മദ്യശാലാ നിരോധനത്തിൽ പെട്ട് വിഷു ആഘോഷം; വ്യാജവാറ്റും അനധികൃത മദ്യക്കടത്തും വ്യാപകമാവുന്നു

വിഷു വിപണി കൂടി ലക്ഷ്യമിട്ട് വ്യാജവാറ്റ് സംഘങ്ങൾ സജീവമായിട്ടുണ്ട്. സീസണായതിനാൽ തന്നെ കശുമാങ്ങ ഉപയോഗിച്ചുകൊണ്ടുള്ള വാറ്റ് മലയോര മേഖലയിൽ വ്യാപകമായി. സ്വന്തം ആവശ്യത്തിന് വേണ്ടി മാത്രം ഗാർഹിക മദ്യവാറ്റും വ്യാപകമാവുന്നുണ്ട്. കര്ണാടകത്തിൽ നിന്നുള്ള അനധികൃത മദ്യക്കടത്തിലും വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്.

മദ്യശാലാ നിരോധനത്തിൽ പെട്ട് വിഷു ആഘോഷം; വ്യാജവാറ്റും അനധികൃത മദ്യക്കടത്തും വ്യാപകമാവുന്നു

മദ്യശാലാ നിരോധനത്തിന്റെ പശ്ചാത്തലത്തിൽ വിഷു കൂടി എത്തുമ്പോൾ വ്യാജവാറ്റും അനധികൃത മദ്യക്കടത്തും വ്യാപകം. ഓണത്തേക്കാളേറെ പ്രാധാന്യത്തോടെ മലബാറിൽ ആഘോഷിക്കുന്നത് വിഷുവാണ്. വിഷുവോടനുബന്ധിച്ച് കോടിക്കണക്കിനു രൂപയുടെ മദ്യമാണ് ബെവ്കോ വില്പനശാലകളിലൂടെ സാധാരണയായി വിറ്റു പോകാറുള്ളത്.

ദേശീയ പാതയിലെ മദ്യനിരോധനം വടക്കൻ മലബാറിലെ പല പട്ടണങ്ങളെയും മദ്യനിരോധനത്തിന്റെ അവസ്ഥയിലേക്ക് എത്തിച്ചിരിക്കുകയാണ്. കാഞ്ഞങ്ങാട് നഗരത്തിലെ മുഴുവൻ വില്പനശാലകളും ബിയർപാർലറുകളും അടച്ചുപൂട്ടി. മിക്കയിടങ്ങളിലും പ്രദേശവാസികളുടെ സമരങ്ങൾ മൂലം വില്പനശാലകൾ മാറ്റിസ്ഥാപിക്കാനാവുന്നില്ല.

കേന്ദ്രഭരണ പ്രദേശമായ മാഹിയിലും മദ്യവില്പനശാലകൾ പാതിയായി കുറഞ്ഞു. ഇതും മലബാറിലെ മദ്യ ലഭ്യതയ്ക്ക് വലിയ കുറവുണ്ടാക്കിയിട്ടുണ്ട്. മാഹി ടൗണിൽ ഇപ്പോൾ രണ്ടു മദ്യശാലകൾ മാത്രമാണുള്ളത്. ചെറിയ വിസ്തൃതിയും ദേശീയ പാതയുടെ സാമീപ്യവും കാരണം മദ്യശാലകൾ മാറ്റി സ്ഥാപിക്കുന്ന പ്രവർത്തനം നിലച്ചിരിക്കുകയാണ്.


മാഹിയിലെ അടച്ചുപൂട്ടിയ മദ്യക്കടകൾ

മദ്യലഭ്യത കുറഞ്ഞതോടെ വ്യാജവാറ്റ് സംഘങ്ങൾ സജീവമായിട്ടുണ്ട്. സീസണായതിനാൽ തന്നെ കശുമാങ്ങ ഉപയോഗിച്ചുകൊണ്ടുള്ള വാറ്റ് മലയോര മേഖലയിൽ വ്യാപകമായി. സ്വന്തം ആവശ്യത്തിന് വേണ്ടി മാത്രം ഗാർഹിക മദ്യവാറ്റും വ്യാപകമാവുന്നുണ്ട്. ആയുധങ്ങൾക്കായി കഴിഞ്ഞ ദിവസം തലശേരി മേഖലയിൽ തിരച്ചിൽ നടത്തിയ പൊലീസ് സംഘം വ്യാജവാറ്റ് കേന്ദ്രം കണ്ടെത്തിയിരുന്നു.

ഉത്തര മലബാറിൽ കർണാടകത്തിൽ നിന്നുള്ള അനധികൃത മദ്യക്കടത്ത് വ്യാപകമാവുന്നുണ്ട്. മലയോര മേഖലയിൽ മുൻപ് വ്യാപകമായിരുന്ന പാക്കറ്റ് ചാരായം സജീവമാകുമെന്നും സൂചനയുണ്ട്. കഴിഞ്ഞ ദിവസം രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബദിയടുക്ക റേഞ്ച് എക്സൈസ് സംഘം നടത്തിയ തിരച്ചിലിൽ കർണാടകത്തിൽ നിന്നും ബൈക്കിൽ കടത്തുകയായിരുന്ന 180 മില്ലിയുടെ 20 കുപ്പി മദ്യം പിടിച്ചെടുത്തിരുന്നു.

വ്യാജവാറ്റ് - മദ്യക്കടത്ത് ലോബികളുടെ കിടമത്സരത്തിന്റെ ഫലമായി ചോർന്നു കിട്ടുന്ന വിവരം അനുസരിച്ച് മാത്രമാണ് എക്സൈസ് - പൊലീസ് വകുപ്പുകൾക്ക് നിയമലംഘനം പിടികൂടാൻ കഴിയുന്നത്. നേരിട്ട് നടത്തുന്ന പരിശോധനകൾ കാര്യക്ഷമമാവുന്നില്ലെന്ന ആരോപണവുമുണ്ട്.