വേട്ടക്കാർ വേട്ട തുടങ്ങിയാൽ പിന്നെ നിർത്തില്ല; ഘർവാപ്പസിക്കെതിരായ ശബ്ദം രാജ്യവ്യാപകമായി ഉയരണം: ജോൺ ദയാൽ

ഘർവാപ്പസിക്കും ലൗ ജിഹാദ് കുപ്രചരണങ്ങൾക്കുമെതിരെ താൻ നടത്തിയ അന്വേഷണ യാത്രകൾക്കിടെ, എങ്ങനെയാണ് ഹിന്ദു പെൺകുട്ടികളെ ​ഘർവാപ്പസിക്ക് ഇരയാക്കുന്നതെന്ന് ഹിന്ദു ഹെൽപ്പ് ലൈൻ അധികൃതർ തന്നോട് വെളിപ്പെടുത്തിയതായി കോബ്രാ പോസ്റ്റ് ലേഖിക ഷാസിയ നി​ഗർ പറഞ്ഞു.

വേട്ടക്കാർ വേട്ട തുടങ്ങിയാൽ പിന്നെ നിർത്തില്ല; ഘർവാപ്പസിക്കെതിരായ ശബ്ദം രാജ്യവ്യാപകമായി ഉയരണം: ജോൺ ദയാൽ

ഇന്ത്യയിൽ ഘർവാപ്പസിക്കെതിരായ ചർച്ചകളും പ്രതിഷേധങ്ങളും നടക്കുന്നത് കേരളത്തിൽ മാത്രമാണെന്നും അത് രാജ്യമൊട്ടാകെ വ്യാപിക്കണമെന്നും പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനും മുതിർന്ന മാധ്യമപ്രവർത്തകനുമായ ജോൺ ദയാൽ. എറണാകുളം ടൗൺ ഹാളിൽ സോളിഡാരിറ്റി സംഘടിപ്പിച്ച ഘർവാപ്പസി ജനകീയ വിചാരണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലൗ ജി​ഹാദല്ല, ഘർവാപസിയാണ് നടക്കുന്നതെന്ന് രാജ്യം അറിയണം. വേട്ടക്കാർ വേട്ട തുടങ്ങിയാൽ പിന്നെ നിർത്തില്ല. അത് മുസ്ലിങ്ങളിൽ തുടങ്ങി ആദിവാസികളിൽ എത്തി ക്രൈസ്തവരിലും സിക്കുകാരിലും എത്തിനിൽക്കുന്നു.

ലോകത്തിന്റെ പല ഭാ​ഗങ്ങളിൽ താൻ ഇത്തരം വേട്ട അത് കണ്ടിട്ടുണ്ട്. ജർമനിയിൽ ജൂതരെ കൊന്നു. പച്ചയ്ക്ക് അടുപ്പിലി‍ട്ടു കത്തിച്ചു. ആ അടുപ്പുകൾ താൻ കണ്ടിട്ടുണ്ട്. അത്തരത്തിലുള്ള വംശഹത്യയാണ് ഇന്ത്യയിൽ സംഘപരിവാർ പിന്തുടരുന്നത്. പലതരം കാരണങ്ങളുണ്ടാക്കി അവർ മുസ്ലിങ്ങളെയും ന്യൂനപക്ഷങ്ങളേയും കൊന്നൊടുക്കുന്നു. ഇന്ത്യയിൽ മുസ്ലിങ്ങൾ സുരക്ഷിതരല്ല. അതുപോലെ ക്രിസ്ത്യാനികളും ആദിവാസികളും സിക്കുകാരും സുരക്ഷിതരല്ല. ജൂതന്മാർക്കു ശേഷം ജർമനിയിൽ ജിപ്സികൾ, അടിമകൾ, മാനസിക വൈകല്യമുള്ളവർ എന്നിവരെയെല്ലാം കൊന്നൊടുക്കിയ പോലെയാണ് ഇവിടെ സംഘപരിവാർ ഫാഷിസ്റ്റുകൾ ഓരോരോ സമുദായങ്ങളെ വേട്ടയാടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുസ്ലിങ്ങളെ രണ്ടാംകിട- മൂന്നാംകിട പൗരന്മാരാക്കി മാറ്റാനുള്ള നീക്കമാണ് അവർ നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ 25 വർഷമായി ഘർവാപ്പസിയെ കുറിച്ച് പഠിച്ചുവരികയാണ്. ക്രൈസ്തവയിലേക്ക് വരുന്നത് കുറ്റവും തിരിച്ചുപോവുന്നവരെ ആദരിക്കുകയും ചെയ്യുന്ന രീതിയാണ് കണ്ടുവരുന്നത്. ലൗ ജിഹാദ് കുപ്രചരണം ഹിന്ദുത്വർ മാത്രമല്ല, ഞാനുൾപ്പെടുന്ന ക്രൈസ്തവ മതവിഭാ​ഗത്തിലുമുണ്ട്. 2000ഓളം കാത്തലിക് പെൺകുട്ടികൾ മുസ്ലിം പുരുഷൻമാർക്കൊപ്പം ഒളിച്ചോടി പോയിട്ടുണ്ടെന്നായിരുന്നു ഒരു ബിഷപ്പിന്റെ ആരോപണം. എന്നാൽ അവരോട് താൻ ചോദിച്ചത് എത്ര കാത്തലിക് പെൺകുട്ടികളാണ് ഹിന്ദു പുരുഷന്മാ‍ർക്കൊപ്പം പോയിട്ടുള്ളതെന്നാണ്. മതമില്ലാത്തവരുടെ കൂടെ പോയിട്ടുള്ളതെന്നാണ്. എന്നാൽ അതിന്റെ കണക്കില്ലായിരുന്നു. സ്ത്രീധനം കൊടുക്കാത്തതിന്റെ പേരിൽ അവിവാഹിതരായി കഴിയുന്ന എത്ര കാത്തലിക് പെൺകുട്ടികൾ വീടുകളിൽ കഴിയുണ്ടെന്ന കണക്കാണ് ബിഷപ്പ് കൗൺസിൽ എടുക്കേണ്ടത്.

കഴിഞ്ഞവർഷം താനും ഹർഷ് മന്ദറും ​ഗുജറാത്തിൽ ​ഗോരക്ഷകർ കൊന്ന മുസ്ലിങ്ങളുടെ കുടുംബങ്ങളെ സന്ദർശിച്ചിരുന്നു. അവരിൽ അനാഥരുണ്ട്. വിധവകളുണ്ട്. മക്കൾ നഷ്ടപ്പെട്ടവരുണ്ട്. എല്ലാവരും ഇപ്പോഴും ഭയചകിതരാണ്. ഇവിടെ പൊലീസും മജിസ്ട്രേറ്റുമൊക്കെ ​ഗോരക്ഷകർക്കൊപ്പമാണ്. രാജ്യം അവരോടൊപ്പമുണ്ടെന്നു പറഞ്ഞ് ആശ്വസിപ്പിക്കാനേ ഞങ്ങൾക്കായുള്ളൂ. പ്രാർത്ഥിക്കാനും. രാജ്യത്ത് നിയമമില്ലാത്ത അവസ്ഥയാണ് നിലനിൽക്കുന്നത്. മുസ്ലിങ്ങൾ തിങ്ങിപ്പാർക്കുന്ന മേവാത്തിൽ ​ഗോരക്ഷരില്ലാത്തപ്പോൾ പൊലീസാണ് അവരുടെ വേഷംകെട്ടി ആക്രമണവും കൊലപാതകങ്ങളും നടത്തുന്നത്.

പശുവിനെ കച്ചവടത്തിനായി കൊണ്ടുവരുന്നവരെ പോലും അവർ പിടിച്ചുനിർത്തി വെടിവയ്ക്കും. ട്രക്കുകൾ തടഞ്ഞുനിർത്തും. ആക്രമിക്കും. ഇതൊക്കെ പൊലീസ് തന്നെയാണ് ചെയ്യുന്നത്. കസ്റ്റഡി മരണങ്ങളും പീഡനമരണങ്ങളും സർവ സാധാരമാണ്. എന്നാൽ ഇതെല്ലാം ഇതെല്ലാം ദേശീയമാധ്യമങ്ങളടക്കം മൂടിവയ്ക്കുന്നു. രാജ്യത്തെമ്പാടും വിദ്വേഷവും വെറുപ്പമാണ് പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. സ്നേഹം പഠിപ്പിക്കപ്പെടുന്നില്ല. ആർഎസ്എസ് ശാഖകളിൽ വിദ്വേഷം കുത്തിവയ്ക്കുകയാണ്. 1963ൽ ഡൽഹിയിലെ ഒരു ആർഎസ്എസ് ശാഖ താൻ സന്ദർശിച്ചിട്ടുണ്ട്. മുസ്ലിങ്ങളെ വ്യാപകമായി കൊല്ലാൻ പഠിപ്പിക്കുകയാണ് അവിടെ. ഇന്നും ശാഖകളിൽ ഇതുതന്നെയാണ് പഠിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഘർവാപ്പസിക്കും ലൗ ജിഹാദ് കുപ്രചരണങ്ങൾക്കുമെതിരെ താൻ നടത്തിയ അന്വേഷണ യാത്രകൾക്കിടെ, എങ്ങനെയാണ് ഹിന്ദു പെൺകുട്ടികളെ ​ഘർവാപ്പസിക്ക് ഇരയാക്കുന്നതെന്ന് ഹിന്ദു ഹെൽപ്പ് ലൈൻ അധികൃതർ തന്നോട് വെളിപ്പെടുത്തിയതായി കോബ്രാ പോസ്റ്റ് ലേഖിക ഷാസിയ നി​ഗർ പറഞ്ഞു. കേരളത്തിൽ ഘർവാപ്പസിക്കായി ഒരു കൗൺസിലിങ് സെന്റർ തന്നെയുണ്ടെന്ന് എനിക്കന്നാണ് ബോധ്യമായത്. ഇതര മതസ്ഥരെ പ്രണയിച്ചവരും മതം മാറിയവരുമായ ഹിന്ദു പെൺകുട്ടികൾ അവിടെ പീഡിപ്പിക്കപ്പെട്ടതായി തനിക്ക് അറിയാൻ കഴിഞ്ഞു. ഹിന്ദു ഹെൽപ്പ് ലൈനാണ് ഇതിനുവേണ്ട സഹായങ്ങൾ ചെയ്തുകൊടുത്തത്.


അവിടെ ക്രിസ്ത്യൻ യുവാവിനെ പ്രണയിച്ച ഹിന്ദു പെൺകുട്ടിയെ മരുന്നുകൾ കുത്തിവച്ചും വായിൽ തുണി തിരുകിയും വെള്ളത്തിൽ മുക്കിയും മറ്റും ക്രൂരപീഡനങ്ങൾക്കാണ് ഇരയാക്കിയത്. തിരികെ ഹിന്ദുമതത്തിലേക്ക് വന്നില്ലെങ്കിൽ വധഭീഷണി മുഴക്കിയ അവർ പെൺകുട്ടിയെ കൊണ്ട് ചില പേപ്പറുകളിൽ നിർബന്ധിച്ച് ഒപ്പിടുവിച്ചതായും തനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. രാജ്യത്ത് ലൗ ജിഹാദില്ലെന്ന് തെളിയിക്കുന്ന വിവരങ്ങൾ താൻ പല സംസ്ഥാനങ്ങളിൽ പോയി നടത്തിയ അന്വേഷണത്തിൽ തെളി‍ഞ്ഞതായും അവർ കൂട്ടിച്ചേർത്തു.

പരിപാടിയിൽ അഡ്വ. മധുസൂദനൻ, ആക്ടിവിസ്റ്റ് അനൂപ് വി ആർ, മാധ്യമപ്രവർത്തക ശബ്ന സിയാദ്, ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതിയം​ഗം യൂസഫ് ഉമരി, സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് സമദ് കണ്ണക്കാവ്, ജനറൽ സെക്രട്ടറി ഉമർ ആലത്തൂർ സംസാരിച്ചു.Read More >>