ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരം മെയ് 15 വരെ നടപ്പാക്കരുതെന്ന് ഹൈക്കോടതി

ഡ്രൈവിങ്‌ ടെസ്റ്റ്‌ പരിഷ്കാരത്തിനെതിരെ തൃശൂർ സ്വദേശി കെ എൻ മോഹനൻ ഉൾപ്പെടെയുള്ളവർ നൽകിയ ഹരജി പരി​ഗണിച്ചാണ് കോടതി ഉത്തരവ്. ഫെബ്രുവരി 16 ന് ഡ്രൈവിങ്‌ ടെസ്റ്റിൽ മാറ്റം വരുത്തി ട്രാൻസ്പോർട്ട്‌ കമ്മിഷണർ സർക്കുലർ ഇറക്കിയ ശേഷം ഏപ്രിൽ ഒന്നുവരെ മാത്രമാണ്‌ പഴയ രീതിയിലുള്ള ടെസ്റ്റ്‌ നടത്തിയത്‌. ഈ സാഹചര്യത്തിലാണ് കൂടുതൽ സമയം വേണമെന്ന ആവശ്യവുമായി ഹരജിക്കാർ കോടതിയെ സമീപിച്ചത്. ആവശ്യത്തിനു അടിസ്ഥാനസൗകര്യമില്ലാതെയാണ് പുതുക്കിയ മാനദണ്ഡം നടപ്പാക്കാൻ പോവുന്നതെന്നായിരുന്നു പ്രധാന വിമർശനം.

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരം മെയ് 15 വരെ നടപ്പാക്കരുതെന്ന് ഹൈക്കോടതി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരം മെയ്15 വരെ നടപ്പാക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്. ഫെബ്രുവരി 16നു മുമ്പ് ലേണേഴ്സ് ടെസ്റ്റ് എഴുതി ജയിച്ചവർക്ക് പഴയ രീതിയിലുള്ള ഡ്രൈവിങ്‌ ടെസ്റ്റിനു ഹാജരാകാൻ ഒന്നര മാസം കൂടി അനുവദിക്കണമെന്നും സിംഗിൾബെഞ്ചിന്റെ ഉത്തരവിൽ പറയുന്നു. മോട്ടോർവാഹന വകുപ്പ് ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരം നടപ്പാക്കിയതോടെ ഫെബ്രുവരി 16 നു മുമ്പ്‌ ലേണേഴ്സ്‌ പാസായവർക്ക്‌ പഴയ രീതിയിലുള്ള ടെസ്റ്റിന്‌ 45 ദിവസം മാത്രമാണ്‌ ലഭിച്ചത്‌. ഇതുപോരെന്നും കൂടുതൽ സമയം വേണമെന്നും നിരീക്ഷിച്ചാണ് കോടതി സർക്കുലർ നടപ്പാക്കുന്നത് നീട്ടിവയ്ക്കാൻ നിർദേശിച്ചത്.

ഡ്രൈവിങ്‌ ടെസ്റ്റ്‌ പരിഷ്കാരത്തിനെതിരെ തൃശൂർ സ്വദേശി കെ എൻ മോഹനൻ ഉൾപ്പെടെയുള്ളവർ നൽകിയ ഹരജി പരി​ഗണിച്ചാണ് കോടതി ഉത്തരവ്. ഫെബ്രുവരി 16 ന് ഡ്രൈവിങ്‌ ടെസ്റ്റിൽ മാറ്റം വരുത്തി ട്രാൻസ്പോർട്ട്‌ കമ്മിഷണർ സർക്കുലർ ഇറക്കിയ ശേഷം ഏപ്രിൽ ഒന്നുവരെ മാത്രമാണ്‌ പഴയ രീതിയിലുള്ള ടെസ്റ്റ്‌ നടത്തിയത്‌. ഈ സാഹചര്യത്തിലാണ് കൂടുതൽ സമയം വേണമെന്ന ആവശ്യവുമായി ഹരജിക്കാർ കോടതിയെ സമീപിച്ചത്. ആവശ്യത്തിനു അടിസ്ഥാനസൗകര്യമില്ലാതെയാണ് പുതുക്കിയ മാനദണ്ഡം നടപ്പാക്കാൻ പോവുന്നതെന്നായിരുന്നു പ്രധാന വിമർശനം.

റോഡപകടങ്ങൾ പെരുകുന്നതിനാലാണ്‌ ഡ്രൈവിങ്‌ ടെസ്റ്റ്‌ കർശനമാക്കിയതെന്ന്‌ കോടതിയിൽ സർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ മദ്യപിച്ച്‌ വാഹനമോടിക്കുന്നതും റോഡുകളുടെ ശോച്യാവസ്ഥയുമാണ്‌ അപകടങ്ങൾക്കു കാരണമെന്ന്‌ ഹരജിക്കാർ വാദിച്ചു. അതേസമയം, കോടതി ഉത്തരവ് വന്നതോടെ ഇനിയുള്ള ദിവസങ്ങളില്‍ പഴയ രീതിയിലുള്ള ഡ്രൈവിങ് ടെസ്റ്റ് മതിയെന്നു ഗതാഗത കമ്മീഷണര്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.

കാർ ലൈസൻസിനുള്ള എച്ച് എടുക്കൽ മാനദണ്ഡം കൂടുതൽ കർക്കശമാക്കിയായിരുന്നു പുതിയ സർക്കുലർ. ഇതിനു പുറമേ റിവേഴ്‌സ് പാര്‍ക്കിങ്, വാഹനം കയറ്റത്തു നിര്‍ത്താനുള്ള കഴിവ് പരിശോധിക്കുക തുടങ്ങിയവ നിർബന്ധമാക്കിയായിരുന്നു പുതിയ പരിഷ്കാരം. ഇതു നടത്തുന്ന രീതിയിലുള്ള പരീക്ഷണ മൈതാനം ഒരുക്കാന്‍ 90 ലക്ഷം രൂപ ചെലവ് വരുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. നിലവില്‍ നാല് മൈതാനികളാണ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളത്. രണ്ടെണ്ണം കൂടി ഒരുക്കാന്‍ നടപടിയെടുത്തിട്ടുണ്ട്.

വാഹന ലൈസൻസിനായി ടെസ്റ്റിങ്ങിൽ എച്ച് ‌എടുക്കുമ്പോൾ അരികിലായി സ്ഥാപിക്കുന്ന കമ്പികളുടെ ഉയരം അഞ്ചടിയിൽ നിന്നു രണ്ടര അടിയായി കുറച്ചതായിരുന്നു പരിഷ്കാരത്തിൽ പ്രധാനം. ഇതോടെ, വാഹനത്തിലിരുന്നു പുറകോട്ടു നോക്കിയാല്‍ കമ്പി കാണില്ല. വാഹനത്തിലെ കണ്ണാടി മാത്രം നോക്കി വേണം വണ്ടി പുറകോട്ടും വശങ്ങളിലേക്കും എടുക്കേണ്ടത്. വാഹനത്തിനു കയറാനും ഇറങ്ങാനുമുള്ള ഭാഗങ്ങള്‍ ഒഴിച്ച് എല്ലാഭാഗത്തെയും കമ്പികള്‍ റിബണ്‍ ഉപയോഗിച്ച് ബന്ധിപ്പിക്കുകയും ചെയ്യും (റിബണില്‍ എവിടെ തട്ടിയാലും കമ്പി വീഴും).

അതോടെ ലൈസന്‍സ് പ്രായോഗിക പരീക്ഷ തോല്‍ക്കുകയും ചെയ്യും. വാഹനം റിവേഴ്‌സ് എടുക്കുമ്പോള്‍ വളവുകള്‍ തിരിച്ചറിയാനായി കമ്പിയില്‍ അടയാളം വയ്ക്കുന്ന പതിവ് ഇനി മുതൽ അനുവദിക്കില്ല. റിവേഴ്‌സ് എടുക്കുമ്പോള്‍ തിരിഞ്ഞുനോക്കാനോ, ഡോറിനു വെളിയിലേക്കു നോക്കാനോ അനുവാദമില്ല. നിരപ്പായ സ്ഥലത്തിനു പുറമെ കയറ്റത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനം ഓടിച്ചുകാണിക്കുകയും വേണം. വണ്ടി പുറകോട്ടുപോവാന്‍ പാടില്ല. രണ്ടു വാഹനങ്ങള്‍ക്കിടയില്‍ പാര്‍ക്ക് ചെയ്യാനാകുമോ എന്നറിയാനുള്ള പാര്‍ക്കിങ് പരീക്ഷയും പുതുതായി ഉണ്ടാകും- ഇതൊക്കെയാണ് പുതിയ പരിഷ്കാരങ്ങൾ.