നിയമം ചവിട്ടിത്താഴ്ത്തി നെല്‍വയലുകളില്‍ ഒരു നഗരമുയരുന്നു: നികത്തിയത് 45 ഏക്കര്‍ പാടം; വിജിലന്‍സ് റിപ്പോര്‍ട്ടിലും നടപടിയില്ല; നാരദ എക്‌സ്‌ക്ലുസീവ്‌

നെല്‍വയലുകളില്‍ ഒരു നഗരം തന്നെ തീര്‍ക്കാന്‍ രാഷ്ട്രീയ കക്ഷികളും ഉദ്യോഗസ്ഥരും ഒറ്റക്കെട്ട്, നിയമങ്ങള്‍ കാറ്റില്‍ പറത്തി 45 ഏക്കര്‍ നെല്‍വയലുകളില്‍ ഉയരുന്നത് 12 നില ഫ്‌ളാറ്റും രമ്യഹര്‍മ്മങ്ങളും. വിജിലന്‍സ് റിപ്പോര്‍ട്ടിലും നടപടിയില്ല. നാരദ ന്യൂസ് എക്‌സ്‌ക്ലുസീവ്‌

നിയമം ചവിട്ടിത്താഴ്ത്തി നെല്‍വയലുകളില്‍ ഒരു നഗരമുയരുന്നു: നികത്തിയത് 45 ഏക്കര്‍ പാടം; വിജിലന്‍സ് റിപ്പോര്‍ട്ടിലും നടപടിയില്ല; നാരദ എക്‌സ്‌ക്ലുസീവ്‌

ജനിച്ചിട്ടുപോലുമില്ലാത്തവരുടെ പേരിൽ പാലം പണിക്ക്‌ അനുമതി തേടി ജലസേചന വകുപ്പിന് അപേക്ഷ. വയലുകളിലേയ്ക്ക് നെല്ലും വിത്തും കൊണ്ടുപോകണം. അതാണ് ആവശ്യം. പേരും ഒപ്പും തീയതിയുമൊന്നുമില്ലെങ്കിലും അപേക്ഷ ന്യായമെന്ന് വകുപ്പുദ്യോഗസ്ഥർ തീരുമാനിച്ചു.

അപേക്ഷകർ തന്നെ സ്വന്തം ചെലവിൽ പാലം നിർമ്മിച്ചു. തുടർന്ന് പാടങ്ങൾ അവർ ഒന്നൊന്നായി നികത്തി. അങ്ങനെ പാലക്കാട് നഗരത്തില്‍ കല്‍മണ്ഡപത്തില്‍ മൂന്നു തവണ നെല്‍കൃഷി ഇറക്കിയിരുന്ന 45 ഏക്കർ നെല്‍വയൽ പ്രദേശം സഹ്യാദ്രി എന്ന ഹൗസിങ്‌ കോളനിയായി. ഉയരുന്നത് 12 നില ഫ്‌ളാറ്റും ബഹുനില രമ്യഹര്‍മ്മങ്ങളും.

പാലം നിര്‍മ്മിച്ചത് റിയല്‍ എസ്‌ററേറ്റ് മാഫിയയാണെന്ന് കണ്ടെത്തിയതോടെ വ്യാജ വ്യക്തികളുടെ പേരില്‍ നിര്‍മ്മിച്ച പാലം പൊളിച്ചുകളഞ്ഞ് ഇതിനു കൂട്ടുനിന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പേരില്‍ നടപടി സ്വീകരിക്കാന്‍ വിജിലന്‍സ് ശുപാര്‍ശ നല്‍കി. ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ച് രണ്ടു വര്‍ഷമായെങ്കിലും നടപടി ഒന്നുമായില്ല.

നെല്‍വയലുകളില്‍ ഒരു നഗരം ജനിക്കുന്നു

പാലക്കാട് നഗരത്തില്‍ കല്‍മണ്ഡപത്തില്‍ കുറച്ച് വര്‍ഷം മുമ്പുവരെ മൂന്നു തവണ നെല്‍കൃഷി ഇറക്കിയിരുന്ന വയലുകളില്‍ ഇന്ന് ഉയരുന്നത് 12 നില ഫ്‌ളാറ്റും രമ്യഹര്‍മ്മങ്ങളുമാണ്. കൃത്യമായി പറഞ്ഞാല്‍ അഞ്ഞൂറിലധികം വീടുകളുമായി 'സഹ്യാദ്രി കോളനി'യെന്ന പുതിയ നാമത്തില്‍ മറ്റൊരു പട്ടണമായി മാറിക്കൊണ്ടിരിക്കുകയാണ് ഇവിടം.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പുവരെ ഈ ഭാഗത്തെ വയലുകളില്‍ വിളഞ്ഞിരുന്നത് നൂറുമേനി നെല്ലായിരുന്നു. വര്‍ഷങ്ങളുടെ എണ്ണം കൃത്യമായി കിട്ടാന്‍ രണ്ടു കയ്യിലെ വിരലുകള്‍ പൂര്‍ണമായി എണ്ണേണ്ടിവരില്ല. അതിനിടെ ഇവിടെ ഒരു നഗരം പണിയാന്‍ പുതിയ നിയമമൊന്നും വന്നിട്ടില്ല. ഇവിടെ ' പുതിയ നഗരം' പണിയുന്നത് ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ്.

എല്ലാ റവന്യു രേഖകളിലും ഇപ്പോഴും ഇവിടെ നെല്‍വയലുകളാണ്. ഇവിടെ ജില്ലാ കലക്ടറുടേയും മറ്റു എല്ലാ അധികാരികളുടേയും മൂക്കിനു താഴെയാണ് എല്ലാ നിയമങ്ങളേയും അട്ടിമറിച്ചു നെല്‍വയല്‍ നികത്തി നഗരത്തിലെ പ്രമാണിമാര്‍ക്കു വേണ്ടി ഫ്‌ളാറ്റും വീടുകളും പണിയുന്നത്. ആരുണ്ടിവിടെ ചോദിക്കാന്‍ എന്ന വിധത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.

പണത്തിന് മുന്നില്‍ ചിലപ്പോഴെങ്കിലും നിയമത്തിന് കടലാസിന്റെ വില പോലുമില്ലെന്ന് ഇങ്ങിനെയാണ് നമുക്ക് മനസ്സിലാവുക. പാലക്കാട് നഗരത്തില്‍ നൂറുമേനി വിളവ് നല്‍കിയിരുന്ന 45 ഏക്കറിലധികം നെല്‍വയലുകളെ ഹൈവേ, നഗരങ്ങളില്‍ നിന്നായി വേര്‍തിരിച്ചു നിര്‍ത്തിയിരുന്നത് മലമ്പുഴയില്‍ നിന്ന് വെള്ളം എത്തിച്ചിരുന്ന കനാല്‍ ആയിരുന്നു. ഇവിടെ ഒരു പാലം വന്നാല്‍ പാടങ്ങള്‍ നികത്തി കോടികളുടെ റിയല്‍ എസ്‌റ്റേറ്റ് കച്ചവടം ചെയ്യാമെന്ന് കണ്ടെത്തിയ ഒരു റിയല്‍ എസ്‌റ്റേറ്റ് കമ്പനി ഇതിനായി മുന്നിട്ടിറങ്ങി.

വില്ലേജ് ഓഫീസര്‍ മുതല്‍ ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ വരേയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പഞ്ചായത്തും സഹായിച്ചതോടെ പാടം നികന്ന് പട്ടണം ഉയർന്നു. രാഷ്ട്രീയ പാര്‍ട്ടികളും ഉദ്യേഗസ്ഥരും ഒറ്റക്കെട്ട്. എല്ലാം അനധികൃതമാണെന്ന് കണ്ടെത്തിയിട്ടും നടപടിയില്ല. സംരക്ഷണവലയം തീർത്ത് രാഷ്ട്രീയഭേദമന്യേ നേതാക്കളും ഉദ്യോഗസ്ഥരും ഒറ്റക്കെട്ടായി രംഗത്തുണ്ട്.

പാലം പൊളിച്ചു നീക്കാനും അനുമതില്ലാതെ പണിയുന്ന ഫ്‌ളാറ്റുകളുടേയും വീടുകളുടേയും പണി നിര്‍ത്താനും, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും റിയല്‍ എസ്‌റ്റേറ്റ് കമ്പനിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാനും വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിട്ട് രണ്ടു വര്‍ഷമായി. ഒരു ഫലവുമില്ല. പഴയ സര്‍ക്കാരും പുതിയ സര്‍ക്കാരും നടപടി എടുത്തിട്ടില്ല.

തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ച് പാടം നികത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും സ്ഥലം മുറിച്ച് വില്‍പ്പന നടത്തുകയും ചെയ്ത റിയല്‍ എസ്റ്റേറ്റ് കമ്പനി ലാന്‍ഡ് ലിങ്ക്‌സ് കമ്പനിക്കെതിരെ നടപടിയെടുക്കണമെന്ന് വിജിലൻസ് ആവശ്യപ്പെട്ടിരുന്നു. ഒത്താശ ചെയ്ത ഉദ്യോഗസ്ഥർക്കെതിരെയും. രണ്ടു വര്‍ഷമായിട്ടും നടപടിയില്ല.

ഇവിടെ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെപ്പിക്കാന്‍ മരുത റോഡ് പഞ്ചായത്തിന് വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. കൃഷിഭൂമി പൂര്‍വ്വ സ്ഥിതിയിലാക്കണമെന്നും അവശേഷിക്കുന്ന ഭൂമിയിൽ തൽസ്ഥിതി തുടരണമെന്ന നിർദ്ദേശവും അംഗീകരിക്കപ്പെട്ടില്ല.

പാടങ്ങള്‍ നികത്തിയ സ്ഥലത്ത് മനോഹരമായ ടാര്‍ റോഡ് നിര്‍മ്മിച്ചുകൊടുത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കാനുള്ള വഴികളാണ് പഞ്ചായത്ത് ചെയ്തത്.

ജനിക്കാത്തവരുടേയും ജീവിച്ചിരിക്കാത്തവരുടേയും പേരില്‍ പാലത്തിന് അപേക്ഷ

ബഹുമാനപ്പെട്ട എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ക്ക് ബോധിപ്പിക്കുന്ന അപേക്ഷ,

സര്‍, ഞങ്ങളുടെ കല്‍മണ്ഡപം- മണലി ബൈപാസ് റോഡില്‍ മലമ്പുഴ കനാലിനോട് ചേര്‍ന്നുകിടക്കുന്ന മരുതറോഡ് പഞ്ചായത്തിന് കീഴില്‍ വരുന്ന റി സര്‍വ്വേ 74/3, 73/8, 74/1 തുടങ്ങിയ നമ്പറുകളില്‍ ബ്ലോക്ക് 38 ല്‍ പ്പെട്ട സ്ഥലത്ത് കൃഷി ആവശ്യത്തിനായി ട്രാക്ടര്‍, ലോറി, എന്നിവ വന്നു പോകേണ്ട ആവശ്യത്തിന് മലമ്പുഴ ഇറിഗേഷന്‍ കനാലിന് കുറുകെ ഗതാഗതം നടത്തുന്നതിന് അഞ്ചു മീറ്റര്‍ വീതിയില്‍ കുറയാത്ത ഒരു കോണ്‍ക്രീറ്റ് പാലം ആവശ്യമായി വന്നിരിക്കുന്നു.'

ഇതാണ് പാലത്തിനു വേണ്ടി എട്ടുപേര്‍ ഒപ്പിട്ടു നൽകിയ അപേക്ഷ. പാലം സ്വന്തം ചെലവില്‍ പണിയാന്‍ തയ്യാറാണെന്നും അപേക്ഷയില്‍ കാണിച്ചിരുന്നു. അപേക്ഷരായി എട്ടു പേരാണ് ഉണ്ടായിരുന്നതെങ്കിലും ആരുടേയും പൂര്‍ണ വിലാസം അപേക്ഷയില്‍ ഉണ്ടായിരുന്നില്ല.

അപേക്ഷയിലെ രണ്ടാം നമ്പര്‍ വ്യക്തി പേരെഴുതിയിട്ടില്ലെങ്കിലും ഒപ്പ് ഇട്ടിട്ടുണ്ട്. മൂന്നാമത്തെ വ്യക്തി ഒപ്പിടാതെ തമിഴില്‍ വസുമതിയമ്മാള്‍ എന്നു മാത്രം എഴുതിയിരുന്നു. ആറാമത്തെ വ്യക്തിയുടെ ഒപ്പും പേരും മനസിലാകാത്ത വിധത്തിലാണ് ഇട്ടിരുന്നത്.

അപേക്ഷയില്‍ തീയ്യതിയോ സ്ഥലമോ വെച്ചിരുന്നില്ല. ഒറ്റനോട്ടത്തില്‍ തന്നെ വ്യാജ വിലാസമാണെന്ന് തിരിച്ചറിയാന്‍ കഴിയുന്ന ഈ അപേക്ഷയിലാണ് പാലത്തിന് അനുമതി നല്‍കാൻ ഇറിഗേഷന്‍ വകുപ്പിലെ എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ തീരുമാനമെടുത്തത്.

പിന്നീട് നടന്ന വിജിലന്‍സ് അന്വേഷണത്തില്‍ അപേക്ഷകരുടെ പേരുകളെല്ലാം വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.

പാലം നിർമ്മാണം പൂർത്തിയാതോടെ വില്ലേജ് രേഖകളില്‍ പാടം കരഭൂമിയായി

പാലത്തിന് അപേക്ഷ എന്നാണ് കൊടുത്തതെന്ന് അപേക്ഷയില്‍ ഇല്ലെങ്കിലും 04- 01- 2006 ന് പാലത്തിന്റെ അപേക്ഷ എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അസി: എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ക്ക് ഫോര്‍വേഡ് ചെയ്തതായി രേഖയിലുണ്ട്.

2006 ല്‍ തന്നെ മലമ്പുഴ കനാലിനു മുകളില്‍ പാലം പണി പൂര്‍ത്തിയായി. ഇതോടെ ഈ ഭാഗത്തെ വയലുകളില്‍ ചെയ്തു വന്നിരുന്ന നെല്‍കൃഷി നിലച്ചു. പകരം പാടങ്ങള്‍ നികത്തി കെട്ടിടങ്ങള്‍ ഉയരാന്‍ തുടങ്ങി. ഇതിനായി നെല്‍വയലുകളിലേക്ക് പാലം നിര്‍മ്മിച്ച റിയല്‍ എസ്റ്റേറ്റ് കമ്പനിക്ക് സ്ഥലം വില്ലേജ് ഓഫീസറുടെ സഹായവും വേണ്ടുവോളം കിട്ടി.

ബിടി രജിസ്ട്രറിലും ഡേറ്റ ബാങ്കിലും അന്നുവരെ നെല്‍കൃഷി ചെയ്യുന്ന പാടം എന്നു രേഖപ്പെടുത്തിയിരുന്നത് തിരുത്തി കരഭൂമിയാണെന്നും പുരയിടം നില്‍ക്കുന്ന സ്ഥലമാണെന്നും കാണിച്ച് അന്നത്തെ മരുത റോഡ് വില്ലേജ് ഓഫീസര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി.

വില്ലേജ് ഓഫീസറില്‍ നിന്ന് ഈ സര്‍ട്ടിഫിക്കറ്റ് കിട്ടിയതോടെ നെല്‍വയലുകള്‍ നികത്തി വില്‍ക്കാനും പുരയിടങ്ങള്‍ വെച്ചുവില്‍ക്കാനുമുള്ള ജോലികള്‍ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ലാന്‍ഡ് ലിങ്ക്‌സ് തുടങ്ങി. രേഖകള്‍ തിരുത്തിയതിന് അന്നത്തെ മരുത റോഡ് വില്ലേജ് ഓഫീസര്‍ ടി പി സഞ്ജയനാണെന്ന് വിജിലന്‍സ് കണ്ടെത്തി ശിക്ഷാ നടപടികള്‍ക്ക് ശുപാര്‍ശ നല്‍കിയിരുന്നു.

പാലം നിര്‍മ്മിച്ചത് 12 ഇന നിബന്ധനകളോടെ

വ്യാജ വ്യക്തികളുടെ പേരില്‍ പാലം നിര്‍മ്മിക്കാന്‍ അപേക്ഷ നല്‍കിയെങ്കിലും ചില നിബന്ധനകള്‍ അവരുമായി മലമ്പുഴ ഇറിഗേഷന്‍ വകുപ്പ് ഉണ്ടാക്കിയിരുന്നു.

പാലം നിര്‍മ്മാണത്തിന് വേണ്ട മുഴുവന്‍ തുകയും അപേക്ഷകര്‍ വഹിക്കണം, നിര്‍മ്മാണം കഴിഞ്ഞാല്‍ പാലം സര്‍ക്കാരിലേക്കു ചേരുന്നതും അപേക്ഷകന് യാതൊരു അവകാശവും ഇല്ലാത്തതും പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ പാലം എന്ന നിലയില്‍ എല്ലാ അവകാശവും ഉണ്ടായിരിക്കും എന്നൊക്കെയുള്ള 12 ഇന നിബന്ധനകളാണ് വെച്ചിരുന്നത്.

ഈ ഉപാധികളുടെ അടിസ്ഥാനത്തില്‍ 01.06.2006 ല്‍ 50 രൂപ മുദ്രപത്രത്തില്‍ ഒരു എഗ്രിമെന്റ് അപേക്ഷകരുമായി ഇറിഗേഷന്‍ വകുപ്പ് ഉണ്ടാക്കിയിരുന്നു. എന്നാല്‍ വിവരാവാകാശ പ്രകാരം ഈ എഗ്രിമെന്റ് കോപ്പിയുടെ പകര്‍പ്പിന് അപേക്ഷിച്ചപ്പോള്‍ അത് കാണാനില്ലെന്നായിരുന്നു മറുപടി ലഭിച്ചത്. പാലം വന്നതോടെ നെല്‍വയലുകളിലെ കൃഷി പൂര്‍ണമായും നിലച്ചു. വയലുകള്‍ നികത്തി കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതോടെ ഇതിനെതിരെ പരാതികള്‍ ഉയരാന്‍ തുടങ്ങി.

പൊതുപ്രവര്‍ത്തകനായ ഹംസ ചെമ്മാനം 2008 മുതല്‍ 2013 വരെ അന്നത്തെ ജില്ലാ കലക്ടര്‍ക്കു പരാതി നല്‍കിയെങ്കിലും പ്രയോജനമൊന്നും ഉണ്ടായില്ല. 2013 ആഗസ്റ്റ് 24 ന് ജില്ലാതല വിജിലന്‍സ് കമ്മിറ്റിയില്‍ പരാതി നല്‍കിയതോടെയാണ് അന്വേഷണം തുടങ്ങിയത്.

പാലം പൊളിക്കാനും ഉദ്യോഗസ്ഥര്‍ക്കും റിയല്‍ എസ്‌റ്റേറ്റ് കമ്പനിക്കുമെതിരെ നടപടി സ്വീകരിക്കാനും വിജിലന്‍സ് ശുപാര്‍ശ

പാലക്കാട് വിജിലന്‍സ് സിഐ ഫിറോസ് എം ഷഫീഖിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തി നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഉദ്യോഗസ്ഥരും റിയല്‍ എസ്‌റ്റേറ്റ് മാഫിയയും തമ്മിലുള്ള വന്‍ തട്ടിപ്പ് പുറത്തു കൊണ്ടുവന്നത്. 2014 ഫെബ്രുവരി 18 നാണ് വിജിലന്‍സ് പരിശോധന നടത്തിയത്. വ്യാജ വ്യക്തികളുടെ പേരില്‍ പാലത്തിന് അപേക്ഷ നല്‍കിയത് ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിയാണെന്നും ഇതിന് ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നതായും വിജിലന്‍സ് കണ്ടെത്തി.

കാര്‍ഷിക ആവശ്യത്തിനെന്ന പേരില്‍ നിര്‍മ്മിച്ച പാലം പൊളിച്ചുകളയുകയോ, അടച്ചിടുകയോ ചെയ്യണമെന്നും വിജിലന്‍സ് ശുപാര്‍ശ ചെയ്തു. പാലത്തിന്റെ അനധികൃത നിര്‍മ്മാണത്തിന് ഒത്താശ ചെയ്ത മലമ്പുഴ ജലസേചന പദ്ധതിയിലെ അന്നത്തെ അസി. എന്‍ജിനീയര്‍ സോമസുന്ദരന്‍, പാടം നികത്തി കെട്ടിടം പണിയാന്‍ വ്യാജ കൈവശാവകാശ രേഖ തരപ്പെടുത്തി കൊടുത്ത അന്നത്തെ മരുത റോഡ് വില്ലേജ് ഓഫീസര്‍ ടി പി സജ്ഞയന്‍ എന്നിവര്‍ക്കതിരെ വകുപ്പു തല നടപടിക്കും വിജിലന്‍സ് ശുപാര്‍ശ ചെയ്തു.

ലാന്‍ഡ് ലിങ്ക്‌സ് ഡെവലപ്പേഴ്‌സിന്റെ പേരില്‍ ഉടമ കെ എസ് സേതുമാധവന്‍ ഇവിടെ നിര്‍മ്മിക്കുന്ന ഫ്‌ളാറ്റിന്റെ പെര്‍മിറ്റ് റദ്ദാക്കി മരുത റോഡ് പഞ്ചായത്ത് നിയമാനുസൃത നടപടി സ്വീകരിക്കണമെന്നും വിജിലന്‍സ് ഉത്തരവിട്ടു.

വിജിലന്‍സ് ശുപാര്‍ശയിലും സര്‍ക്കാര്‍ നടപടിയില്ല

രണ്ടു വര്‍ഷം മുമ്പ് മാര്‍ച്ചിലാണ് നടപടികള്‍ക്കു ശുപാര്‍ശ ചെയ്തുകൊണ്ട് വിജിലന്‍സ് ഉത്തരവിട്ടത്. എന്നാല്‍ രണ്ടു വര്‍ഷമായിട്ടും സര്‍ക്കാര്‍ ഇതില്‍ നടപടി സ്വീകരിച്ചിട്ടില്ല. മാത്രമല്ല അനധികൃതമായി നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയുകയും ചെയ്തില്ല.

റോഡ് ടാര്‍ ചെയ്യലും ഈ കൃഷിഭൂമിയില്‍ പണിയുന്ന വീടുകള്‍ക്ക് കെട്ടിട നമ്പര്‍ ഇട്ടു അധികൃതമാക്കാനും പഞ്ചായത്ത് മുന്നിലുണ്ട്.

ലോകായുക്തയ്ക്കും മൗനം

വിജിലന്‍സ് ശുപാര്‍ശയില്‍ സര്‍ക്കാര്‍ നടപടി ഇല്ലാതായതോടെ ഇത് സംബന്ധിച്ച് മാസങ്ങള്‍ക്ക് മുമ്പ് ലോകായുക്തയിലും പരാതി പോയിരുന്നു. എന്നാല്‍ ഒരു നടപടിയും ആയിട്ടില്ല.

വിജിലന്‍സ് നടപടിക്ക് ശുപാര്‍ശ ചെയ്ത ഉദ്യോഗസ്ഥരെല്ലാം ഇപ്പോഴും സര്‍ക്കാര്‍ സര്‍വീസില്‍ ഉണ്ട്. ഇവര്‍ക്കെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. റിയല്‍ എസ്റ്റേറ്റ് കമ്പനി ഉടമക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കാന്‍ വിജിലന്‍സ് ജില്ലാ കലക്ടറോട് ശുപാര്‍ശ ചെയ്‌തെങ്കിലും അതിലും ഒന്നും ആയില്ല. ഇതേ ഉടമസ്ഥന്‍ ഇപ്പോഴും അവിടെ 12 നില ഫ്‌ളാറ്റ് നിര്‍മ്മാണം പൂര്‍ത്തികരിച്ചുകൊണ്ടിരിക്കുന്നുണ്ട്.

Read More >>