'ഞാൻ ഏതു നിമിഷവും ബലാത്സം​ഗം ചെയ്യപ്പെടാനും കൊല്ലപ്പെടാനും സാധ്യത'; സുരക്ഷയേർപ്പെടുത്തണമെന്ന് കത്വ പെൺകുട്ടിയുടെ അഭിഭാഷക

ഞങ്ങൾ നിന്നോട് പൊറുക്കില്ല എന്നായിരുന്നു സംഘപരിവാറുകാരുടെ ഭീഷണി. ഈ ശക്തികൾ ഒരുപക്ഷേ തന്നെ കോടതിയിൽ‌ പ്രാക്ടീസ് ചെയ്യാനും അനുവദിച്ചേക്കില്ല.

ഞാൻ ഏതു നിമിഷവും ബലാത്സം​ഗം ചെയ്യപ്പെടാനും കൊല്ലപ്പെടാനും സാധ്യത; സുരക്ഷയേർപ്പെടുത്തണമെന്ന് കത്വ പെൺകുട്ടിയുടെ അഭിഭാഷക

തന്റെ ജീവനു ഭീഷണിയുണ്ടെന്നും ഏതു നിമിഷവും ബലാത്സം​ഗം ചെയ്യപ്പെടാനോ കൊല്ലപ്പെടാനോ സാധ്യതയുണ്ടെന്നും കത്വ കേസിൽ പെൺകുട്ടിക്കു വേണ്ടി ഹാജരാവുന്ന അഭിഭാഷക ദീപിക സിങ് രജാവത്ത്. തന്നെ നിശബ്ദയാക്കാനുള്ള ശ്രമങ്ങളാണ് നാലുകോണിൽ നിന്നും നടക്കുന്നത്. ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ തനിക്ക് സുരക്ഷ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്നും ദീപിക മാധ്യമങ്ങളോടു പറഞ്ഞു.

ഞങ്ങൾ നിന്നോട് പൊറുക്കില്ല എന്നായിരുന്നു സംഘപരിവാറുകാരുടെ ഭീഷണി. ഈ ശക്തികൾ ഒരുപക്ഷേ തന്നെ കോടതിയിൽ‌ പ്രാക്ടീസ് ചെയ്യാനും അനുവദിച്ചേക്കില്ല. ഹിന്ദു വിരുദ്ധയെന്നു മുദ്രകുത്തി സാമൂഹികമായി തന്നെ ഒറ്റപ്പെടുത്തിയിരിക്കുകയാണ്. എട്ടു വയസ്സുകാരിക്കു നീതി ഉറപ്പാക്കാൻ ജീവനുള്ള കാലമത്രയും പോരാടുമെന്നും ദീപിക സിങ് വ്യക്തമാക്കി.

അവൾക്കു വേണ്ടി കോടതിയിൽ ഹാജരാകരുതെന്ന് ജമ്മു ബാർ അസോസിയേഷൻ പ്രസിഡന്റ് ബി എസ് സലാതിയ ആവശ്യപ്പെട്ടിരുന്നു. എന്നാൽ താൻ ബാർ അസോസിയേഷനിലെ അം​ഗമല്ലെന്ന് അവരോടു മറുപടി പറഞ്ഞു. അപ്പോൾ ഹാജരായാൽ എങ്ങനെയാണതു നിർത്തേണ്ടതെന്ന് തങ്ങൾക്ക് അറിയാമെന്നായിരുന്നു സലാതിയയുടെ ഭീഷണിയെന്നും ദീപീക വിശദമാക്കി.

കത്വ കേസിന്റെ വിചാരണ ഇന്നു തുടങ്ങാനിരിക്കെയാണ് ജീവനു ഭീഷണിയുണ്ടെന്നുള്ള കാര്യം വെളിപ്പെടുത്തി അഭിഭാഷക രം​ഗത്തുവന്നിരിക്കുന്നത്. തങ്ങൾക്ക് സുരക്ഷാ ഭീഷണിയുള്ളതിനാൽ വിചാരണ കശ്മീരിൽ വേണ്ടെന്ന് പെൺകുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. ചണ്ഡീ​ഗഢിലേക്ക് വിചാരണ മാറ്റണമെന്നാണ് ഇവരുടെ ആവശ്യം. നിലവിൽ സുരക്ഷിതമായ വിചാരണയ്ക്ക് അനുകൂലമായ സാഹചര്യമല്ല കശ്മീരിൽ ഉള്ളതെന്നും ദീപിക പറഞ്ഞു.

കത്വയിൽ നിന്നും നാലഞ്ച് ജില്ലകൾ മാറി രംബൺ എന്ന സ്ഥലത്താണ് പെൺകുട്ടിയും കുടുംബവും ഇപ്പോൾ കഴിയുന്നത്. പ്രദേശത്ത് ആർഎസ്എസ് പ്രവർത്തകരുടെ ഭീഷണി മൂലം പലായനം ചെയ്യുകയായിരുന്നു ഇവർ. അമ്പലത്തിലെ പൂജാരിയുടെ മകനും ഒരു റിട്ട. റവന്യൂ വകുപ്പ് ഓഫീസറും രണ്ട് പൊലീസുകാരും അടക്കം ആറു പേരാണ് കേസിലെ പ്രതികൾ.

ജനുവരി 10ന്, മേയാൻ വിട്ട കുതിരകളെ കൂട്ടാൻ പോയ പെൺകുട്ടിയെ പിന്നീട് കാണാതാവുകയും 17ന് രസ്നയിലെ കാട്ടിൽ നിന്ന് മൃതദേഹം കണ്ടെത്തുകയുമായിരുന്നു. ശരീരത്തിലാകമാനം മുറിവേറ്റ പെൺകുട്ടിയുടെ തല പ്രതികൾ കല്ലുകൊണ്ടി ഇടിച്ചു ചതച്ചിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. അടുത്തുള്ള ​ക്ഷേത്രത്തിലെ ദേവസ്ഥാനത്ത് കിടത്തിയാണ് പ്രതികൾ മൂന്നു തവണ എട്ടുവയസ്സുകാരിയെ ക്രൂരമായി പിച്ചിച്ചീന്തിയത്. മയക്കുമരുന്ന് കുത്തിവച്ചായിരുന്നു ക്രൂരത. കഴുത്തുഞെരിച്ച് കൊന്നശേഷം മരിച്ചെന്ന് ഉറപ്പുവരുത്താനായി വലിയ കല്ലുകൊണ്ട് രണ്ടുവട്ടം തലയ്ക്കടിച്ചു. കുത്വായിലെ രസന ഗ്രാമത്തിലെ മുസ്‌ലിം നാടോടി സമൂഹമായ ബക്കര്‍വാളുകളെ (ആട്ടിടയര്‍) ഇവിടെ നിന്ന് ഭയപ്പെടുത്തി ഓടിക്കുക എന്ന പ്രാദേശിക ഹൈന്ദവസംഘത്തിന്റെ താത്പര്യപ്രകാരമായിരുന്നു പ്രതികൾ ഈ ക്രൂരകൃത്യം നിർവ്വഹിച്ചത്.

Read More >>