അട്ടപ്പാടിയില്‍ കാണാതായ വീട്ടമ്മയും മകനും കൊല്ലപ്പെട്ടെന്നു തെളിഞ്ഞു; സംഭവത്തില്‍ ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍

നാലു വര്‍ഷം മുമ്പ് കാണാതായ ദിവസം മുതല്‍ സീനത്തിന്റെ ഫോണ്‍ ഓഫായിരുന്നു. എന്നാല്‍ അടുത്തിടെ ഫോണ്‍ വീണ്ടും പ്രവര്‍ത്തനത്തിലായതാണ് പ്രതികളെ കുടുക്കിയത്. സീനത്തും കുഞ്ഞും ആദ്യ ഭര്‍ത്താവിനൊപ്പം പോയെന്നാണ് പ്രതികള്‍ പറഞ്ഞിരുന്നത്. നാലു വര്‍ഷം മുമ്പ് നടന്ന മൃഗീയമായ കൊലയുടെ ചുരുളഴിച്ചത് പൊലീസിന്റെ പഴുതുകളില്ലാത്ത അന്വേഷണം

അട്ടപ്പാടിയില്‍ കാണാതായ വീട്ടമ്മയും മകനും കൊല്ലപ്പെട്ടെന്നു തെളിഞ്ഞു; സംഭവത്തില്‍ ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍

അട്ടപ്പാടിയില്‍ കാണാതായ വീട്ടമ്മയും മകനും കൊല്ലപ്പെട്ടെന്നു തെളിഞ്ഞു. നാലുവര്‍ഷം മുമ്പുനടന്ന കൊലപാതകത്തിനു പിന്നില്‍ ഭര്‍ത്താവും കാമുകിയും. സംഭവത്തില്‍ ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് നാഗപ്പട്ടണം സ്വദേശി സുന്ദരവടിവേല്‍ എന്ന നൗഷാദും കാമുകി റാണിയുമാണ് അറസ്റ്റിലായത്.

2013 ജൂണ്‍ 30നാണ് അട്ടപ്പാടി നരസിമുക്കിൽ താമസിച്ചുവന്ന സീനത്തിനെയും അഞ്ച് വയസുകാരൻ മകൻ ഷാനിഫിനെയും കാണാതാകുന്നത്. സീനത്തിന്റെ ഭർത്താവ് ഇവരെ കാണാനില്ലെന്ന് 2013 ജൂലൈ 2 ന് പരാതിയും നൽകിയിരുന്നു. പൊലീസ് അന്വേഷിച്ചെങ്കിലും തെളിവൊന്നും ലഭിച്ചില്ല. സീനത്തിന്റെ ഫോൺ എവിടെയെന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അത്യന്തം ക്രൂരമായ കൊലപാതകത്തിന്റെ കഥ പുറത്താവുന്നത്.

സുനാമിയില്‍ മാതാപിതാക്കളും സമ്പാദ്യവും നഷ്ടപ്പെട്ടെന്നുപറഞ്ഞ് നാഗപട്ടണം സ്വദേശി സുന്ദരവടിവേല്‍, ശങ്കര്‍ എന്ന പേരില്‍ അഗളിയിലെത്തി താമസം തുടങ്ങുകയായിരുന്നു. പിന്നീട് കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ ശങ്കര്‍ വിവാഹ മോചിതയായ സീനത്തുമായി പ്രണയത്തിലാവുകയും മതം മാറി നൗഷാദായി അവരെ വിവാഹം കഴിക്കുകയുമായിരുന്നു. വിവാഹത്തിനു ശേഷം നരസിമുക്കില്‍ താമസിക്കുമ്പോഴാണ് റാണിയുമായി പരിചയപ്പെടുന്നത്.

കാണാതായ ദിവസം മുതൽ സീനത്തിന്റെ ഫോൺ ഓഫായിരുന്നു. എന്നാൽ അടുത്തിടെ ഫോൺ പ്രവർത്തനത്തിലായി. തുടർന്ന് ഫോൺ 300 രൂപയ്ക്ക് ശങ്കർ വിറ്റതാണെന്ന് തെളിഞ്ഞു. സീനത്ത് ആദ്യ ഭർത്താവിനൊപ്പം പോയെന്നറിയിച്ച് ഒരു ഫോൺ കോൾ വന്നത് ശങ്കറിന്റെ നിർദേശപ്രകാരം കാമുകി റാണിയിൽ നിന്നാണെന്നും തെളിഞ്ഞു. തുടർന്ന് റാണിയെയും ശങ്കറിനെയും കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്തു.

റാണിയുടെ കൂടെ ജീവിക്കുന്നതിന് ഭാര്യയും മകനും തടസമാകുമെന്ന് മനസിലാക്കിയ ഇയാള്‍ ഇരുവരെയും കൂട്ടി 450 കി.മി അകലെയുള്ള സ്വന്തം നാടായ ചിദംബരത്തെത്തി. റാണിയും ഇവരോടൊപ്പം ഉണ്ടായിരുന്നു. റാണി വാങ്ങിവച്ച ഉറക്കഗുളിക മധുരത്തിൽ പൊടിച്ചുചേർത്ത് സീനത്തിനും മകനും നൽകിയ ശേഷം കത്തികൊണ്ട് കഴുത്തറുത്ത് മൃതദേഹം ചതുപ്പിൽ താഴ്ത്തുകയായിരുന്നു. തൊട്ടടുത്ത ദിവസം അട്ടപ്പാടിയിൽ മടങ്ങിയെത്തിയ പ്രതി അഗളി പൊലീസിൽ പരാതിയും നൽകി.

കുട്ടിയെ ആശുപത്രിയില്‍ കാണിക്കാന്‍ മണ്ണാര്‍ക്കാട് പോയ സീനത്ത് മടങ്ങിവന്നില്ലെന്നാണ് ശങ്കര്‍ നാട്ടുകാരോടും പൊലീസിനോടും പറഞ്ഞത്. പിന്നീടാണ് സീനത്ത് ആദ്യ ഭർത്താവിനൊപ്പം പോയെന്ന് വരുത്തിതീർക്കാൻ റാണി ഫോൺ നാടകം നടത്തിയത്. സുഹൃത്തുക്കളോട് സീനത്തിനെയും മകനെയും അടുത്തിടെ മണ്ണാർക്കാടു വച്ച് കണ്ടെന്ന് പൊലീസിൽ പറയാൻ പ്രതി ഏൽപ്പിച്ചിരുന്നു. നാല് വർഷം തുമ്പില്ലാതെ കിടന്ന കേസാണ് അഗളി ഡിവൈഎസ്പി ടികെ സുബ്രഹ്മണ്യന്റെയും സിഐ സിദ്ദിക്കിന്റെയും നേതൃത്വത്തിലുള്ള അന്വേഷണത്തിൽ തെളിഞ്ഞത്.Read More >>