വിദ്വേഷ പരാമർശം; സെൻകുമാറിനു മുൻകൂർ ജാമ്യം

ഇന്നുച്ചയ്ക്കാണ് സെൻകുമാർ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. കേസിൽ അറസ്റ്റ് ഉണ്ടാവുമെന്ന് ഉറപ്പായതോടെയാണ് സെൻകുമാർ‌ ഇത്തരമൊരു നീക്കം നടത്തിയത്.

വിദ്വേഷ പരാമർശം; സെൻകുമാറിനു മുൻകൂർ ജാമ്യം

മുസ്ലിം സമുദായത്തിനെതിരെ വിദ്വേഷ പരാമർശം നടത്തി വിവാദത്തിലായ മുൻ ഡിജിപി ടി പി സെൻകുമാറിന് മുൻകൂർ ജാമ്യം. ഉപാധികളോടെയാണ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്താലുടൻ ജാമ്യം നൽകണമെന്നും കോടതി നിർദേശിച്ചു.

വിദ്വേഷ പരാമർശം നടത്തിയ സംഭവത്തിൽ സെൻകുമാറിനെതിരെ ഐപിസി 153 എ പ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് സെന്‍കുമാറിനെതിരെ കേസ് എടുത്തിരിക്കുന്നത്. തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മുൻകൂർ ജാമ്യം തേടി സെൻകുമാർ ഹൈക്കോടതിയിലെത്തിയത്. സെൻകുമാറിന്റെ അഭിമുഖം പ്രസിദ്ധീകരിച്ച വാരികയ്‌ക്കെതിരെയും ഇതേ വകുപ്പ് പ്രകാരം കേസ് എടുത്തിട്ടുണ്ട്.

ഇന്നുച്ചയ്ക്കാണ് സെൻകുമാർ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. കേസിൽ അറസ്റ്റ് ഉണ്ടാവുമെന്ന് ഉറപ്പായതോടെയാണ് സെൻകുമാർ‌ ഇത്തരമൊരു നീക്കം നടത്തിയത്. മതവിഭാ​ഗങ്ങൾക്കിടയിൽ സ്പർധയുണ്ടാക്കുന്നതായി താൻ യാതൊന്നും പറഞ്ഞിട്ടില്ലെന്നാണ് സെൻകുമാറിന്റെ വാദം. ഉദ്യോ​ഗസ്ഥർ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളാണ് കേസിനു കാരണമെന്നും സെൻകുമാർ ജാമ്യാപേക്ഷയിൽ പറയുന്നു.

അഭിമുഖം തെറ്റായി വ്യാഖ്യാനിക്കുകയും വാരികയ്ക്കെതിരെ നിയമനടപടി സ്വീകരിക്കാൻ പോവുകയാണെന്നുമാണ് സെൻകുമാറിന്റെ മറ്റൊരു വാദം. എന്നാൽ പരാമർശങ്ങൾ വിവാദമായ പശ്ചാത്തലത്തിൽ, ചുളിഞ്ഞ നെറ്റികൾ ചുളിഞ്ഞുതന്നെ ഇരിക്കട്ടെയെന്നായിരുന്നു ഇതു സംബന്ധിച്ച മുൻ ഡിജിപിയുടെ പ്രതികരണം.

സെന്‍കുമാറിനെതിരെ കേസെടുക്കാമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായരുടെ നിയമോപദേശം സര്‍ക്കാറിനു ലഭിച്ചിരുന്നു. മതസ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള പ്രസ്താവനയാണ് സെന്‍കുമാര്‍ നടത്തിയതെന്നും കേസെടുക്കാവുന്ന കുറ്റങ്ങളാണ് ആരോപിക്കപ്പെട്ടിരിക്കുന്നതെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കിയിരുന്നു.

പൊലീസ് മേധാവി സ്ഥാനത്തുനിന്ന് വിരമിച്ചതിന്റെ തൊട്ടടുത്ത ദിവസാണ് വിവാദമായ അഭിമുഖം സെന്‍കുമാര്‍ സമകാലിക മലയാളം വാരികയ്ക്ക് നല്‍കിയത്. 100 കുട്ടികൾ ജനിക്കുമ്പോൾ അതിൽ 42ഉം മുസ്ലിങ്ങൾ ആണെന്നും 54 ശതമാനമുള്ള ഹിന്ദുക്കളുടെ ജനന നിരക്ക് 48 ശതമാനത്തില്‍ താഴെയാണെന്നും സെൻകുമാർ പറഞ്ഞിരുന്നു.

ഈ അവസ്ഥ തുടർന്നാൽ കേരളത്തിന്റെ ​ഗതിയെന്താകുമെന്നു ചിന്തിക്കണമെന്നുമായിരുന്നു സെൻകുമാറിന്റെ വാദം. മുസ്ലീങ്ങൾ തീവ്രവാദം അവസാനിപ്പിക്കണമെന്നു പറഞ്ഞ സെൻകുമാർ, 'മുസ്ലീം സമൂഹത്തിനുള്ളിലും നല്ലവരുണ്ട്' എന്നും അഭിപ്രായപ്പെട്ടിരുന്നു.‌ ഹൈക്കോടതി പോലും ഇല്ലെന്നു വ്യക്തമാക്കിയ ലൗ ജിഹാദ് ഉണ്ടെന്നായിരുന്നു സെൻകുമാറിന്റെ മറ്റൊരു വാദം.

ലൗ ജിഹാദ് പോലുള്ള പരിപാടികളിൽ നിന്ന് മുസ്ലീങ്ങൾ വിട്ടുനിൽക്കണം. സ്നേഹത്തിന്റെ പേരിലുള്ള മതം മാറ്റമല്ല അതെന്നും ഇസ്ലാമിൽ മാത്രമുള്ള ഏകപക്ഷീയമായ പ്രവർത്തനമാണതെന്നുമായിരുന്നു സെൻകുമാറിന്റെ അഭിപ്രായം. കൂടാതെ, രു മുസ്ലീമിനു സ്വര്‍​ഗത്തില്‍ പോകണമെങ്കില്‍ ജിഹാദ് നടത്തിയേ പറ്റൂ എന്നു പഠിപ്പിക്കുകയും ആ ജിഹാദ് എന്നത് മറ്റുള്ള മതക്കാരെ മുസ്ലീമാക്കുകയും അമുസ്ലീങ്ങളെ കൊന്നുകളയുകയുമാണ് എന്നും പറയുന്നിടത്താണ് പ്രശ്‌നം വരുന്നതെന്നും സെൻകുമാർ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

Read More >>