ശബരിമലയിൽ എത്തുന്ന സ്ത്രീകളുടെ പ്രായം പരിശോധിക്കാൻ സുരേന്ദ്രൻ എന്ത് അധികാരമെന്ന് ഹൈക്കോടതി

സുരേന്ദ്രന് ജാമ്യം നൽകരുതെന്ന നിലപാടാണ് സർക്കാർ കോടതിയിൽ സ്വീകരിച്ചത്. സുരേന്ദ്രൻ നിയമം കൈയ്യിലെടുത്തുവെന്ന് അറിയിച്ച കോടതി അയാൾ സ്ത്രീയെ തടയുന്ന ഫോട്ടോഗ്രാഫുകളും വീഡിയോകളും കോടതിയെ കാണിക്കുകയും ചെയ്തു.

ശബരിമലയിൽ എത്തുന്ന സ്ത്രീകളുടെ പ്രായം പരിശോധിക്കാൻ സുരേന്ദ്രൻ എന്ത് അധികാരമെന്ന് ഹൈക്കോടതി

ശബരിമല കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ശബരിമലയിൽ എത്തുന്ന സ്ത്രീകളുടെ പ്രായം പരിശോധിക്കാൻ സുരേന്ദ്രന് ആരാണ് അധികാരം നൽകിയതെന്ന് ഹൈക്കോടതി ചോദിച്ചു. സുരേന്ദ്രൻ ജാമ്യാപേക്ഷ പരി​ഗണക്കവെയായിരുന്നു കോടതിയുടെ രൂക്ഷ വിമർശനം. ജാമ്യാപേക്ഷ വിധി പറയാന്‍ നാളത്തേക്ക് മാറ്റി.

സുരേന്ദ്രന്‍ എന്തിനാണ് ശബരിമലയില്‍ പോയതെന്നും സുരേന്ദ്രന്റെ അവിടുത്തെ പ്രവൃത്തികളെ ന്യായീകരിക്കാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നയാള്‍ക്ക് ചേര്‍ന്നവിധമല്ല സുരേന്ദ്രന്‍ പെരുമാറിയതെന്നും ശബരിമലയില്‍ എത്തുന്ന ഭക്തര്‍ കാണിക്കുന്ന പ്രവര്‍ത്തികളല്ല സുരേന്ദ്രന്‍ കാണിക്കുന്നതെന്നും കോടതി പറഞ്ഞു. സുരേന്ദ്രന്‍ സുപ്രീംകോടതി വിധി മാനിച്ചില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

സുരേന്ദ്രന് ജാമ്യം നൽകരുതെന്ന നിലപാടാണ് സർക്കാർ കോടതിയിൽ സ്വീകരിച്ചത്. സുരേന്ദ്രൻ നിയമം കൈയ്യിലെടുത്തുവെന്ന് അറിയിച്ച സർക്കാർ സ്ത്രീയെ തടയുന്ന ഫോട്ടോഗ്രാഫുകളും വീഡിയോകളും കോടതിയെ കാണിക്കുകയും ചെയ്തു. സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് സുരേന്ദ്രന്‍ തടസമണ്ടാക്കി. ശബരിമല സംഘര്‍ഷത്തിന് നേതൃത്വം നല്‍കി. പ്രശ്നമുണ്ടാക്കാന്‍ നേതാക്കളെ ചുമതലപ്പെടുത്തി ബിജെപി സര്‍ക്കുലര്‍ ഇറക്കിയെന്നും ഭക്തിയുടെ പേരിൽ ഒരു സംഘം ആളുകൾ അക്രമം അഴിച്ചുവിടുകയാണെന്നും സർക്കാർ കോടതിയിൽ പറഞ്ഞു. ശബരിമല അക്രമ ഗൂഢാലോചന കേസ് നിലനില്‍ക്കുമെന്ന് സർക്കാർ വ്യക്തമാക്കി. സുരേന്ദ്രന്‍ നിയം കൈയിലെടുക്കുകയായിരുന്നു. സുരേന്ദ്രന്റെ പ്രവര്‍ത്തികളെ ന്യായീകരിക്കാനാവില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

ശബരിമലയിലെ ചിത്തിര ആട്ട വിശേഷത്തിന് നടതുറന്ന സമയം ശബരിമലയില്‍ ഏർപ്പെടുത്തിയ നിരോധനാജ്ഞ ലംഘിക്കുകയായിരുന്നു സുരേന്ദ്രൻ. പേരക്കുട്ടിക്ക് ചോറൂണ് നല്‍കാനും ശബരിമല ദര്‍ശനത്തിനുമായി എത്തിയ 52കാരിയെ നടപ്പന്തലില്‍ വച്ച് സുരേന്ദ്രന്‍റെ നേതൃത്വത്തിലുള്ള ബിജെപിക്കാർ അന്യായമായി തടയുകയും ദേഹോപദ്രവമേല്‍പ്പിക്കുകയും മാനഹാനി വരുത്തുന്ന രീതിയിലുള്ള അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തതിനാണ് കേസ്.

അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടൽ, പൊതുമുതല്‍ നശിപ്പിക്കൽ, ഗതാഗത തടസ്സം സൃഷ്ടിക്കൽ, നിരോധനാജ്ഞ ലംഘനം ഉള്‍പ്പെടെ 15 കേസുകളാണ് സുരേന്ദ്രനെതിരെ നിലവിലുള്ളത്.