പി സി ജോര്‍ജിന്റെ മണ്ഡലത്തില്‍ പാറമടകള്‍ വ്യാപകമെന്നു പരാതി; പ്രതികരിക്കുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുന്നതായും ആരോപണം

പാരിസ്ഥിതിക ദുര്‍ബല പ്രദേശത്തു പ്രവര്‍ത്തിക്കുന്ന പാറമടകളെക്കുറിച്ച് അറിയാമെങ്കിലും പി സി ജോര്‍ജ് വിഷയത്തില്‍ ഇടപെടുന്നില്ലെന്നു സിപിഐ (എം) സൈബര്‍ കമ്യൂണ്‍ എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ വന്ന പോസ്റ്റ് പറയുന്നു

പി സി ജോര്‍ജിന്റെ മണ്ഡലത്തില്‍ പാറമടകള്‍ വ്യാപകമെന്നു പരാതി; പ്രതികരിക്കുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുന്നതായും ആരോപണം

പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജിന്റെ മണ്ഡലത്തില്‍ വരുന്ന കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍ ഇളംകാട് പ്രദേശത്ത് പാറമമടകള്‍ വ്യാപകമാകുന്നതായി പരാതി. ഇതിനെതിരെ പ്രതികരിക്കുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുക്കുന്നതായും ആക്ഷേപമുണ്ട്. സിപിഐ(എം) സൈബര്‍ കമ്യൂണ്‍ എന്ന ഗ്രൂപ്പില്‍ സനിഷ് പി വി എന്നയാളാണ് ഈ പാറമടകളുടെ ഫോട്ടോകള്‍ സഹിതം ഈ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

പാരിസ്ഥിതിക ദുര്‍ബല പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന പാറമടകളെക്കുറിച്ച് അറിയാമെങ്കിലും പി സി ജോര്‍ജ് വിഷയത്തില്‍ ഇടപെടുന്നില്ലെന്ന് പോസ്റ്റ് പറയുന്നു. പാറമടകളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചില്ലെങ്കില്‍ കോട്ടയം, ഇടുക്കി ജില്ലകളിലായി പടര്‍ന്നു കിടക്കുന്ന ഒരു പ്രദേശം തന്നെ ഇല്ലാതാകുമെന്ന് പോസ്റ്റില്‍ ആരോപിക്കുന്നു.

പോസ്റ്റിലെ പ്രസക്ത ഭാഗങ്ങള്‍

ഈ കാണുന്ന ദൃശ്യങ്ങള്‍ കൂട്ടിക്കല്‍ വില്ലേജില്‍ കൂട്ടിക്കല്‍ പഞ്ചായത്തില്‍ ഇളംകാട് വല്യന്ത പ്രദേശങ്ങളാണ്. വാഗമണ്ണിന്റെ താഴ്‌വരയായ ഈ പ്രദേശം ഏറ്റവും പരിസ്ഥിതി ലോലമായ പ്രദേശമാണ്. ഇവിടെ നിന്ന് ഉത്ഭവിച്ചൊഴുകി വരുന്ന ജലം കൊണ്ടാണ് ഏകദേശം ഒന്ന് രണ്ട് താലൂക്കുകളില്‍ വെള്ളം പോലുമെത്തുന്നത്. ഇന്ന് ഇവിടെ പാറമടകളും ക്രഷര്‍ യൂണിറ്റുകളും കൊണ്ട് പരിസ്ഥിതി നശിക്കുന്ന സാഹചര്യമാണ്. ഇന്ന് ഈ മലകളും കുന്നുകളും സംരക്ഷിച്ചില്ലെങ്കില്‍ നാളെ ഇടുക്കി, കോട്ടയം ജില്ലകളില്‍ പടര്‍ന്നു കിടക്കുന്ന ഒരു മേഖല തന്നെ ഇല്ലാതാവും.

മാത്രമല്ല റോഡുകളും പാലങ്ങളും തകരും. ഇതില്‍ തന്നെ വിവരാവകാശ രേഖ പ്രകാരം ഈ മേഖലകളിലെ റോഡുകള്‍ക്ക് വഹിക്കാന്‍ പറ്റുന്ന ഭാരം 8.4 ടണ്‍ മാത്രമാണ് എന്ന് മനസിലാക്കാവുന്നതാണ്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞ ലോറിയുടെ തൂക്കം വേയ് ബ്രിഡ്ജില്‍ തൂക്കിയ സ്‌ളിപ്പും ഇതിന്റെ കൂടെ ഉണ്ട് . അവയുടെ തൂക്കം യഥാക്രമം 17645 ഉം 23150 ഉം ആണ്. അനുവദനീയമായതിനേക്കാള്‍ ഇരട്ടിയും രണ്ടിരട്ടിയും.മറ്റൊരു പ്രധാന വിഷയം എന്തെന്നാല്‍ ഇത് പൂഞ്ഞാര്‍ എംഎല്‍എ ശ്രീമാന്‍ പി സി ജോര്‍ജിന്റെ മണ്ഡലമാണ് എന്നതാണ്. അദ്ദേഹവും ഇടപെടുന്നില്ല എന്നത് സങ്കടകരമാണ്. അമിത ഭാരം കയറ്റി റോഡിലൂടെ മരണപ്പാച്ചില്‍ നടത്തുന്ന ടോറസ് ലോറികള്‍ക്കെതിരേ പ്രക്ഷോഭം സംഘടിപ്പിച്ച ടി ഐ നിസാര്‍ അടക്കമുള്ള ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ മുണ്ടക്കയം എസ്‌ഐ കള്ളക്കേസ് എടുത്തിരിക്കുകയാണ്.


Read More >>