കേരളത്തിലേക്ക് വന്ന കന്നുകാലി ലോറി ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ തടഞ്ഞ് തിരിച്ചയച്ചതായി പരാതി

കാലികളെ കേരളത്തിലേക്ക് വിടില്ലെന്നും തമിഴ്‌നാട്ടിലേക്ക് തന്നെ തിരിച്ചു വിടണമെന്നുമായിരുന്നു ഹിന്ദു മുന്നണി പ്രവർത്തകരുടെ ആവശ്യം.

കേരളത്തിലേക്ക് വന്ന കന്നുകാലി ലോറി ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ തടഞ്ഞ് തിരിച്ചയച്ചതായി പരാതി

തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടു വന്ന കന്നുകാലി ലോറി ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ തടഞ്ഞതായി പരാതി. ഇന്നലെ രാത്രിയോടെ പൊള്ളാച്ചിയില്‍ നിന്ന് വേലന്താവളത്തേക്ക് വന്ന കന്നുകാലി ലോറിയാണ് ഹിന്ദു സംഘടനയില്‍ പെട്ട ചിലര്‍ തടഞ്ഞത്. കാലികളെ കേരളത്തിലേക്ക് കടത്തിവിടില്ലെന്നാണ് ഇവരുടെ നിലപാട്. തമിഴ്‌നാട്ടിലേക്ക് തന്നെ കന്നുകാലി ലോറി തിരിച്ചു വിടണമെന്നാണ്‌ ഇവരുടെ ആവശ്യം.

ചെക്ക് പോസ്റ്റില്‍ സംഘര്‍ഷാവസ്ഥയുണ്ടായതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ തമിഴ്‌നാട് പൊലീസും വിഷയത്തില്‍ ഇടപെട്ടില്ല എന്ന് ആരോപണമുണ്ട്. പ്രശ്നത്തില്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രിക്ക് ഹിന്ദു സംഘടനകളുടെ അക്രമത്തിന് ഇരയായ സലിം എന്നയാള്‍ പരാതി നല്‍കി.

അതേസമയം കഴിഞ്ഞ ദിവസം രാത്രി ഇത്തരത്തില്‍ ഒരു സംഭവം നടന്നതായി ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് ആള്‍ കേരള കാറ്റില്‍ മര്‍ച്ചന്റ്‌സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി യൂസഫ് നാരദ ന്യൂസിനോട് പറഞ്ഞു. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കേരളത്തിലേക്ക് വരുന്ന കന്നുകാലി ലോറികള്‍ ഗോരക്ഷ പ്രവര്‍ത്തകര്‍ എന്ന പേരില്‍ ചില ഗുണ്ടകള്‍ തട്ടികൊണ്ടു പോയി പണം തട്ടുന്ന പതിവ് നടന്നു വരുന്നുണ്ട്. കഴിഞ്ഞ ദിവസം കേരളത്തിലേക്ക് വന്ന ചില ലോറികള്‍ തട്ടിയെടുത്തത് വിട്ടു കിട്ടാന്‍ രണ്ടു ലക്ഷത്തോളം രൂപയാണ് ഈ സംഘം കൈക്കൂലി വാങ്ങിയത്. പുതിയ നിയമം ഇത്തരത്തിലുള്ള ഗുണ്ടാ സംഘങ്ങള്‍ക്ക് പുതിയ ഊര്‍ജ്ജം നല്‍കുന്നുണ്ടെന്നും യൂസഫ് പറഞ്ഞു.

കഴിഞ്ഞ ദിവസം വാണിയംകുളം ചന്തയില്‍ ഏകദേശം പത്ത് ശതമാനം മാത്രം കന്നുകാലികളെ വില്‍പ്പനക്കായി എത്തിയിരുന്നുള്ളു. ഹര്‍ത്താല്‍ ദിനങ്ങളില്‍ പോലും വലിയ തിരക്കുണ്ടാകാറുള്ള ചന്തയില്‍ കന്നുകള്‍ കുറയുന്നത് അപൂര്‍വ്വ സംഭവമാണ്.

ഇന്നലെ നടന്ന തമിഴ്‌നാട്ടിലെ പ്രമുഖ കാലി ചന്തയായ പൊള്ളാച്ചിയില്‍ വില്‍പ്പനക്കായി കന്നുകാലികളൊന്നും എത്തിയില്ല.മുന്നൂറ് വര്‍ഷം പഴക്കമുള്ള കാലി ചന്തയില്‍ കന്നുകാലികള്‍ തീരെ എത്താത്തത് ആദ്യ സംഭവമാണ്. എന്നാല്‍ പൊള്ളാച്ചി ചന്തയിലേക്കും കന്നുകളെത്തുന്നത് ചില ഹിന്ദു സംഘടനകള്‍ തടഞ്ഞുവെന്ന് വ്യാപാരികള്‍ പറഞ്ഞു. കേന്ദ്ര നിയമം ചെന്നൈ ഹൈക്കോടതി സ്‌റ്റേ ചെയ്‌തെങ്കിലും പൊലിസും മറ്റും കന്നുകാലി ലോറികള്‍ക്ക് വേണ്ടത്ര സംരക്ഷണം നല്‍കുന്നില്ലെന്നും ആക്ഷേപമുണ്ട്.