വിജിലന്‍സ് ഡയറക്ടറെ മാറ്റണമെന്ന് നിര്‍ദേശിച്ചിട്ടില്ലെന്ന് ഹൈക്കോടതി; പുറത്തുവന്നത് തെറ്റായ വാര്‍ത്തകള്‍

വിജിലന്‍സിനെ നിയന്ത്രിക്കണമെന്നാണ് ആവശ്യപ്പെട്ടത്. മാധ്യമങ്ങള്‍ ഇക്കാര്യം തെറ്റായി റിപ്പോര്‍ട്ടു ചെയ്യുകയായിരുന്നു. ഏത് സാഹചര്യത്തിലാണ് ഇത്തരം വാര്‍ത്തകള്‍ പുറത്തുവന്നതെന്ന് കോടതി ചോദിച്ചു.

വിജിലന്‍സ് ഡയറക്ടറെ മാറ്റണമെന്ന് നിര്‍ദേശിച്ചിട്ടില്ലെന്ന് ഹൈക്കോടതി; പുറത്തുവന്നത് തെറ്റായ വാര്‍ത്തകള്‍

വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ മാറ്റണമെന്ന് പറഞ്ഞിട്ടില്ലെന്ന് ഹൈക്കോടതി. വിജിലന്‍സിനെ നിയന്ത്രിക്കണമെന്നാണ് ആവശ്യപ്പെട്ടത്. മാധ്യമങ്ങള്‍ ഇക്കാര്യം തെറ്റായി റിപ്പോര്‍ട്ടു ചെയ്യുകയായിരുന്നു. ഏത് സാഹചര്യത്തിലാണ് ഇത്തരം വാര്‍ത്തകള്‍ പുറത്തുവന്നതെന്ന് കോടതി ചോദിച്ചു. കോടതിയുടെ പേരില്‍ ഇത്തരം വാര്‍ത്തകള്‍ പുറത്തുവരുന്നതിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു.

കഴിഞ്ഞദിവസം ബജറ്റിലെ നികുതി ഇളവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ വിജിലന്‍സ് ഡയറക്ടറെ മാറ്റണമെന്ന് ഹൈക്കോടതി പറഞ്ഞതായി വാര്‍ത്തകള്‍ പുറത്തുവന്നത്. ഈ കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് വിജിലന്‍സ് ഡയറക്ടറെ മാറ്റാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് കോടതി പറഞ്ഞത്. വിജിലന്‍സ് ഡയറക്ടറെ മാറ്റണമെന്ന് കോടതി നിര്‍ദേശിച്ചതായി നിങ്ങള്‍ കേട്ടിരുന്നോ എന്ന് ഹാജരായിരുന്ന അഭിഭാഷകര്‍ അടക്കമുള്ളവരോട് കോടതി ചോദിച്ചു. ഇല്ലെന്ന് ഇവര്‍ അഭിപ്രായപ്പെട്ടപ്പോഴാണ്, മാധ്യമവാര്‍ത്തകളില്‍ കോടതി അതൃപ്തി അറിയിച്ചത്.

ജേക്കബ് തോമസിനെതിരായ ധനകാര്യ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാരിന് ഉചിതമായ തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ മാറ്റുന്നതടക്കമുള്ള നടപടികളില്‍ ഇടപെടുന്നില്ല. മൂന്നാഴ്ചയ്ക്കകം കേസില്‍ ഉചിതമായ നടപടി എടുത്ത് അറിയിക്കാനും കോടതി നിര്‍ദേശിച്ചു.