കെപിസിസി താല്‍ക്കാലിക അധ്യക്ഷനായി എംഎം ഹസനെ തെരഞ്ഞെടുത്തു

വി എം സുധീരന്റെ രാജിക്ക് പുറമെ ഹസനെ താത്കാലിക പ്രസിഡന്റ് ആക്കണമെന്ന ആവശ്യവുമായി എ ഗ്രൂപ്പ് രംഗത്തെത്തിയിരുന്നു. എ കെ ആന്റണിയുടെ നിര്‍ദ്ദേശവും ഹൈക്കമാന്‍ഡ് തീരുമാനത്തിന് പിന്നില്‍ ഉണ്ടെന്നാണ് സൂചന.

കെപിസിസി താല്‍ക്കാലിക അധ്യക്ഷനായി എംഎം ഹസനെ തെരഞ്ഞെടുത്തു

എം എം ഹസനെ കെപിസിസിയുടെ താത്കാലിക പ്രസിഡന്റായി നിയമിച്ചു. ഹൈക്കമാന്‍ഡിന്റെ തീരുമാനപ്രകാരമാണ് ഹസന് ചുമതല നല്‍കിയത്. തീരുമാനം സംസ്ഥാന നേതാക്കളെ ഹൈക്കമാന്‍ഡ് അറിയിച്ചു. ഇതുസംബന്ധിച്ച വാര്‍ത്താക്കുറിപ്പ് എഐസിസി പുറത്തിറക്കി. നിലവില്‍ കെപിസിസി വൈസ് പ്രസിഡന്റാണ് ഹസന്‍.

നാളെ ഇന്ദിരാഭവനിലെത്തി ഹസന്‍ ചുമതല ഏറ്റെടുക്കും. പാര്‍ട്ടി പ്രവര്‍ത്തകരുടെ പിന്തുണയോടെ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുമെന്ന് ഹസന്‍ പറഞ്ഞു. തീരുമാനത്തില്‍ എഐസിസിക്കും സോണിയാഗാന്ധിക്കും അദ്ദേഹം നന്ദി അറിയിച്ചു. കോണ്‍ഗ്രസിലെ എ ഗ്രൂപ്പിന്റെ ശക്തനായ വക്താവും എ കെ ആന്റണിയുടെ അടുത്ത സുഹൃത്തുമാണ് ഹസന്‍. എ കെ ആന്റണിയുടെ നിര്‍ദ്ദേശവും ഹൈക്കമാന്‍ഡ് തീരുമാനത്തിന് പിന്നില്‍ ഉണ്ടെന്നാണ് സൂചന. നിലവില്‍ പ്രതിപക്ഷ നേതൃസ്ഥാനവും യുഡിഎഫ് കണ്‍വീനര്‍ സ്ഥാനവും ഐ വിഭാഗത്തിനാണ്.

ഗ്രൂപ്പ് സമവാക്യം ഉള്‍ക്കൊണ്ടുതന്നെയാണ് പ്രസിഡന്റ് സ്ഥാനം ഹസനെ ഏല്‍പ്പിച്ചതെന്നാണ് വിലയിരുത്തല്‍. നേരത്തെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടവരുടെ സാധ്യതാ പട്ടിക കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി സെക്രട്ടറി മുകുള്‍ വാസ്‌നിക് രാഹുല്‍ ഗാന്ധിക്ക് കൈമാറിയിരുന്നു. എന്നാല്‍ ഇതില്‍ ഉള്‍പ്പെട്ടവരെയൊന്നും താത്കാലിക അധ്യക്ഷ സ്ഥാനത്തേക്ക് ഹൈക്കമാന്‍ഡ് പരിഗണിച്ചിട്ടില്ല. ഈ മാസം ഒന്‍പതിനാണ് വി എം സുധീരന്‍ കെപിസിസി അധ്യക്ഷപദവി രാജിവച്ചത്. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു രാജി. വി എം സുധീരന്റെ രാജിക്ക് പുറമെ ഹസനെ താത്കാലിക പ്രസിഡന്റ് ആക്കണമെന്ന ആവശ്യവുമായി എ ഗ്രൂപ്പ് രംഗത്തെത്തിയിരുന്നു. തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് നേതാക്കള്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നത്.

Read More >>