റാണിപുരത്ത് പിടിമുറുക്കി റിയൽ എസ്റ്റേറ്റ് - ടൂറിസം മാഫിയകൾ; അതീവപരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശത്തെ നിയമലംഘനത്തിന് നേരെ കണ്ണടച്ച് സ്ഥലം എംഎൽഎ കൂടിയായ റവന്യൂ മന്ത്രി

കുന്നിടിച്ച് നിരത്തിയ ഭൂമിയിൽ ഹോട്ടലുകളും റിസോർട്ടുകളും പണിയാനാണ് നീക്കം. പരാതികളുയർന്ന സാഹചര്യത്തിൽ ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം തഹസില്‍ദാര്‍ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. നിയമലംഘനങ്ങൾ അക്കമിട്ടു നിരത്തുന്ന റിപ്പോർട്ടിന്മേൽ തുടര്‍ നടപടി സ്വീകരിക്കുന്നതിനായി പനത്തടി ഗ്രാമപഞ്ചായത്ത്, ജില്ലാജിയോളജി വകുപ്പ് എന്നിവർക്കും അനധികൃത പാർക്കിങ്ഗ്രൗണ്ട് സംബന്ധിച്ച് നടപടിയെടുക്കാനായി മോട്ടോര്‍ വാഹന വകുപ്പിനും കളക്ടർ നിർദേശം നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.

റാണിപുരത്ത് പിടിമുറുക്കി റിയൽ എസ്റ്റേറ്റ് - ടൂറിസം മാഫിയകൾ; അതീവപരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശത്തെ നിയമലംഘനത്തിന് നേരെ കണ്ണടച്ച് സ്ഥലം എംഎൽഎ കൂടിയായ റവന്യൂ മന്ത്രി

റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ മണ്ഡലത്തിലെ അതീവ പരിസ്ഥിതി പ്രാധാന്യവും ടൂറിസം സാധ്യതകളുമുള്ള റാണിപുരത്ത് കുന്നിടിച്ച് അനധികൃത നിർമാണപ്രവർത്തനങ്ങൾ നടക്കുന്നു. നിരവധി തവണ പരാതിപ്പെട്ടിട്ടും റവന്യൂ വകുപ്പ് കാര്യക്ഷമമായ നടപടികൾ കൈക്കൊള്ളുന്നില്ലെന്നെന്ന ആക്ഷേപവും ഉയരുന്നു. റാണിപുരത്തിന്റെ വിനോദസഞ്ചാരസാധ്യതകൾ തിരിച്ചറിഞ്ഞുകൊണ്ടാണ് റിയൽഎസ്റ്റേറ്റ് - ടൂറിസം ലോബികൾ ഇവിടേക്ക് എത്തുന്നത്. സഹ്യപർവ്വതത്തിലെ അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ഭാഗമണ്ഡല വനപ്രദേശത്തിലാണ് റാണിപുരം സ്ഥിതി ചെയ്യുന്നത്. കേരളത്തിന്റെയും കുടകിന്റെയും ഇടയിലുള്ള വനമേഖലയായതിനാൽ തന്നെ പ്രകൃതി ഭംഗിയേറെയുള്ള ഇവിടേക്ക് ഏറെ വിനോദസഞ്ചാരികളും ഇവിടെയെത്തുന്നുണ്ട്.

റാണിപുരം വനത്തോട് ചേർന്ന് സഞ്ചാരികൾ കടന്നുപോകുന്ന വഴിയിൽ വ്യാപകമായി കുന്നുകൾ ഇടിച്ച് നിരത്തുന്നുണ്ട്. ഇത്തരത്തിൽ നിരത്തിയെടുത്ത ഭൂമിയിൽ സ്വകാര്യവ്യക്തി ഒരു അനധികൃത പാർക്കിങ് ഗ്രൗണ്ടും നടത്തിവരുന്നുണ്ട്. അനധികൃതമായി നികത്തിയ ഭൂമിയിൽ പഞ്ചായത്തിന്റെയോ ആർടിഒയുടെയോ അനുമതിയില്ലാതെയാണ് പാർക്കിങ് ഗ്രൗണ്ട് പ്രവർത്തിക്കുന്നത്. ഇരുപതു രൂപമുതലാണ് പാർക്കിംഗ് ഫീസായി ഈടാക്കുന്നതെന്നും പല തവണ പരാതി നൽകിയിട്ടും അധികൃതർ കാര്യക്ഷമമായി ഇടപെടുന്നില്ലെന്നും നാട്ടുകാർ പറയുന്നു.

കുന്നിടിച്ച് നിരത്തിയ ഭൂമിയിൽ ഹോട്ടലുകളും റിസോർട്ടുകളും പണിയാനാണ് നീക്കം. പരാതികളുയർന്ന സാഹചര്യത്തിൽ ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം തഹസില്‍ദാര്‍ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. നിയമലംഘനങ്ങൾ അക്കമിട്ടു നിരത്തുന്ന റിപ്പോർട്ടിന്മേൽ തുടര്‍ നടപടി സ്വീകരിക്കുന്നതിനായി പനത്തടി ഗ്രാമപഞ്ചായത്ത്, ജില്ലാജിയോളജി വകുപ്പ് എന്നിവർക്കും അനധികൃത പാർക്കിങ്ഗ്രൗണ്ട് സംബന്ധിച്ച് നടപടിയെടുക്കാനായി മോട്ടോര്‍ വാഹന വകുപ്പിനും കളക്ടർ നിർദേശം നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.

മലബാറിന്റെ ഊട്ടി എന്ന് വിളിപ്പേരുള്ള റാണിപുരം കാസർഗോഡ് ജില്ലയുടെ കാലാവസ്ഥയിലും മഴലഭ്യതയിലും പ്രധാന പങ്കുവഹിക്കുന്ന ഭൂപ്രദേശമാണ്. റാണിപുരത്തെ പ്രധാന ആകർഷണമായ മാനിമല നിരവധി വിഭാഗത്തിൽപ്പെട്ട പുല്ലുകളും ചെറുജീവികളും നിറഞ്ഞതാണ്. അപൂർവ ഔഷധസസ്യങ്ങൾ, ആനകൾ, കാട്ടുപോത്ത്, മാൻ, കുരങ്ങ്, കുന്തിരിക്കം ലഭിക്കുന്നതുപോലുള്ള അപൂർവമരങ്ങൾ എന്നിവ റാണിപുരത്തിന്റെ സവിശേഷതകളാണ്.

സ്ഥലം എംഎൽഎ കൂടിയായ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനുൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടും നടപടിയെടുക്കുന്നില്ലെന്നാണ് റാണിപുരം പ്രകൃതി സംരക്ഷണ സമിതി ആരോപിക്കുന്നത്. മൂന്നാർ മോഡലിൽ വിവിധ രാഷ്ട്രീയ കക്ഷികളുടെ പിന്തുണയോടെയാണ് റാണിപുരത്ത് അനധികൃത നിർമാണങ്ങൾ നടക്കുന്നതെന്നും ഇവർ ആരോപിക്കുന്നു. റാണിപുരത്തെ വിഷയങ്ങളിൽ അടിയന്തരമായി ഇടപെട്ട് നടപടിയെടുക്കണമെന്നുകാട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകിയതായി 'കാസർകോടിനൊരിടം' സൈബർ കൂട്ടായ്മയുടെ പ്രതിനിധി നൗഫൽ റഹ്‌മാൻ നാരദാ ന്യൂസിനോട് പറഞ്ഞു. കെട്ടിടസമുച്ചയങ്ങൾ ഉയരും മുൻപേ നടപടിയെടുത്തില്ലെങ്കിൽ റാണിപുരം മറ്റൊരു മൂന്നാറാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ.