സമരം അവസാനിപ്പിച്ചില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്ന് ജിഷ്ണുവിന്റെ സഹോദരിയോട് പൊലീസ്; തടയാനൊരുങ്ങി നാട്ടുകാർ

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കഴിയുന്ന അമ്മ നിരാഹാര സമരം അവസാനിച്ച ശേഷമേ താനും ഭക്ഷണം കഴിക്കൂ എന്ന നിലപാടിലാണ് അവിഷ്ണ. കുടുംബശ്രീ പ്രവർത്തകരും അവിഷ്ണയ്ക്കൊപ്പം സത്യാഗ്രഹമിരിക്കുന്നുണ്ട്. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി പേരാണ് വളയത്തെ വീട്ടിൽ എത്തുന്നത്. അവിഷ്ണയെ കസ്റ്റഡിയിലെടുക്കാൻ സമ്മതിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാരുമുള്ളത്.

സമരം അവസാനിപ്പിച്ചില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്ന് ജിഷ്ണുവിന്റെ സഹോദരിയോട് പൊലീസ്; തടയാനൊരുങ്ങി നാട്ടുകാർ

കോഴിക്കോട് വളയത്തെ വീട്ടിൽ നിരാഹാര സമരം തുടരുന്ന ജിഷ്ണു പ്രണോയിയുടെ സഹോദരിയോട് നിരാഹാരസമരം ഉടൻ നിർത്തിയില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ്. ഇതിനായി ജില്ലാ കളക്ടറുടെ നിർദേശപ്രകാരം പൊലീസ് സംഘവും കൊയിലാണ്ടി തഹല്‍സിദാരും ജിഷ്ണു പ്രണോയിയുടെ വീട്ടില്‍ എത്തിയിട്ടുണ്ട്.

എന്നാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കഴിയുന്ന അമ്മ നിരാഹാര സമരം അവസാനിച്ച ശേഷമേ താനും ഭക്ഷണം കഴിക്കൂ എന്ന നിലപാടിലാണ് അവിഷ്ണ. കുടുംബശ്രീ പ്രവർത്തകരും അവിഷ്ണയ്ക്കൊപ്പം സത്യാഗ്രഹമിരിക്കുന്നുണ്ട്. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി പേരാണ് വളയത്തെ വീട്ടിൽ എത്തുന്നത്. അവിഷ്ണയെ കസ്റ്റഡിയിലെടുക്കാൻ സമ്മതിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാരുമുള്ളത്.

ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണത്തിനു കാരണക്കാരായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് മൂന്നുദിവസമായി കോഴിക്കോട് വളയത്തെ വീട്ടിൽ സഹോദരി അവിഷ്ണ നിരാഹാര സമരം നടത്തുന്നത്. അവിഷ്ണയുടെ ആരോ​ഗ്യനില മോശമായി തുടരുകയാണെന്നാണ് ഡോക്ടർമാർ വ്യക്തമാക്കിയിട്ടുള്ളത്. ഈ സാഹചര്യത്തിൽ അവിഷ്ണയെ ആശുപത്രിയിലേക്കു മാറ്റാനാണ് തീരുമാനമെന്ന് വടകര റൂറൽ എസ്പി പറഞ്ഞു.

മൂന്നുദിവസമായി അവിഷ്ണ ഭക്ഷണം കഴിക്കുന്നില്ല. കൊലയാളികളെ അറസ്റ്റ് ചെയ്യാത സമരത്തിൽ നിന്നും പിൻമാറില്ലെന്ന് അവിഷ്ണ വ്യക്തമാക്കിയിരിക്കുന്നത്. ഭക്ഷണം കഴിക്കാത്തതിനാൽ അവിഷ്ണ വളരെ ക്ഷീണിതയാണെന്നും ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റണമെന്നുമാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് പറയുന്നത്.

അതേസമയം, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജിഷ്ണുവിന്റെ അമ്മ മഹിജയുടെ നിരാഹാരം സമരവും തുടരുകയാണ്. മകന്റെ ഘാതകരെ അറസ്റ്റ് ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് മഹിജയും. ഇതിനിടെ, ജിഷ്ണുവിന്റെ കുടുംബത്തെ അനുനയിപ്പിക്കാനുളള ശ്രമവുമായി സര്‍ക്കാര്‍ രംഗത്തുവന്നു. ഇതിനായി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന മഹിജയെയും ബന്ധുക്കളെയും കാണാൻ മന്ത്രി കടകംപളളി സുരേന്ദ്രന്‍ എത്തി.