കസ്റ്റഡി പീഡനം; ലോക്കപ്പുകളില്‍ സിസി ടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കെഎസ്ആര്‍ടിസി നെടുമങ്ങാട് ഡിപ്പോയില്‍ കണ്ടക്ടറായി ജോലി ചെയ്യുന്ന വൃക്ക രോഗിക്ക് കസ്റ്റഡിയില്‍ അവശ്യമരുന്നുകള്‍ നിഷേധിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ ഡിജിപിയോട് ആവശ്യപ്പെട്ടു.

കസ്റ്റഡി പീഡനം; ലോക്കപ്പുകളില്‍ സിസി ടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ലോക്കപ്പ് ഉള്‍പ്പെടെയുള്ള പ്രധാന സ്ഥലങ്ങളില്‍ റെക്കോര്‍ഡിങ് സംവിധാനമുള്ള സിസി ടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. പ്രതികളെ പീഡിപ്പിക്കുന്നതും അനധികൃതമായി കസ്റ്റഡിയില്‍ വയ്ക്കുന്നതും അവസാനിപ്പിക്കാന്‍ ഇത് അനിവാര്യമാണെന്ന് കമ്മീഷന്‍ ആക്ടിങ് ജസ്റ്റിസ് പി മോഹനദാസ് സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി.

കസ്റ്റഡിയില്‍ കഴിയുന്ന പ്രതികളെ പൊലീസ് മര്‍ദ്ദിക്കുന്നുവെന്ന പരാതികള്‍ ഏറിവരികയാണെന്നും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു. കെഎസ്ആര്‍ടിസി നെടുമങ്ങാട് ഡിപ്പോയില്‍ കണ്ടക്ടറായി ജോലി ചെയ്യുന്ന വൃക്ക രോഗിക്ക് കസ്റ്റഡിയില്‍ അവശ്യമരുന്നുകള്‍ നിഷേധിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ ഡിജിപിയോട് ആവശ്യപ്പെട്ടു. ഇരിഞ്ചയം സ്വദേശി സജിത്തിന്റെ പരാതിയിലാണ് ഉത്തരവ്.

2016 ഏപ്രില്‍ മൂന്നിന് അര്‍ധരാത്രിയാണ് കോടതി വാറന്റ് ഉണ്ടെന്നു പറഞ്ഞ് സജിത്തിനെ ആറ്റിങ്ങല്‍ എസ്‌ഐ തന്‍സിം അബ്ദുല്‍ സമദും അരുവിക്കര എഎസ്‌ഐ എന്‍ അനിലും കസ്റ്റഡിയിലെടുത്തത്. തന്റെ രോഗവിവരം പൊലീസിനോടു പറഞ്ഞ സജിത്ത് മരുന്നുകളും അത് കഴിക്കേണ്ട സമയം അടങ്ങിയ ബുക്ക് ഏല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ 10 പേരുള്ള സെല്ലില്‍ തന്നെ പാര്‍പ്പിച്ചതായി പരാതിയില്‍ പറയുന്നു. മരുന്നും വൈദ്യസഹായവും നിഷേധിച്ചതായും വക്കീലിനെ വിളിക്കാന്‍ പോലും അനുവദിച്ചില്ലെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

എന്നാല്‍, നെടുമങ്ങാട് എസ്‌ഐ ഹാജരാക്കിയ റിപ്പോര്‍ട്ടില്‍ ഈ ആരോപണങ്ങള്‍ നിഷേധിക്കുകയാണ് ചെയ്തത്. തുടര്‍ന്ന് കമ്മീഷനിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തി. അറസ്റ്റ് ചെയ്ത് പൊലീസ് കസ്റ്റഡിയില്‍ സൂക്ഷിക്കുന്ന പ്രതികളെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കണമെന്ന നിബന്ധന സജിത്തിന് നിഷേധിച്ചതായി കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏപ്രില്‍ മൂന്നിന് അര്‍ധരാത്രി അറസ്റ്റ് ചെയ്ത വ്യക്തിയെ കോടതിയില്‍ ഹാജരാക്കിയത് അടുത്ത ദിവസം പകല്‍ മൂന്നിനാണ്. അറസ്റ്റ് ചെയ്യുന്ന സമയത്ത് നിര്‍ബന്ധമായും പാലിക്കേണ്ട സുപ്രീംകോടതി നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്നും വക്കീലിനെ കാണാന്‍ അവസരം നല്‍കിയില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കുന്നു. മാത്രമല്ല, പരാതിക്കാരന് വൈദ്യസഹായം നല്‍കുന്നതില്‍ വീഴ്ചയുണ്ടായതായും കമ്മീഷന്‍ കണ്ടെത്തി. സുപ്രീംകോടതി ഉത്തരവ് പാലിക്കാത്തത് മനുഷ്യാവകാശ ലംഘനവും കോടതി ഉത്തരവിന്റെ ലംഘനവുമാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.


Read More >>