'മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ എന്തുമാകാമോ, അവര്‍ക്കും പൗരാവകാശങ്ങളുണ്ട്'; മണിയുടെ പ്രസംഗം ഗൗരവതരമെന്നു ഹൈക്കോടതി

പ്രസംഗം ഗൗരവമുള്ളതാണെന്നു കോടതി നിരീക്ഷിച്ചു. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു പ്രസംഗം നടന്നതെന്നും സംസ്ഥാന പോലീസ് മേധാവി ഇതൊന്നും കാണുന്നില്ലേയെന്നും കോടതി ചോദിച്ചു.മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ എന്തുമാകാമോ, അവരും മനുഷ്യരാണ്, അവര്‍ക്കും പൗരാവകാശങ്ങളുണ്ടെന്നും കോടതി പറഞ്ഞു.

വൈദ്യുതി മന്ത്രി എംഎം മണി നടത്തിയ വിവാദ പ്രസംഗത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. എംഎം മണി നടത്തിയ പ്രസംഗം ഗൗരവതരമെന്ന് നിരീക്ഷിച്ച കോടതി, സംസ്ഥാനത്ത് എന്താണ് നടക്കുന്നതെന്നും ഇതൊന്നും സംസ്ഥാനത്തെ പോലീസ് മേധാവി കാണുന്നില്ലെയെന്നും ചോദിച്ചു. വിവാദ പ്രസംഗത്തില്‍ മന്ത്രി എം എം മണിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കവെയായായിരുന്നു കോടതിയുടെ വിമർശനം.

മണിയുടെ പ്രസംഗത്തെ സര്‍ക്കാര്‍ കോടതിയില്‍ ന്യായീകരിച്ചു. സ്ത്രീകള്‍ക്കെതിരെയല്ല മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയാണ് മണിയുടെ വിമര്‍ശനമെന്നും പ്രസംഗത്തിന്റെ ദൃശ്യങ്ങളില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. അഡീഷണല്‍ ഡയറ്കടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ് സര്‍ക്കാരിന് വേണ്ടി വാദിച്ചത്.

പ്രസംഗം ഗൗരവമുള്ളതാണെന്നു കോടതി നിരീക്ഷിച്ചു. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു പ്രസംഗം നടന്നതെന്നും സംസ്ഥാന പോലീസ് മേധാവി ഇതൊന്നും കാണുന്നില്ലേയെന്നും കോടതി ചോദിച്ചു.മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ എന്തുമാകാമോ, അവരും മനുഷ്യരാണ്, അവര്‍ക്കും പൗരാവകാശങ്ങളുണ്ടെന്നും കോടതി പറഞ്ഞു.

ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന വിഷയങ്ങള്‍ ഗൗരവമുള്ളതായതുകൊണ്ടുതന്നെ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും പോലീസ് മേധാവിയുമുള്‍പ്പെടെ ബന്ധപ്പെട്ട എല്ലാവരില്‍ നിന്നും നിലപാടറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടു. ഹര്‍ജി വീണ്ടും അടുത്ത സിറ്റിങ്ങിൽ പരിഗണിക്കും.

Read More >>