തി നടപടികള്‍ കൈക്കൊണ്ടതെന്നു സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഭവന വായ്പ കുടിശിക ഇനത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജപ്തി നടപടികള്‍ ഉണ്ടായത് തിരുവനന്തപുരം ജില്ലയിലാണ്. 149 കുടുംബങ്ങളാണ് തലസ്ഥാന ജില്ലയില്‍ ജപ്തിക്കിരയായത്. കോട്ടയം ജില്ലയില്‍ 82 കുടുംബങ്ങള്‍ക്കും കൊല്ലം ജില്ലയില്‍ 73 കുടുബങ്ങള്‍ക്കും ജപ്തിയിലൂടെ വസ്തു നഷ്ടമായി. കോഴിക്കോട് ജില്ലയില്‍ 28, പാലക്കാട്- 10, കണ്ണൂര്‍- 5, മലപ്പുറം, ആലപ്പുഴ-2, തൃശൂര്‍, ഇടുക്കി 1 വീതം എന്നിങ്ങനെയാണ് ഒമ്പതുമാസത്തിനിടെ ജപ്തി നടപടികള്‍ നേരിട്ടവരുടെ കണക്ക്. എന്നാല്‍, പത്തനംതിട്ട, എറണാകുളം, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ ആര്‍ക്കെതിരെയും ജപ്തി നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും കണക്കുകള്‍ പറയുന്നു.

അതേസമയം, ഭവനവായ്പയെടുത്തവരില്‍ നിലവില്‍ നിയമനടപടികള്‍ക്കു മുന്നോടിയായി നോട്ടീസ് അയച്ചിട്ടുള്ളത് 14,289 പേര്‍ക്കാണ്. ഇതില്‍ 8182 പേര്‍ക്കു നോട്ടീസ് ലഭിച്ച എറണാകുളം ജില്ലയാണ് മുന്നില്‍. കൊല്ലം ജില്ലയില്‍ 1418 പേര്‍ക്കും തിരുവനന്തപുരം ജില്ലയില്‍ 899 പേര്‍ക്കും പാലക്കാട് ജില്ലയില്‍ 863 പേര്‍ക്കും നിയമനടപടികള്‍ക്കു മുന്നോടിയായുള്ള നോട്ടീസ് അയച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ 740 പേര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. വെറും അഞ്ചുപേര്‍ക്കു മാത്രം നോട്ടീസ് ലഭിച്ച വയനാട് ജില്ലയാണ് ഈ ഗണത്തില്‍ ഏറ്റവും പിന്നില്‍.

മറ്റു ജില്ലകളില്‍ നോട്ടീസ് ലഭിച്ചവരുടെ കണക്ക് ഇപ്രകാരമാണ്. ഇടുക്കി- 499, കോട്ടയം- 495, തൃശൂര്‍- 314, കാസര്‍ഗോഡ്-275, ആലപ്പുഴ- 188, കണ്ണൂര്‍- 174, പത്തനംതിട്ട- 161, മലപ്പുറം-76 എന്നിങ്ങനെയാണ് നോട്ടീസ് അയച്ചിരിക്കുന്നതെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

അതേസമയം, വായ്പ തീര്‍പ്പാക്കലിനു നവകേരളീയ കുടിശിക നിവാരണം-2017 എന്ന പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ പേര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ലെന്നാണ് ജപ്തി നടപടികള്‍ നേരിട്ടവരുടെ വലിയ കണക്ക് സൂചിപ്പിക്കുന്നത്. ഈ പദ്ധതിപ്രകാരം വായ്പ എടുക്കുമ്പോള്‍ നിലവിലുള്ളതും ഇപ്പോഴുള്ളതുമായ പലിശ നിരക്കില്‍ ഏതാണോ കുറവ് അതു പ്രകാരമുള്ള പലിശ ഈടാക്കി ബാധ്യത തീര്‍പ്പാക്കാമെന്നാണ് വ്യവസ്ഥ.

ബാക്കിയുള്ള പലിശമുതലിനേക്കാള്‍ അധികരിക്കുകയാണെങ്കില്‍ പലിശ മുതലിനൊപ്പം ക്രമീകരിച്ച് വായ്പാ കണക്ക് അവസാനിപ്പിക്കാം. സഹകരണ ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത് വര്‍ഷങ്ങളായി തിരിച്ചടയ്ക്കാന്‍ കഴിയാതെ വലിയ തുക ബാധ്യത വന്നിട്ടുള്ളവര്‍ക്ക് ഈ പദ്ധതി മൂലം ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പിഴപ്പലിശ, നോട്ടീസ് ചാര്‍ജ്, മറ്റു ചെലവുകള്‍ എന്ന വായ്പകളെ അടിസ്ഥാനമാക്കി ഒഴിവാക്കി കൊടുക്കുമെന്നാണ് വാദം.

കൂടാതെ വായ്പാ തിരിച്ചടവ് പ്രോത്സാഹിപ്പിക്കാനായി വായ്പാ തുക ഈ പദ്ധതി കാലാവധിക്കുള്ളില്‍ ക്രമമായി അടച്ചുതീര്‍ക്കുന്നവര്‍ക്ക് ആകെ വായ്പയിലേക്ക് 2016-17 സാമ്പത്തിക വര്‍ഷം അടച്ച പലിശയുടെ 10 ശതമാനം തുക വരെ അവസാന തവണ അടയ്ക്കുമ്പോള്‍ ഇളവ് നല്‍കുമെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു.


Read More >>