പൊലീസിനെ ന്യായീകരിച്ച് ഐജിയും; അതിക്രമത്തിനു തെളിവില്ലെന്നും ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി വേണ്ടെന്നും റിപ്പോർട്ട്

സമരക്കാരെ ആരെയും പൊലീസ് മർദിക്കുകയോ തള്ളിയിടുകയോ ചെയ്തിട്ടില്ലെന്ന വിചിത്രവാദവും ഐജി മനോജ് എബ്രഹാം റിപ്പോർട്ടിൽ ഉന്നയിക്കുന്നുണ്ട്. ജിഷ്ണുവിന്റെ അമ്മാവൻ ശ്രീജിത്തിനെ മാറ്റാനാണ് പൊലീസ് ശ്രമിച്ചത്. ഈ സമയം ജിഷ്ണുവിന്റെ അമ്മ ശ്രീജിത്തിന്റെ കാലിൽ വട്ടമിട്ടുപിടിച്ചു. ഇതിനിടെ മഹിജ സ്വയം നിലത്തുവീഴുകയായിരുന്നുവെന്നും അവർക്കു മുകളിലേക്കു മറ്റൊരു സ്ത്രീയും വീണു- ഐജി റിപ്പോർട്ടിൽ പറയുന്നു.

പൊലീസിനെ ന്യായീകരിച്ച് ഐജിയും; അതിക്രമത്തിനു തെളിവില്ലെന്നും ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി വേണ്ടെന്നും റിപ്പോർട്ട്

തിരുവനന്തപുരം പൊലീസ് ആസ്ഥാനത്ത് ജിഷ്ണുവിന്റെ അമ്മയ്ക്കും കുടുംബത്തിനും നേർക്കുനടന്ന പൊലീസ് അതിക്രമത്തെ ന്യായീകരിച്ച് ഐജി മനോജ് എബ്രഹാം. പൊലീസ് അതിക്രമത്തിനു തെളിവില്ലന്നും അതിനാൽ ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി വേണ്ടെന്നും ഐജി ഡിജിപിക്കു നൽകിയ റിപ്പോർട്ടിൽ പറയുന്നു.

ഡിജിപി ഓഫീസിനു മുന്നിൽ സുരക്ഷാ വീഴ്ചയുണ്ടാകാതിരിക്കാനാണ് ബലം പ്രയോ​ഗിച്ച് ജിഷ്ണുവിന്റെ അമ്മയേയും ബന്ധുക്കളേയും നീക്കിയത്. എന്നാൽ വിഷയം കൈകാര്യം ചെയ്ത രീതിയിൽ തെറ്റുപറ്റിയിട്ടുണ്ടോയെന്നു പരിശോധിക്കണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നിര്‍ബന്ധപൂര്‍വ്വം സ്ഥലത്തുനിന്ന് പ്രതിഷേധക്കാരെ നീക്കിയത് ഉപരോധം ഉണ്ടാകാതിരിക്കാനാണെന്നും മനോജ് എബ്രഹാം ഡിജിപിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

സമരക്കാരെ ആരെയും പൊലീസ് മർദിക്കുകയോ തള്ളിയിടുകയോ ചെയ്തിട്ടില്ലെന്ന വിചിത്രവാദവും ഐജി മനോജ് എബ്രഹാം റിപ്പോർട്ടിൽ ഉന്നയിക്കുന്നുണ്ട്. ജിഷ്ണുവിന്റെ അമ്മാവൻ ശ്രീജിത്തിനെ മാറ്റാനാണ് പൊലീസ് ശ്രമിച്ചത്. ഈ സമയം ജിഷ്ണുവിന്റെ അമ്മ ശ്രീജിത്തിന്റെ കാലിൽ വട്ടമിട്ടുപിടിച്ചു. ഇതിനിടെ മഹിജ സ്വയം നിലത്തുവീഴുകയായിരുന്നുവെന്നും അവർക്കു മുകളിലേക്കു മറ്റൊരു സ്ത്രീയും വീണു- ഐജി റിപ്പോർട്ടിൽ പറയുന്നു.

കുടുംബവുമായി ചർച്ചയ്ക്ക് രാവിലെ പത്തുമണി മുതല്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ അദ്ദേഹത്തിന്റെ ഓഫിസില്‍ കാത്തിരിക്കുകയായിരുന്നുവെന്ന് കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ തന്നെ അറിയിച്ചിരുന്നു. എന്നാൽ പ്രതിഷേധത്തിനെത്തിയ കുടുംബക്കാരടക്കമുള്ള 16 പേരെയും ഡിജിപിയെ കാണാൻ അനുവദിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. ഇത്രയും പേരെ ഓഫീസിലേക്കു കടത്തിവിടാനാവുമായിരുന്നില്ലെന്നും ഇതിനിടെ പുറത്തുനിന്നെത്തിയ ചിലരാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതെന്നും ഐജി ഡിജിപിക്കു നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.