ദിലീപിന് തിരിച്ചടി; നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണമില്ലെന്ന് ഹൈക്കോടതി

കീഴ്ക്കോടതിയിൽ വിചാരണയ്ക്കായി കുറ്റപത്രം സമർപ്പിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന പ്രോസിക്യൂഷൻ വാദം അം​ഗീകരിച്ചാണ് കോടതി വിധി.

ദിലീപിന് തിരിച്ചടി; നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണമില്ലെന്ന് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസിൽ മുഖ്യപ്രതിയും നടനുമായ ദിലീപിന് വീണ്ടും തിരിച്ചടി. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി. കൃത്യമായ അന്വേഷണം നടന്ന് കുറ്റപത്രം സമർപ്പിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് വ്യക്തമാക്കിയാണ് കോടതി നടപടി. നേരത്തെ സമാന ആവശ്യമുന്നയിച്ച് ദിലീപിന്‍റെ അമ്മ സമർപ്പിച്ചിരുന്ന ഹരജിയും ഹൈക്കോടതി തള്ളിയിരുന്നു.

കീഴ്ക്കോടതിയിൽ വിചാരണയ്ക്കായി കുറ്റപത്രം സമർപ്പിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന പ്രോസിക്യൂഷൻ വാദം അം​ഗീകരിച്ചാണ് കോടതി വിധി. അന്വേഷണം കാര്യക്ഷമമവും കുറ്റമറ്റതുമായി നടത്തിയ ശേഷമാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. ശാസ്ത്രീയമായ തെളിവുകളുടെയടക്കം അടിസ്ഥാനത്തിലാണ് അന്വേഷണം പൂര്‍ത്തിയാക്കിയിരിക്കുന്നതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. വിവിധ കോടതികളിൽ 40 ലേറെ ഹരജികൾ ദിലീപ് നൽകിയിട്ടുള്ളത് വിചാരണ വൈകിപ്പിക്കാനാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയും വിചാരണ വൈകിപ്പിക്കാനാണെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.

നേരത്തെ ഇതേ ആവശ്യമുന്നയിച്ച് ദിലീപ് ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാരില്‍ നിന്ന് അനുകൂല സമീപനമുണ്ടാവാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്. പൊലീസ് പാതപരമായി അന്വേഷിച്ച് തന്നെ പ്രതിയാക്കിയെന്നായിരുന്നു ഹ​രജിയിൽ ദിലീപിന്‍റെ പരാതി. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയുടെ മൊഴി മാത്രം അടിസ്ഥാനമാക്കിയാണ് അന്വേഷണ സംഘം തന്നെ പ്രതിപ്പട്ടികയിൽ ചേർത്തത്.

നിർമാതാവായ ലിബർട്ടി ബഷീറും സംവിധായകൻ ശ്രീകുമാർ മേനോനും തന്നെ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്നും ദിലീപ് ഹരജിയിൽ ആരോപിച്ചിരുന്നു. അതേസമയം, ശ്രീകുമാർ മേനോൻ, ലിബർട്ടി ബഷീർ എന്നിവർക്കെതിരേ ദിലീപ് ഉന്നയിക്കുന്ന ആരോപണങ്ങളിൽ തെളിവൊന്നുമില്ലെന്ന് കോടതി നിരീക്ഷിച്ചു. കേസ് ഡയറി പരിശോധിക്കുമ്പോൾ കൃത്യമായ അന്വേഷണമാണ് നടന്നതെന്നു വ്യക്തമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.

എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലാണ് നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടക്കുന്നത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നും കേസ് വിചാരണയ്ക്കായി സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. തൃശൂരിലെ ഷൂട്ടിങ് ലോക്കേഷനില്‍ നിന്നും കൊച്ചിയിലേക്ക് പോകവേ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍വച്ചാണ് നടി ആക്രമിക്കപ്പെട്ടത്.