വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രാഷ്ട്രീയം വേണ്ടെന്ന് ഹൈക്കോടതി; 'സമരം ചെയ്യാനല്ല പഠിക്കാനാണ് കോളേജിൽ വരുന്നത്'

രാഷ്ട്രീയ പ്രവർത്തനം നടത്താനാണെങ്കിൽ പഠനം നിർത്തിപ്പോകാനാണ് ഹൈക്കോടതി പറഞ്ഞത്. സമരം ചെയ്യുന്ന വിദ്യാർത്ഥികളെ പുറത്താക്കാൻ സ്കൂൾ- കോളേജ് മാനേജ്മെന്റുകൾക്ക് അധികാരമുണ്ടെന്നും കോടതി വിധിച്ചു. പൊന്നാനി എംഇഎസ് കോളേജ് സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രാഷ്ട്രീയം വേണ്ടെന്ന് ഹൈക്കോടതി; സമരം ചെയ്യാനല്ല പഠിക്കാനാണ് കോളേജിൽ വരുന്നത്

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനം വേണ്ടെന്ന് ഉത്തരവിട്ട് കേരളാ ഹൈക്കോടതി. പഠിക്കാൻ വേണ്ടിയാണ് സ്കൂളുകളിലും കോളേജുകളിലും പോകുന്നത്, രാഷ്ട്രീയ പ്രവർത്തനത്തിനല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സമരവും സത്യാഗ്രഹവും അടക്കമുള്ള പ്രവർത്തനങ്ങൾ അനുവദനീയമല്ലെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ പറയുന്നു.

രാഷ്ട്രീയ പ്രവർത്തനം നടത്താനാണെങ്കിൽ പഠനം നിർത്തിപ്പോകാനാണ് ഹൈക്കോടതി പറഞ്ഞത്. സമരം ചെയ്യുന്ന വിദ്യാർത്ഥികളെ പുറത്താക്കാൻ സ്കൂൾ- കോളേജ് മാനേജ്മെന്റുകൾക്ക് അധികാരമുണ്ടെന്നും കോടതി വിധിച്ചു. പൊന്നാനി എംഇഎസ് കോളേജ് സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്.

കോളേജിലെ ഒരു എസ്എഫ്ഐ നേതാവിനെതിരെ എംഇഎസ് മാനേജ്മെന്റ് അച്ചടക്ക നടപടിയെടുത്തിരുന്നു. ഇതിനെത്തുടർന്ന് കോളേജിനു മുന്നിൽ വലിയ ധർണയും ടെന്റ് കെട്ടി സമരവും വിദ്യാർത്ഥികൾ ആരംഭിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത്, അച്ചടക്ക നടപടി നേരിട്ട എസ്എഫ്ഐ നേതാവിനെയും സംസ്ഥാന പൊലീസിനെയുമടക്കം എതിർകക്ഷികളാക്കി എംഇഎസ് കോളേജ് മാനേജ്മെന്റ് ഹൈക്കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഹൈക്കോറ്റതി ബഞ്ചാണ് ഇതിൽ സുപ്രധാന വിധി പറഞ്ഞിരിക്കുന്നത്.

ഭരണഘടനാപരമായ അവകാശങ്ങളും സംവിധാനങ്ങളും ഇല്ലാതിരുന്ന കാലത്താണ് സമരവും സത്യാഗ്രഹവുമടക്കമുള്ള കാര്യങ്ങൾ സാധുവായിരുന്നത്. ഒരു ജനാധിപത്യ സംവിധാനത്തിൽ സമരമോ സത്യാഗ്രഹമോ അടക്കമുള്ളവയ്ക്ക് സ്ഥാനമില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തീരെയില്ല എന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നുണ്ട്.

വിദ്യാർത്ഥികൾക്ക് എന്തെങ്കിലും ആവശ്യങ്ങളുണ്ടെങ്കിൽ അത് നിയമമാർഗങ്ങളിലൂടെയാണ് നേടേണ്ടതെന്നും, സമരം ചെയ്തല്ലെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. നിയമമാർഗങ്ങൾ ഉപയോഗിക്കാതെ സമരം ചെയ്യുന്നത്, ആവശ്യങ്ങൾ നീതിപൂർവകമല്ലെന്ന ഉത്തമ ബോധ്യമുള്ളതിനാലാണെന്ന വാദവും കോടതി ഉയർത്തുന്നുണ്ട്. കേസിലെ എതിർകക്ഷിയായ എസ്എഫ്ഐ നേതാവിനോട് പഠനത്തിൽ ശ്രദ്ധിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. താങ്കളുടെ മാതാപിതാക്കളോടും അതു തന്നെയാണ് പറയാനുള്ളതെന്നും ഹൈക്കോടതി ബഞ്ച് പറഞ്ഞു.

ക്യാമ്പസുകൾക്കകത്തേക്ക് പൊലീസിന് അധികാരം നൽകുന്ന ഉത്തരവു കൂടിയാണ് ഹൈക്കോടതിയിൽ നിന്നുണ്ടായത്. ഏതെങ്കിലും കോളേജിൽ സമരമോ സത്യാഗ്രഹമോ നടക്കുന്നുണ്ടേങ്കിൽ സമരപ്പന്തൽ പൊളിക്കാനും വിദ്യാർത്ഥികളെ നീക്കാനും കോളേജ് മാനേജ്മെന്റിന് അധികാരമുണ്ട്. അത്തരം സാഹചര്യമുണ്ടായാൽ പൊലീസിനെ അറിയിക്കണം. കോളേജുകളിൽ നിന്ന് ഇത്തരം അറിയിപ്പികൾ ലഭിച്ചാൽ, പൊലീസ് കോളേജിലെത്തി നടപടിയെടുക്കണമെന്ന് ഹൈക്കോടതി സംസ്ഥാന പൊലീസിനു നിർദ്ദേശം നൽകി. ക്യാമ്പസിൽ സമാധാനം ഉറപ്പാക്കാൻ പൊലീസിന് ഇടപെടാമെന്നും ഹൈക്കോടതിയുടെ സുപ്രധാനമായ ഉത്തരവിൽ പറയുന്നുണ്ട്.

Read More >>