ഇവിടെ ഒന്നിനും ഒരു ലൈസന്‍സ് ഇല്ല; എവിടെ പാറകളുണ്ടോ അവിടെയുണ്ട് ക്വാറികള്‍

അനധികൃത ക്വാറികള്‍ക്ക് സ്വകാര്യ ഭൂമിയെന്നോ സര്‍ക്കാര്‍ ഭൂമിയെന്നോ ഒരു വ്യത്യാസവുമില്ല. ഇക്കഴിഞ്ഞ മാര്‍ച്ച് 31 വരെയാണ് അപൂര്‍വ്വം ചില ക്വാറികള്‍ക്ക് പഞ്ചായത്തിന്റേയും മറ്റും ലൈസന്‍സ് ഉണ്ടായിരുന്നത്. പരാതികള്‍ പെരുകിയതിനാലും കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയില്ലാത്തതിനാലും ഭൂരിഭാഗം ക്വാറികള്‍ക്കും ലൈസന്‍സ് പുതുക്കി കിട്ടിയിട്ടില്ല. എന്നാല്‍ ഒരു ലൈസന്‍സും ഇല്ലാതെയും ക്വാറികളുടെ പ്രവര്‍ത്തനം നടക്കുന്നുണ്ട്.

ഇവിടെ ഒന്നിനും ഒരു ലൈസന്‍സ്  ഇല്ല; എവിടെ പാറകളുണ്ടോ അവിടെയുണ്ട് ക്വാറികള്‍

പാലക്കാട് ജില്ലയില്‍ കരിങ്കല്ല് പൊട്ടിച്ചെടുക്കാന്‍ കഴിയുന്ന പറമ്പുകളോ, പാറകള്‍ നിറഞ്ഞ മലകളോ കണ്ടാല്‍ അതിനടുത്ത് വലിയ ബോര്‍ഡില്‍ സ്ഥാപിച്ച ഏതെങ്കിലും ക്രഷര്‍ യൂണിറ്റിന്റേയോ ക്വാറിയുടേയോ നെയിം ബോര്‍ഡ് കൂടി കാണും. ഇതിനു റോഡെന്നോ, ജനവാസ കേന്ദ്രമെന്നോ ചെറിയ ടൗണെന്നോ വ്യത്യാസമില്ല. ഇതുപോലെ നെയിം ബോര്‍ഡ് കാണാത്ത സ്ഥലം കാണുക അപൂര്‍വ്വമായിരിക്കും. അഥവാ കണ്ടില്ലെങ്കിലും കുറച്ചുകൂടി ഉള്‍ഭാഗത്തേക്കു കയറിപ്പോയാല്‍ അവിടേയും അനധികൃത ഖനനം നടത്തുന്ന ക്വാറികള്‍ കാണാം. ഇതിന് സ്വകാര്യ ഭൂമിയെന്നോ സര്‍ക്കാര്‍ ഭൂമിയെന്നോ വ്യത്യാസമില്ല.

ഇക്കഴിഞ്ഞ മാര്‍ച്ച് 31 വരെയാണ് അപൂര്‍വ്വം ചില ക്വാറികള്‍ക്ക് പഞ്ചായത്തിന്റേയും മറ്റും ലൈസന്‍സ് ഉണ്ടായിരുന്നത്. പരാതികള്‍ പെരുകിയതിനാലും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയില്ലാത്തതിനാലും ഭൂരിഭാഗം ക്വാറികള്‍ക്കും ലൈസന്‍സ് പുതുക്കി കിട്ടിയിട്ടില്ല. എന്നാല്‍ ഒരു ലൈസന്‍സും ഇല്ലാതെയും ക്വാറികളുടെ പ്രവര്‍ത്തനം നടക്കുന്നുണ്ട്.

2015 ജനുവരി 21 മുതല്‍ കേരള മൈനര്‍ മിനറല്‍ കണ്‍സക്ഷന്‍ റൂള്‍- 214 എന്ന നിയമം പ്രാബല്യത്തില്‍ വന്നിരുന്നു. 1967 ലെ കേരള മൈനര്‍ മിനറല്‍ കണ്‍സന്‍ഷന്‍ റൂള്‍ ഭേദഗതി ചെയതാണ് പുതിയ നിയമം വന്നത്. നിലവില്‍ ക്വാറികളും ജനവാസ കേന്ദ്രങ്ങളും തമ്മിലുള്ള ദൂരപരിധി 50 മീറ്റര്‍ ആണ്. ഇത് ഭേദഗതി ചെയ്ത് ക്വാറികളും ജനവാസ കേന്ദ്രങ്ങളും തമ്മില്‍ 300 മീറ്റര്‍ ദൂരപരിധിയാക്കാനായിരുന്നു നിയമം കൊണ്ട് പ്രധാനമായും ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ അത്തരം സുപ്രധാന കാര്യങ്ങളൊന്നും നിയമത്തില്‍ ഉള്‍പ്പെടുത്തിയില്ല. അന്നത്തെ നിയമത്തില്‍ പെര്‍മിറ്റ് കാലാവധി മാറ്റിയിരുന്നു. സ്വകാര്യഭൂമിയിലുള്ളവയുടെ പെര്‍മിറ്റ് മൂന്നു വര്‍ഷമായാണ് നിശ്ചയിച്ചിരുന്നത്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയോടെ മാത്രമേ 2015 മുതല്‍ ക്വാറികള്‍ക്ക് പെര്‍മിറ്റ് നല്‍കുകയുള്ളു എന്ന് അനുശാസിച്ചിരുന്നു. എന്നാല്‍ ഈ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വിരലിലെണ്ണാവുന്ന ക്വാറികള്‍ക്കു പോലും ജില്ലയിലില്ല.

ഒരു ക്വാറി പ്രവര്‍ത്തിക്കാന്‍ പഞ്ചായത്ത് ലൈസന്‍സ്, വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി, കൂടാതെ ജിയോളജി, പൊലൂഷന്‍, ഫയര്‍ ആന്‍ഡ് സേഫ്റ്റി, എക്‌സ്‌പ്ലോസീവ് തുടങ്ങിയ ലൈസന്‍സുകളും ആവശ്യമാണ്. എന്നാല്‍ ജില്ലയില്‍ ഭൂരിഭാഗം ക്വാറികള്‍ക്കും ഇതൊന്നുമില്ല. എല്ലാവിധ ലൈസന്‍സുകളും ഉണ്ടെന്ന് അവകാശപെട്ട് പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന പല വന്‍കിട ക്വാറികളുടേയും പ്രവര്‍ത്തനം നിര്‍ത്തിയ്ക്കാൻ അതാത് പഞ്ചായത്ത് ഭരണസമിതികള്‍ പരാതിയുടെ അടിസ്ഥാനത്തില്‍ സ്റ്റോപ്പ് മെമ്മോ നല്‍കല്‍ പതിവാണ്. എന്നാല്‍ ഇതിനു കടലാസു വില പോലും ക്വാറി ഉടമകള്‍ കല്‍പ്പിക്കാറില്ല.

ക്വാറികളില്‍ സ്‌ഫോടകവസ്തുക്കള്‍ ഒരു സുരക്ഷയും ഇല്ലാതെ സൂക്ഷിക്കുന്നത് പതിവാണ്. ഒരു സ്‌ഫോടനം ഉണ്ടായാല്‍ 100 മീറ്റര്‍ ചുറ്റളവില്‍ ഉള്ള ഒന്നും ബാക്കി കാണില്ല. ക്വാറികള്‍ക്ക് പഞ്ചായത്തില്‍ നിന്നും മറ്റും ലഭിക്കുന്ന ലൈസന്‍സിലും ഖനന രീതിയെ കുറിച്ചു പറയുന്നുണ്ട്. ഉളി കൊണ്ട് പാറ തുളച്ചു വെടി മരുന്ന് ഉപയോഗിച്ച് പാറ പൊട്ടിച്ചെടുക്കാനാണ് നിഷ്‌കര്‍ഷിക്കുന്നത്. എന്നാല്‍ വൈദ്യുതിയും റിമോട്ട് കണ്‍ട്രോളും ഉപയോഗിച്ചാണ് പലയിടത്തും ഖനനം. ഇതിന്റെ ശക്തിയില്‍ സമീപത്തെ വീടുകളുടെ ചുമരുകള്‍ക്ക് വിള്ളല്‍ വീണ് തകരുന്ന അവസ്ഥയുണ്ട്. പാറ കഷ്ണങ്ങളും മറ്റും തെറിച്ചുവീണ് പരിസരവാസികളുടെ ജീവനു തന്നെ അപകടം ഉണ്ടാകുന്ന സംഭവങ്ങളും ഉണ്ട്.

കുലുക്കല്ലൂര്‍ പഞ്ചായത്തില്‍ മാത്രം 15ലേറെ ക്വാറികളാണ് സര്‍ക്കാര്‍ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്നത്. നാട്ടുകാര്‍ ഇതിനെതിരെ പരാതിപ്പെട്ടിട്ടും ഒരു നടപടിയുമുണ്ടായില്ല. പേരിനു പോലും ഒരു ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്കു തിരിഞ്ഞു നോക്കിയില്ല. പട്ടാമ്പി താലൂക്കില്‍ ഇതുപോലെ 50ഓളം പരാതികളുണ്ട്. ഒറ്റപ്പാലം താലൂക്കില്‍ വീടുകള്‍ക്കും അങ്കണവാടികള്‍ക്കും സമീപവും നഗര പ്രദേശങ്ങളില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ ധാരാളമുണ്ട്.

അനങ്ങന്നടി, അമ്പലപ്പാറ, വാണിയംകുളം പഞ്ചായത്തുകളിലെ പത്തോളം ക്വാറിക്കള്‍ക്കെതിരെ പരിസ്ഥിതി സംഘടനകളും നാട്ടുകാരും മറ്റും സമരം തുടങ്ങിയിട്ട് നാളുകളേറെയായി. കൊല്ലങ്കോട്, മുതലമട, കഞ്ചിക്കോട് ഭാഗത്തും സമാനമായ അവസ്ഥയാണ്. കൂണു പോലെ നിരവധി ക്വാറികള്‍ മുളച്ചുപൊന്തിയിട്ടും പരാതിപ്പെട്ടാല്‍ കൂടി ഇതിനെതിരെ നടപടി ഉണ്ടാവാത്ത സ്ഥിതിയാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഉദ്യോഗസ്ഥരും ക്വാറി മാഫിയക്ക് ഒപ്പമായതിനാല്‍ പരാതിപ്പെടുന്നവരെ ഒറ്റപ്പെടുത്തി കള്ളക്കേസുകളില്‍ കുടുക്കുന്നതും പതിവാണ്.