കെ പി ശശികല അറസ്റ്റിലെന്ന വാര്‍ത്ത വ്യാജം

ഗുരുവായൂരിലെ തിരുവംഗിതം പാര്‍ത്ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കുന്നതിനെതിരെ ഭക്തജനസംഘം എന്ന പേരില്‍ സംഘപരിവാര്‍ ഇവിടെ കഴിഞ്ഞ അഞ്ച് ദിവസമായി സമരം നടത്തിവരികയായിരുന്നു. ഇവിടെ പ്രസംഗിക്കുവാന്‍ എത്തിയ ശശികലയെ അറസ്റ്റ് ചെയ്തു എന്നായിരുന്നു വാര്‍ത്ത

കെ പി ശശികല അറസ്റ്റിലെന്ന വാര്‍ത്ത വ്യാജം

ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ പി ശശികല ഗുരുവായൂരിൽ അറസ്റ്റിലായി എന്ന വാർത്ത വ്യാജം. അങ്ങനെ ഒരറസ്റ്റ് ഉണ്ടായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. കെ പി ശശികലയും നാരദാ ന്യൂസിനോട് കേട്ടുകേൾവിയിൽ കഴമ്പില്ലെന്ന് അറിയിച്ചു.

കാസർഗോഡ് ഹൊസ്ദുർഗിൽ കഴിഞ്ഞ വർഷം ഒക്ടോബറിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ കെ പി ശശികല ഗുരുവായൂരിൽ അറസ്റ്റിലായി എന്നായിരുന്നു ചില ഓൺലൈൻ മാദ്ധ്യമങ്ങൾ പ്രചരിപ്പിച്ചത്. ജന്മഭൂമി ദിനപ്പത്രത്തിന്റെ വെബ് പതിപ്പിൽ കൂടി വാർത്ത വന്നതോടെ പലരും വാർത്ത വിശ്വസിച്ചിരുന്നു. എന്നാല്‍ അറസ്റ്റോ കസ്റ്റഡിയോ ഉണ്ടായിയിട്ടില്ല എന്നു വിശദീകരിച്ചു പൊലീസ് വാര്‍ത്ത നിഷേധിച്ചു.

ഗുരുവായൂരിലെ തിരുവംഗിതം പാര്‍ത്ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കുന്നതിനെതിരെ ഭക്തജനസംഘം എന്ന പേരില്‍ സംഘപരിവാര്‍ ഇവിടെ കഴിഞ്ഞ അഞ്ച് ദിവസമായി സമരം നടത്തിവരികയായിരുന്നു.

ശനിയാഴ്ച വൈകുന്നേരം ഇവിടെയെത്തിയ കെ പി ശശികല ദേവസ്വം ബോര്‍ഡിനെതിരെ പ്രസംഗിക്കുവാന്‍ ആരംഭിച്ചപ്പോള്‍ ക്ഷേത്രവളപ്പില്‍ മൈക്ക് ഉപയോഗിക്കരുതെന്ന് പറഞ്ഞ് പൊലീസ് പരിപാടി വിലക്കുകയുണ്ടായി. തുടര്‍ന്ന് ശബ്ദം കുറഞ്ഞ സിംഗിള്‍ മൈക്ക് ഉപയോഗിച്ച് പ്രസംഗിച്ച ശേഷം ഗുരുവായൂര്‍ സ്റ്റേഷനിനെത്തി കെ പി ശശികലയും ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരും പ്രതിഷേധം അറിയിക്കുകയായിരുന്നു.

പോലീസ് സ്റ്റേഷനില്‍ കുത്തിയിരുന്നു പ്രതിഷേധിക്കാന്‍ ആരംഭിച്ചതോടെ ഗുരുവായൂര്‍ സി ഐ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ അനുരഞ്ജനത്തിലെത്തിച്ചതോടെ ശശികലയും കൂട്ടരും മടങ്ങുകയും ചെയ്തു. നാരദാന്യൂസ് ബന്ധപ്പെടുമ്പോൾ കെ പി ശശികല വീട്ടിൽ എത്തിയിരുന്നു. അറസ്റ്റ് ഉണ്ടായിട്ടില്ലെന്ന് കെ പി ശശികലയും നാരദാ ന്യൂസിനോടു സ്ഥിരീകരിച്ചു.

Read More >>