മോഹൻലാലിന്റെ സിനിമയ്ക്കെതിരെ ഹിന്ദു ഐക്യവേദിയു‌ടെ ഭീഷണി; രണ്ടാമൂഴത്തിനെതിരെ ശശികലയുടെ യുദ്ധപ്രഖ്യാപനം

മോഹന്‍ലാലിന്റെ സ്വപ്‌ന സിനിമയ്‌ക്കെതിരെ ഹിന്ദു ഐക്യവേദി. ആയിരം കോടി രൂപ മുതല്‍ മുടക്കി എം.ടി വാസുദേവന്‍നായര്‍ രചിക്കുന്ന സിനിമയ്ക്ക് മഹാഭാരതം എന്നു പേരിടാന്‍ അനുവദിക്കില്ലെന്ന യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുകയാണ് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല.

മോഹൻലാലിന്റെ സിനിമയ്ക്കെതിരെ ഹിന്ദു ഐക്യവേദിയു‌ടെ ഭീഷണി; രണ്ടാമൂഴത്തിനെതിരെ ശശികലയുടെ യുദ്ധപ്രഖ്യാപനം

മോഹൻലാൽ നായകനായ സിനിമയ്ക്കെതിരെ ഭീഷണിയുമായി ഹിന്ദു ഐക്യവേദി. എം ടി വാസുദേവൻ നായർ തിരക്കഥയിലൊരുങ്ങുന്ന രണ്ടാമൂഴത്തിനെതിരെ ശശികലയുടെ യുദ്ധപ്രഖ്യാപനം. മഹാഭാരതം എന്ന പേരില്‍ എം ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം സിനിമയാക്കിയാല്‍ ശക്തമായി എതിര്‍ക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല. ഇതിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകും. മഹാഭാരതം എന്ന പേരില്‍ തന്നെയേ ചിത്രം ഇറക്കൂവെന്നു ശഠിച്ചാല്‍ ബാക്കി കാത്തിരുന്നു കാണാമെന്ന് ശശികല നാരദാ ന്യൂസിനോട് പറഞ്ഞു.

'മഹാഭാരതം എന്ന പേരില്‍ ഒരു സിനിമയെടുത്താല്‍ അത് വ്യാസന്റെ മഹാഭാരതവുമായി ബന്ധപ്പെട്ടതാകണം. രണ്ടാമൂഴത്തെ അടിസ്ഥാനപ്പെടുത്തി സിനിമ എടുത്താല്‍ അതിന്റെ പേര് രണ്ടാമൂഴം എന്നാകണം. മുമ്പ് മലയാളത്തിലോ ഇന്ത്യയിലോ ഇതെപോലത്തെ പുരാണങ്ങളുടെ പേരിലോ വന്ന സിനിമകളെല്ലാം മഹാഭാരതത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു. അതൊന്നും മറ്റൊരു സമഗ്ര കൃതിയെ അടിസ്ഥാനപ്പെടുത്തിയല്ല.

എം ടിക്ക് വേണമെങ്കില്‍ അദ്ദേഹത്തിന്റെ സ്വാതന്ത്ര്യത്തില്‍ കൃതി രചിക്കാം. അതിനെ സിനിമയാക്കാം. മഹാഭാരതം എന്ന പേരില്‍ സിനിമയെടുക്കല്‍ നടക്കില്ല. തന്റെ പേരില്‍ തനിക്ക് തന്നെ ഒരു വിശ്വാസം വേണ്ടെ..? രണ്ടാമൂഴം എന്ന പേരില്‍ അദ്ദേഹം അദ്ദേഹത്തിന്റെ കൃതിക്ക് പേരിട്ടുണ്ട്. ആ പേര് അദ്ദേഹം തെരഞ്ഞെടുത്തതാണ്. പിന്നെന്താ ആ പേരില്‍ സിനിമ ഇറക്കിയാല്‍? അവനവന്റെ സാഹിത്യത്തിലും പേരിലും അവനവന് തന്നെ വിശ്വാസം വേണ്ടെ ?

ചെമ്മീന്‍ സിനിമയാക്കിയപ്പോള്‍ തകഴി അതെ പേര് തന്നെ സ്വീകരിച്ചു. ചെമ്മീന്‍ എന്ന പേരില്‍ ഒരു സിനിമയും വന്നു. മുമ്പ് സത്യന്‍ അന്തിക്കാട് പൊന്‍മുട്ടയിടുന്ന തട്ടാന്‍ എന്ന പേരില്‍ ഒരു സിനിമയിറക്കാന്‍ നോക്കി. എതിര്‍പ്പ് വന്നപ്പോള്‍ പേര് മാറ്റി പൊന്‍മുട്ടയിടുന്ന താറാവ് എന്നാക്കി. ആ സമൂഹം അന്ന് പേരിന് എതിരെ രംഗത്തിറങ്ങി. ഹിന്ദു ഐക്യവേദിയല്ല അതിനെതിരെ രംഗത്ത് വന്നത്. എല്ലാം ഹിന്ദു ഐക്യവേദിയുടെ തലയില്‍ കെട്ടി വെക്കേണ്ട.

എം ടി ക്ക് ഉള്ളത് പോലെ ചില അവകാശങ്ങള്‍ എഴുത്തുകാരന്‍ എന്ന നിലയില്‍ വ്യാസനും ഉണ്ട്. മഹാഭാരതത്തെ സാധാരണ കൃതിയായി കണ്ടാല്‍ എഴുത്തുകാരന്റെ സ്വാതന്ത്ര്യം വ്യാസനും കിട്ടണം.ചില അവകാശങ്ങള്‍ വ്യാസനുണ്ട്. ഇത് അംഗീകരിച്ചു കൊടുത്താല്‍ തന്നെ ആ പേരില്‍ സിനിമയെടുക്കാന്‍ പറ്റില്ല.

മഹാഭാരതം അതും വ്യാസന്റെ അതു പോലെ സിനിമയാക്കുന്നെങ്കില്‍ ഇടേണ്ട പേരാണ് മഹാഭാരതം. അല്ലാതെ ആ പേരടിച്ചു മാറ്റിയല്ല മറ്റൊരു കൃതി സിനിമയാക്കുമ്പോള്‍ പേര് ഇടേണ്ടത്. മുസ്ലീങ്ങളോ ക്രിസ്ത്യാനികളോ ബൈബിള്‍ എന്ന പേരിലോ ഖുര്‍ആന്‍ എന്ന പേരിലോ ആരും സിനിമയെടുത്തിട്ടില്ല. ആ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമാകം.' എന്നും ശശികല നാരദ ന്യൂസിനോട് പറഞ്ഞു.