കോട്ടയത്ത് 'മാണിലഡു' തിന്ന സഖാവേ, നോട്ടെണ്ണുന്ന മെഷീനെയും മുന്നണിയിലെടുക്കുമോ?

ഉമ്മന്‍ചാണ്ടി മന്ത്രി സഭയെ മറിച്ചിട്ട് ഇടതു പിന്തുണയോടെ മുഖ്യമന്ത്രിയാകാന്‍ മാണി ശ്രമിച്ചിരുന്നുവെന്നും അതിനുള്ള ശിക്ഷയാണ് മന്ത്രിക്കസേര തെറിച്ചതിലൂടെ കിട്ടിയതെന്നും കരുതുന്നവരുണ്ട്. ബിജെപിയോട് സഖ്യമുണ്ടാക്കി വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മാണി മത്സരിക്കാനും സാധ്യതയുണ്ട്- അധികാരത്തിനു വേണ്ടി ആരോടും കൂട്ടുകൂടാന്‍ തയ്യാറായ മാണിയുമായുള്ള ബന്ധം കോട്ടയത്ത് പരസ്യമാക്കിയതിലൂടെ സിപിഎം എന്താണ് ഉദ്ദേശിക്കുന്നത്?

കോട്ടയത്ത് മാണിലഡു തിന്ന സഖാവേ, നോട്ടെണ്ണുന്ന മെഷീനെയും മുന്നണിയിലെടുക്കുമോ?

മാണിയുമായി ഇനിയെന്തുമാകാം എന്നവിധം ബന്ധം കോട്ടയത്ത് പരസ്യപ്പെടുത്തി സിപിഎം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ സാധ്യമാകേണ്ടിയിരുന്ന ഈ പരസ്യ ബാന്ധവം പൊൡത് സോഷ്യല്‍ മീഡിയ. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിലെ കക്ഷിയായിരിക്കെ തന്നെ ഇടതു പാളയത്തിലേയ്ക്ക് ചേക്കേറാന്‍ ചില്ല തേടിയ മാണിയ്ക്ക് കിട്ടിയത് രാഷ്ട്രീയ ജീവിതത്തിലെ തീരാക്കളങ്കം- കോഴമാണിയെന്ന ഇരട്ടപ്പേര്. ബജറ്റ് വിറ്റു എന്ന ചരിത്രം ക്ഷമിക്കാത്ത ആരോപണം.

കളങ്കിതനായ ഈ വലതുപക്ഷക്കാരനെ സിപിഎം ചേര്‍ത്തു നിര്‍ത്തുന്ന സൂത്രവാക്യം ഏറെ നാളായി പിന്നണിയിലൊരുങ്ങുന്നുണ്ടായിരുന്നു. ഇടതുമുന്നണിയുടെ ഭാഗമായിരുന്ന പി.സി ജോസഫ് മാണി കോണ്‍ഗ്രസിലേയ്‌ക്കെത്തിയതു പോലും ആ നീക്കത്തിലെ കുഞ്ഞിച്ചുവടു മാത്രം.

കഴിഞ്ഞ മന്ത്രിസഭയില്‍ യുഡിഎഫുമായുള്ള അസ്വാരസ്യം തുടങ്ങിയത് മന്ത്രിസഭയിലെ രണ്ടാമനാരെന്നതിനെ ചൊല്ലി. അത് കുഞ്ഞാലിക്കുട്ടിയെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. ഉപമുഖ്യമന്ത്രിയാകണമെന്ന മോഹം പാലയില്‍ നിന്നു പുറപ്പെട്ടപ്പോഴേ യുഡിഎഫ് നുള്ളി. പകരം കിട്ടിയത് പി.സി ജോര്‍ജ്ജിന്റെ ചീഫ് വിപ്പ് സ്ഥാനം. പക്ഷെയത് മാണിക്കുള്ള പണിയായി പരിണമിച്ചു.

മുഖ്യമന്ത്രിയാകണമെന്ന പി.ടി ചാക്കോയുടെ അഭിലാഷം കാറപടത്തിലാണ് ഇല്ലാതായത്. അപകടസമയത്ത് കാറിലുണ്ടായിരുന്നത് ഭാര്യയാണേത്രേ എന്ന ഒറ്റ വരിയില്‍ പി.ടി ചാക്കോ ഇല്ലാതായി. കേരളകോണ്‍ഗ്രസ് ജനിച്ചു. പി.ടിയെ പോലെ മന്ത്രിമുഖ്യനാകണമെന്ന മോഹവും കുഞ്ഞാലിക്കുട്ടി തകര്‍ത്തു.

എന്നാല്‍പ്പിന്നെ മുഖ്യമന്ത്രിയാകാമെന്നായി മോഹം. കേവല ഭൂരിപക്ഷത്തില്‍ ഭരിക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ മിറിച്ചിടാനുള്ള അവസരമാണ് മുന്നില്‍. ജനവിരുദ്ധ സര്‍ക്കാരിനെ മറിച്ചിടാന്‍ മാണിക്ക് കൂട്ടുനിന്നാല്‍ ജനം കൂടെ നില്‍ക്കുമെന്നും തെരഞ്ഞെടുപ്പില്‍ ഒന്നിച്ചു മത്സരിക്കാമെന്നും സിപിഎം കരുതിയിട്ടുണ്ടാകും. സിപിഐയെ തഴഞ്ഞ് പുറത്തു കളഞ്ഞ് ഏക കമ്യൂണിസ്റ്റ് പാര്‍ട്ടിയായി മാറുകയുമാകാം.

എല്ലാം തകിടം മറിച്ചത് കോഴ ആരോപണമാണ്. ആരോപണം ഉന്നയിക്കപ്പെട്ടത് 2014 നവംബര്‍ രണ്ടിനായിരുന്നു. ആരും വലിയ ശ്രദ്ധകൊടുത്തില്ല. ഒരു ബാര്‍ മുതലാളിയുടെ കള്ള ആരോപണം എന്ന നിലയില്‍ തള്ളി. ആരോപണം ഏറ്റുപിടിക്കേണ്ട പ്രതിപക്ഷം മിണ്ടിയില്ല.പക്ഷെ കളിപൊളിച്ചത് ബാലകൃഷ്ണ പിള്ള. പുറത്തു വന്ന പിള്ളയുടെ ഫോണ്‍ കോളിലാണ് മാണിക്കെതിരെ പിന്നീട് അക്കമിട്ട ആരോപണങ്ങളൊന്നൊന്നായി പുറത്തു വന്നത്.

കോഴ വാങ്ങിയ മന്ത്രി മാണിയാണെന്ന് മനോരമ ന്യൂസ് അവറില്‍ ബിജു രമേശിന് സമ്മതിക്കേണ്ടി വന്നു. ആ മന്ത്രി മാണിയല്ല എന്നു പറയുമോ എന്ന നിലയിലുള്ള ചോദിയത്തിന് പറയില്ല എന്നു പറഞ്ഞ ബിജുവിന്റെ മറുപടി ഞെട്ടിപ്പിക്കുന്നതായിരുന്നു. ബിജു മാണിയെന്ന പേര് പറഞ്ഞില്ല. പക്ഷെ, ആ പേര് പുറത്തായി.

ബജറ്റ് വിറ്റു എന്ന അതീവ ഗൗരവമുള്ള ആരോപണം ഉയര്‍ന്നിട്ടും സിപിഎം അനങ്ങിയില്ല.

എന്നാല്‍ സോഷ്യല്‍ മീഡിയ അനങ്ങി. ആദ്യത്തെ പോസ്റ്റ് വന്നത് സംവിധായകന്‍ ആഷിഖ് അബു വക- അഷ്ടിക്ക് വകയില്ലാതെ കഷ്ടപ്പെടുന്ന നമ്മുടെ സാറിന് കുറച്ചു കോടികള്‍ നമ്മള്‍ നാട്ടുകാര് പിരിച്ചു കൊടുക്കണം. എന്റെ വക 500 രൂപ.ആ പോസ്റ്റ് കേരളം കണ്ട ഏറ്റവും വലിയ ജനകീയ പ്രതിരോധമായി മാറി. മന്ത്രി മാണിക്ക് സ്ഥാനം രാജിവെക്കേണ്ടതിലേയ്ക്ക് നീണ്ടു. ഒപ്പം കെ.ബാബുവും തെറിച്ചു.

രാജ്യം കണ്ട ശക്തമായ ഹാഷ് ടാഗ് വിപ്ലവമായിരുന്നു അത്. ആഷിക്കിന്റെ പോസ്റ്റിനടിയില്‍ മാധ്യമപ്രവര്‍ത്തകനായ വര്‍ഗ്ഗീസ് ആന്റണിയാണ് ഹാഷ്ടാഗ് ആദ്യമിട്ടത്. പിന്നീട് മാണിയുടെ പാലയിലെ വീട്ടിലേയ്ക്ക് മണിയോര്‍ഡറുകളിട്ടു. മാണിയുടെ കോഴ ഫണ്ടിലേയ്ക്ക് പിച്ചസമരം നടന്നു. ജനകീയ പ്രതിഷേധം ഉയര്‍ന്നിട്ടും സിപിഎം അനങ്ങിയില്ല.

ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നാടകമാണ് പിന്നീട് കണ്ടത്. മാണിയെ സഭയില്‍ കയറ്റില്ലെന്ന നാടകവും ലഡുവിതരണവും ജനത്തെ ഇളിഭ്യരാക്കി. മാണി ബജറ്റ് വിറ്റവനാണെന്ന ആരോപണം നിലനില്‍ക്കെയാണ് തിരഞ്ഞെടുപ്പ് വന്നത്- പാളിയത് സൂത്രങ്ങളായിരുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ താഴെയിറക്കി മുഖ്യമന്ത്രിയാക്കാന്‍ ശ്രമിച്ച മാണിക്ക് പോയത് സ്വന്തം മന്ത്രിക്കസേര. സിപിഎമ്മിനാകട്ടെ മാണിയ മുന്നണിയിലെടുക്കാനുമായില്ല.

മകന്‍ ജോസ് കെ. മാണി സോളാര്‍ കേസില്‍ ആരോപണവിധേയനായത് മറ്റൊരു തുണിയൂരി കേസായി.

മറ്റൊരു പദ്ധയിയുമുണ്ടായിരുന്നത്രേ. ജോസ് കെ. മാണിയെ കേന്ദ്രമന്ത്രിയാക്കി ബിജെപിയില്‍ ചേരുന്നതായിരുന്നു അത്. മോഡി അധികാരത്തില്‍ വരുകയും ന്യൂനപക്ഷങ്ങള്‍ അക്രമിക്കപ്പെടുകയും ചെയ്ത സംഭവങ്ങളോട് പ്രതികരണമില്ലാതെ മാണി പുലര്‍ത്തിയ മൗനം അത്തരത്തിലൊരു സമ്മതമായി വായിക്കുന്നവരുമുണ്ട്. കോഴ ആരോപണം ആര്‍ക്കും വേണ്ടാത്തവരാക്കി മാറ്റി.

കോഴ ആരോപണത്തിനു പിന്നില്‍ കോണ്‍ഗ്രസാണെന്ന കുറ്റപ്പെടുത്തല്‍ തന്നെയാണ് മാണി യുഡിഎഫില്‍ ചേരാതെ മാറി നിന്നതിനു പിന്നിലുണ്ടായിരുന്നതെന്നും വ്യക്തം.

മൂന്നാറിലെ ആര്‍ക്കും വേണ്ടാത്ത കുരിശിന് വിശുദ്ധപദവിയും ബാബറി മസ്ജിന്റെ സ്ഥാനവും കൊടുത്ത് സിപിഎം നടത്തിയ നീക്കം മാണിയോട് ബാന്ധവത്തിനുള്ള കളമൊരുക്കലായിരുന്നു എന്ന ആരോപണമാണ് ശരിവെയ്ക്കപ്പെടുന്നത്. ബിഷപ്പിനെ നികൃഷ്ടജീവിയെന്നു വിളിച്ചതിന് പാപ്പാത്തി ചോലയില്‍ ആരുടെയോ കുരിശ് സംരക്ഷിച്ച് പിണറായി വിജയന്‍ മാപ്പു പറഞ്ഞത്. ആ മാപ്പ് കത്തോലിക്കരുടെ പാര്‍ട്ടിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന മാണി കോണ്‍ഗ്രസിനോട് അകത്തേയ്ക്കു വരൂ എന്ന ക്ഷണം തന്നെയായിരുന്നുവെന്ന് കോട്ടയത്തെ കൂട്ടുകെട്ട് വ്യക്തമാക്കുന്നു.

ആര്‍എസ്എസിനെ ചെറുക്കാന്‍ ന്യൂനപക്ഷങ്ങളെ കൂടെ കൂട്ടുന്നു എന്ന സിദ്ധാന്തമൊക്കെ നിരത്താനുള്ള അവസരമായി വരാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെ സിപിഎം കാണുന്നുണ്ടാകാം. സ്ഥിരം തലവേദന സൃഷ്ടിക്കുന്ന സിപിഐയെ ഒഴിവാക്കുകയുമാകാം. മാത്രമല്ല കേരള കോണ്‍ഗ്രസും ലീഗും ഒപ്പമുണ്ടായാല്‍ ഭരണം നിലനിര്‍ത്തുകയുമാകാം.

കെ.എം മാണിയെ പാര്‍ട്ടി പരിപാടികളിലേയ്ക്ക് ക്ഷണിച്ച് പ്രവര്‍ത്തകര്‍ക്ക് നല്‍കിയ സന്ദേശം ഇപ്പോള്‍ കുറേക്കൂടി ഉറക്കെ കോട്ടയത്ത് നല്‍കിയിരിക്കുന്നു. ജില്ലാ പഞ്ചായത്തില്‍ കൂട്ടുകക്ഷി ഭരണം തുടങ്ങിയിരിക്കുന്നു. അതൊന്നും താനോ മകനോ അറിഞ്ഞിട്ടില്ലെന്ന് മാണി കൈമലര്‍ത്തുന്നു. സിപിഐക്ക് നേരെയുള്ള ഭീഷണിയായും ഈ ബന്ധത്തെ കാണുന്നവരുണ്ട്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി കക്ഷിചേരാനുള്ള മാണിയുടെ സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നു.

മത്സ്യത്തിന് വെള്ളമില്ലാതെയും ജീവിക്കാനാവും മാണിക്ക് ഭരണമില്ലാതെ പറ്റില്ലെന്നത്, അദ്ദേഹത്തെക്കുറിച്ചുള്ള കുറിക്കു കൊള്ളുന്ന കുറുക്കിയെഴുത്താണ്. 'തീട്ടം ചുമന്നാല്‍ ചുമക്കുന്നുവനും നാറും'- എന്നാണ് ഈ ബാന്ധവത്തെ കുറിച്ച് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ എസ്. ഹരികൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചത്- ഇതിലുമേറെ ലളിതമായി ഈ ബന്ധം വിശദീകരിക്കുന്നതെങ്ങനെ?