പാസ്പോർട്ട് വെരിഫിക്കേഷന് വരുന്ന പൊലീസുകാരന് കൈക്കൂലി കൊടുക്കാതിരുന്നാൽ പൗരത്വം നഷ്ടമായേക്കാം; ആധാർ ഉണ്ടായിട്ടും ഇന്ത്യക്കാരല്ലാതായി മാറിയ ​സഹോദരങ്ങളുടെ കഥ

ആധാറും, തിരിച്ചറിയല്‍ കാര്‍ഡും , റേഷന്‍കാര്‍ഡുമൊക്കെയുള്ളസഹോദരങ്ങളെ ഇന്ത്യയില്‍ പൗരത്വം ഇല്ലാത്തവരാക്കിയത് ഒരു പൊലിസുകാരനാണ്. ഒരു പൊലിസുകാരന്‍ ഉണ്ടാക്കിയ റിപ്പോര്‍ട്ട് തിരുത്തി നല്‍കാന്‍ 12 വര്‍ഷമായിട്ടും പലതവണ പരാതിപ്പെട്ടിട്ടും റവന്യൂ അധികാരികള്‍ തയ്യാറായിട്ടില്ല

പാസ്പോർട്ട് വെരിഫിക്കേഷന് വരുന്ന പൊലീസുകാരന് കൈക്കൂലി കൊടുക്കാതിരുന്നാൽ പൗരത്വം നഷ്ടമായേക്കാം; ആധാർ ഉണ്ടായിട്ടും ഇന്ത്യക്കാരല്ലാതായി മാറിയ ​സഹോദരങ്ങളുടെ കഥ

വെരിഫിക്കേഷന് വരുന്ന പൊലീസുകാരനെ വേണ്ടവണ്ണം കണ്ടില്ലെങ്കില്‍ ഒരു പക്ഷെ ഇന്ത്യന്‍ പൗരനല്ലാതായി തീരാം. ഇങ്ങിനെ ഇന്ത്യക്കാരനല്ലാതായി മാറിയവരാണ് പാലക്കാട് മണ്ണാര്‍ക്കാടിനടുത്ത് കരിമ്പയിലെ പാറക്കാരന്‍ ഗബ്രിയേലും സഹോദരി ജോസഫൈനും. പന്ത്രണ്ട് വര്‍ഷം മുമ്പ് പാസ്പോര്‍ട്ട് വെരിഫിക്കേഷന് വന്ന മണ്ണാര്‍ക്കാട് പൊലിസ് സ്റ്റേഷനിലെ പൊലിസുകാരന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഗബ്രിയേലിനെ പറ്റി നല്‍കിയ റിപ്പോര്‍ട്ടാണ് ഇവര്‍ക്ക് പൗരത്വം ഇല്ലാതാക്കിയത്. ഗബ്രിയേല്‍ ജനിക്കുന്ന സമയത്ത് അവരുടെ മാതാപിതാക്കള്‍ മലേഷ്യയിലായിരുന്നു.

നാല്‍പ്പത്തി മൂന്ന് വര്‍ഷമായി പാലക്കാട് മണ്ണാര്‍ക്കാടിനടുത്ത് കരിമ്പ മൂന്നേക്കറില്‍പാറക്കാരന്‍ ഗബ്രിയേലും സഹോദരി ജോസഫൈനുമാണ് ഇന്ത്യയില്‍ ഒരു പൗരന് കിട്ടുന്ന ഒട്ടുമിക്ക രേഖകള്‍ ഉണ്ടായിട്ടും പൗരത്വം ഇല്ലാതായി മാറിയത്. പൗരത്വം ഇല്ലെന്നതിന്റെ പേരില്‍ ഇപ്പോള്‍ ഇന്ത്യയില്‍ ഇത്രയും കാലം അനധികൃതമായി താമസിച്ചതിന്റെ പിഴ അടക്കാന്‍ പാലക്കാട് സ്പെഷ്യല്‍ തഹസില്‍ദാര്‍ ഇവരോട് ആവശ്യപ്പെട്ടിരിക്കുകയാണ്. കൂടാതെ ഇരുവരുടേയും പേര് തിരിച്ചറിയല്‍ കാര്‍ഡ് തിരിച്ചേല്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതിന് പുറമെ വോട്ടര്‍പട്ടികയില്‍ നിന്ന് പേരും നീക്കം ചെയ്തിട്ടുണ്ട്. ഇവരുടെ മുന്‍ഗണന വിഭാഗത്തില്‍പെടുന്ന റേഷന്‍ കാര്‍ഡും റദ്ദാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ജീവിക്കുന്ന വീടും നാടും വിട്ട് മലേഷ്യയിലേക്ക് പോകേണ്ടി വരുമോയെന്ന ഭീതിയിലാണ് ഇവര്‍. ആധാര്‍ കാര്‍ഡുള്‍പ്പടെയുള്ള എല്ലാ രേഖകളോടും ജീവിച്ചു വരവെയാണ് ഒരു സുപ്രഭാതത്തില്‍ ഇവര്‍ വിദേശികളാണെന്ന് രീതിയില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് വരുന്നത്. തങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വമില്ലാതായതിന്റെ കഥ ഗബ്രിയേല്‍ തന്നെ നാരദ ന്യൂസിനോട് വിശദീകരിച്ചു. '

" 2005 ല്‍ ഞാന്‍ പാസ്പോര്‍ട്ട് എടുക്കാന്‍ വേണ്ടി അപേക്ഷ നല്‍കി. പാസ്പോര്‍ട്ട് എടുക്കാനുള്ള എല്ലാവിധ സര്‍ട്ടിഫിക്കറ്റുകളും എനിക്കുണ്ടായിരുന്നു. മണ്ണാര്‍ക്കാട് സ്റ്റേഷനില്‍ നിന്ന് ഒരു പൊലിസുകാരനാണ് പാസ്പോര്‍ട്ട് വെരിഫിക്കേഷന്റെ കാര്യത്തിന് അന്വേഷിക്കാന്‍ വന്നത്. സാധാരണ പൊലിസുകാര്‍ പാസ്പോര്‍ട്ട് വെരിഫിക്കേഷന് വരുമ്പോള്‍ പണം ചോദിച്ചു വാങ്ങാറുണ്ട്. ഇയാള്‍ക്കും ഞാനത് പോലെ വണ്ടിക്കൂലിക്കും മറ്റുമായി പണം കൊടുത്തിരുന്നു. പോകാന്‍ നേരമാണ് അയാള്‍ ചോദിച്ചത്, നിങ്ങള്‍ ജനിച്ച സ്ഥലം കൃത്യമായി പറയാന്‍. എന്റെ അച്ഛന്‍ മദലൈന്‍ മുത്തുവും അമ്മ ശൗരിയമ്മയും കുറച്ചുകാലം മലേഷ്യയില്‍ ഉണ്ടായിരുന്നു.

ഇന്ത്യക്കാരായ അവര്‍ അവിടെ കുറച്ച് കാലം ജോലിക്കാണ് പോയത്. ഞാനത് അയാളോട് പറഞ്ഞു. അയാള്‍ എല്ലാം കേട്ട് പോയി. പിന്നെ കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ തഹസില്‍ദാറുടെ ഓഫീസില്‍ നിന്ന് അന്വേഷിച്ച് വന്നു. അപ്പോഴാണ് ഞാന്‍ ഇന്ത്യക്കാരനല്ലെന്നും അനധികൃതമായി ഇന്ത്യയില്‍ താമസിക്കുന്നയാളാണെന്നും പൊലിസ് നല്‍കിയ റിപ്പോര്‍ട്ടിനെ കുറിച്ച് അറിയുന്നത്. പ്രശ്‌നമാണെങ്കില്‍ പാസ്‌പോര്‍ട്ട് വെണ്ടെന്ന് ഞാന്‍ പറഞ്ഞു. പക്ഷെ പാസ്‌പോര്‍ട്ട് തരുകയല്ല ഇത്രകാലവും ഇന്ത്യയില്‍ അനധികൃതമായി താമസിച്ചതിനെ കുറിച്ചുള്ള കാര്യങ്ങളാണ് അവര്‍ ചോദിച്ചത്. തെറ്റിവന്നതാകുമെന്നാണ് ആദ്യം കരുതിയത്. പക്ഷെ പിന്നീട് ഇത് ആവര്‍ത്തിച്ചപ്പോള്‍ എവിക്ക് ഗൗരവം മനസിലായി. പിന്നെ

ഇടക്കിടയ്ക്ക് ജില്ലാ കലക്ടറുടെ ഓഫീസില്‍ ഹാജരാകാനും പറയും. പിന്നെ വര്‍ഷത്തില്‍ പല തവണ ഇതാവര്‍ത്തിക്കണം. പൊലീസ് വിളിക്കുമ്പോള്‍ ചെല്ലണം. ഞാന്‍ എവിടെ ജോലിക്ക് പോയാലും പിന്നാലെ അന്വേഷണം വരും. എന്റെ പെങ്ങള്‍ ജോസഫൈനും ഇതാണ് അവസ്ഥ. പെങ്ങള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ് വരെ ഉണ്ടായിട്ടും അതൊന്നും പറ്റില്ലെന്നാണ് പറയുന്നത്. അതൊക്കെ വ്യാജമായി എടുത്തതാണ് എന്ന നിലയിലാണ് തഹസില്‍ദാരുടേയും മറ്റും വാദം. രണ്ട് മാസം മുമ്പ് തഹസില്‍ദാര്‍ വിളിച്ചു വരുത്തി. നിങ്ങള്‍ക്ക് എങ്ങിനെയാണ് തിരിച്ചറിയല്‍ കാര്‍ഡും റേഷന്‍ാകര്‍ഡും കിട്ടിയത്, നിങ്ങള്‍ ഇതൊക്കെ എങ്ങിനെ സംഘടിപ്പിച്ചു എന്നാണ് ചോദിച്ചത്, ഇതൊന്നും നിങ്ങള്‍ ഇന്ത്യക്കാരന്‍ ആണെന്നതിന്റെ തെളിവല്ല എന്നാണ് അയാള്‍ പറഞ്ഞത്. കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് വിളിച്ച് നിങ്ങള്‍ ഇത്രകാലം ഇന്ത്യയില്‍ അനധികൃതമായി താമസിച്ചതിന്റെ പിഴ അടക്കേണ്ടി വരും എന്ന് പറഞ്ഞു. ഇനിയിപ്പോ അവര്‍ ഇന്ത്യയില്‍ നിന്ന് പുറത്താക്കുമോ പിടിച്ച് ജയിലില്‍ ഇടുമോ എന്നറിയില്ല.

'അച്ഛന്‍ മദലമുത്തു 2008 ല്‍ ഇവിടെ വെച്ച് തന്നെയാണ് മരിച്ചത്. 75 വയസുളള അമ്മയ്ക്ക് ഇത്തിരി ഓര്‍മപിശകുണ്ടെങ്കിലും അവര്‍ക്ക് ആധാര്‍ ഉള്‍പ്പടെയുള്ള എല്ലാ രേഖകളും ഉണ്ട്. 1970 ആഗസ്റ്റ് 28 നാണ് ഞാന്‍ ജനിക്കുന്നത്. ആ സമയത്ത് എന്റെ മാതാപിതാക്കള്‍ മലേഷ്യയിലായിരുന്നു എന്ന് ആരോപിച്ചാണ് ആ പൊലിസുകാരന്‍ എന്നെ വിദേശിയാക്കിയത്. മലേഷ്യ എന്തെന്ന് എനിക്കറിയില്ല. ഞാന്‍ കണ്ടതായി ഓര്‍ക്കുന്നുമില്ല. മലേഷ്യയിലെ ജോലി വെണ്ടെന്ന് വെച്ച് 1972 മുതലെ എന്റെ അച്ഛന്‍ ഇവിടെ എത്തിയിരുന്നു. 1974 ലാണ് മൂന്നേക്കര്‍ എന്ന ഈ സ്ഥലത്ത് ദേവസ്വ എന്നയാളുടെ റബ്ബര്‍ തോട്ടത്തില്‍ ടാപ്പിങ് ജോലിയുമായി അച്ഛനുമ്മയും മണ്ണാര്‍ക്കാട് എത്തിയത്.

പിന്നീട് ഇവിടെ തന്നെ സ്ഥലം വാങ്ങി കൂടുകയായിരുന്നു. ശരിക്കും ഞങ്ങളുടെ സ്വദേശം ചിറ്റൂരിനടുത്ത് വടകരപ്പതിയില്‍ കോഴിപ്പാറയില്‍ ആണ്. ഇവിടത്തെ സ്‌കൂളിലാണ് ഞങ്ങള്‍ പഠിച്ചത്. റേഷന്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഇവിടത്തെ സഹകരണ ബാങ്കിലെ വോട്ടറാണ്. അതിന്റെ ഐഡന്റിറ്റികാര്‍ഡും ഉണ്ടായിരുന്നു. 1984 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലാണ് ഞാന്‍ ആദ്യമായി വോട്ട് ചെയ്തത്. പിന്നീട് ഇതുവരെ നടന്ന എല്ലാ തെരഞ്ഞെടുപ്പിലും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് വരെ വോട്ട് ചെയ്തു. ഇപ്പോള്‍ വോട്ടര്‍ പട്ടികയില്‍ നിന്നും പേര് വെട്ടിയതോടെ വോട്ടവകാശം ഇല്ലാതായി. മുന്നേക്കര്‍ എഐടിയുസി യൂണിറ്റ് സെക്രട്ടറിയായിരുന്ന ഞാന്‍ രണ്ട് വര്‍ഷം സി പി ഐ മുന്നേക്കര്‍ ബ്രാഞ്ച് സെക്രട്ടറിയും ആയിരുന്നു. '

ഞങ്ങള്‍ എട്ട് മക്കളാണ് ഉള്ളത്. എനിക്കും സഹോദരിക്കും മാത്രമാണ് ഈ പ്രശ്‌നം ഉള്ളത്. നാലു സഹോദരന്‍മാര്‍ എന്റെ ചെറിയച്ഛന്റെ കൂടെ വര്‍ഷങ്ങളായി മലേഷ്യയില്‍ തന്നെ സെറ്റില്‍ഡ് ആണ്. രണ്ട് പേര്‍ ഇന്ത്യയില്‍ ഉണ്ട്. അവര്‍ക്ക് ഈ പ്രശ്‌നം വന്നിട്ടില്ല. മൂന്ന് വര്‍ഷം മുമ്പ് മുമ്പ് ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് വലിയ ജോലികള്‍ക്ക് പോകാന്‍ സാധിക്കാറില്ല. ഇതിനിടെ വെരിക്കോസ് വെയിനിന്റെ അസുഖവും വന്നു,. വീടിന് അടുത്ത് എന്തെങ്കിലും കൂലി പണിക്ക് കൂടി പോകാന്‍ പറ്റാതായി. എവിടെ ജോലിക്ക് പോയാലും എന്നെ തിരഞ്ഞ് ആരെങ്കിലും വരും. അതുകൊണ്ട് ജോലിക്ക് പോകാന്‍ കഴിയാത്ത അവസ്ഥയുമാണ്. "

ആധാറും, തിരിച്ചറിയല്‍ കാര്‍ഡും , റേഷന്‍കാര്‍ഡുമൊക്കെയുള്ളസഹോദരങ്ങളെ ഇന്ത്യയില്‍ പൗരത്വം ഇല്ലാത്തവരാക്കിയത് ഒരു പൊലിസുകാരനാണ്. 43 വര്‍ഷമായി കൂലിപ്പണിയും മറ്റും ചെയ്ത് ജീവിക്കുന്ന ഗബ്രിയേല്‍ തനി നാട്ടിന്‍പുറത്തുകാരനാണ്. പക്ഷെ ഒരു പൊലിസുകാരന്‍ ഉണ്ടാക്കിയ റിപ്പോര്‍ട്ട് തിരുത്തി നല്‍കാന്‍ 12 വര്‍ഷമായിട്ടും പലതവണ പരാതിപ്പെട്ടിട്ടും റവന്യൂ അധികാരികള്‍ തയ്യാറായിട്ടില്ല.

Read More >>