ജിഷ്ണു കേസ്: ഒളിവിലുള്ള പ്രതികളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു; ജാമ്യഹരജി പരിഗണിക്കും വരെ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍

ഇന്നലെ അറസ്റ്റിലായ നെഹ്രു കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലിന്റേയും ഒളിവില്‍ കഴിയുന്ന സി പി പ്രവീണ്‍, ദിപിന്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കും. ജാമ്യഹരജി പരിഗണിക്കുംവരെ ഒളിവിലുള്ളവരെ അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞു. മുന്‍കൂര്‍ ജാമ്യഹരജി ഇന്നു പരിഗണിക്കാനിരിക്കെ ശക്തിവേലിനെ അറസ്റ്റ് ചെയ്ത നടപടി കോടതിയലക്ഷ്യമാണെന്നു ചൂണ്ടിക്കാടി ശക്തിവേലിന്റെ ഭാര്യ കോടതിയില്‍ ഹരജി നല്‍കി.

ജിഷ്ണു കേസ്: ഒളിവിലുള്ള പ്രതികളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു; ജാമ്യഹരജി പരിഗണിക്കും വരെ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍

മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമാകുന്നത് വരെ ജിഷ്ണു കേസിലെ നാലും അഞ്ചും പ്രതികളായ പ്രവീണിനേയും ദിപിനേയും അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു. ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ ഇരുവരേയും അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ശക്തിവേല്‍ ഉള്‍പ്പെടെ മൂന്നും നാലും അഞ്ചും പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നുച്ചയ്ക്കാണ് കോടതി പരിഗണിക്കുന്നത്.

രാവിലെ കോടതി ചേര്‍ന്നപ്പോള്‍ ശക്തിവേലിനെ അറസ്റ്റ് ചെയ്ത കാര്യം പ്രതിഭാഗം അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കേ ശക്തിവേലിനെ അറസ്റ്റ് ചെയ്ത നടപടി ശരിയല്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. നാലും അഞ്ചും പ്രതികള്‍ പൊലീസിന്റെ കസ്റ്റഡിയിലുണ്ടോ എന്ന് കോടതി ചോദിച്ചു. ഇല്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി.

നാലും അഞ്ചും പ്രതികള്‍ക്ക് ഇടക്കാല ജാമ്യം നല്‍കി കോടതിയുടെ ഇടക്കാല ഉത്തരവുണ്ടാകണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ ഇത്തരമൊരു ഇടക്കാല ഉത്തരവിനു സാധ്യതയില്ലെന്നും ഉച്ചയ്ക്ക് ജാമ്യ ഹരജി പരിഗണിക്കുന്നത് വരെ അറസ്റ്റ് ഉണ്ടാകില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാക്കാല്‍ ഉറപ്പു നല്‍കി.

അറസ്റ്റ് ചെയ്തതിനാല്‍ ശക്തിവേലിന് ഇനി മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മുന്നോട്ടു പോകാനാകില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കേ ശക്തിവേലിനെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ ശക്തിവേലിന്റെ ഭാര്യ കോടതിയലക്ഷ്യത്തിനു കേസ് കൊടുത്തു. മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കേ അറസ്റ്റ് ചെയ്‌തെന്നു ചൂണ്ടിക്കാട്ടിയാണ് ഹരജി.

കഴിഞ്ഞതവണ ഈ കേസ് പരിഗണിച്ചപ്പോള്‍ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അങ്ങനെ ഉറപ്പു നല്‍കാന്‍ കഴിയില്ലെന്നും ഇവരെ കണ്ടാല്‍ അറസ്റ്റ് ചെയ്യുമെന്നുമായിരുന്നു സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചത്. ശക്തിവേലിനെ അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് മറ്റു രണ്ടു പ്രതികളുടെ അറസ്റ്റ് തടഞ്ഞുള്ള കോടതി ഉത്തരവ്.