പേമാരി !!! സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി

പ്രഫഷണല്‍ കോളേജുകള്‍ക്കുള്‍പ്പെടെ അവധി ബാധകമാണ്

പേമാരി !!! സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി

രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ സെക്രട്ടറിയാണ് അവധി പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു സംസ്ഥാന വ്യാപകമായി അവധി നല്‍കാന്‍ ദുരന്ത നിവാരണ സേന സര്‍ക്കാരിനോടു ശിപാര്‍ശ ചെയ്തിരുന്നു. അതേസമയം, സംസ്ഥാനത്തും ലക്ഷദ്വീപിലും 21 വരെ വ്യാപകമായി മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുള്ളത്.

ഇടുക്കി ജില്ലയില്‍ ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നുണ്ട്.' പള്ളിവാസല്‍ രണ്ടാം മൈലില്‍ മണ്ണിടിഞ്ഞ് കൊച്ചി ധനുഷ് ക്കോടി ദേശീയ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. ഇടുക്കി ഡാമിലെ ജലനിരപ്പ് സംഭരണ ശേഷിയുടെ 50 ശതമാനമായി ഉയര്‍ന്നു.2354.30 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്.മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 125 അടിയായി ഉയര്‍ന്നു.പൊന്‍മുടി ഡാമിലെ ജലനിരപ്പ് 707.40 അടിയായി ഉയര്‍ന്നു707.70 അടിയായാല്‍ അണക്കെട്ടു തുറക്കും. കനത്തമഴയെ തുടര്‍ന്ന് അട്ടപ്പാടി ആനക്കല്‍, തൊട്ടിയക്കര, പുതൂര്‍, ജെല്ലിപ്പാറ മേഖലകളില്‍ വലിയ നാശ നഷ്ടം. ആനക്കല്‍ - തൊട്ടിയാക്കര ഭാഗത്ത് രണ്ടിടത്ത് ഉരുള്‍പ്പൊട്ടി. നാലുവീടുകള്‍ ഭാഗികമായി തകര്‍ന്നു. ആര്‍ക്കും പരുക്കില്ല. മിക്കയിടത്തും വെള്ളം കയറിയിട്ടുണ്ട്. പൊലീസ്, ഫയര്‍ഫോഴ്‌സ് എന്നിവയുള്‍പ്പെടെയുളള സംവിധാനം സ്ഥലത്തുണ്ട്. കണ്‍ട്രോള്‍ റൂം തുറന്നു.


അട്ടപ്പാടി ചുരത്തില്‍ മലവെള്ളപ്പാച്ചിലില്‍ വീണ മരങ്ങള്‍ നീക്കം ചെയ്യാനുള്ള ശ്രമം തുടരുന്നു. ഇതുവഴിയുളള ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. മണ്ണാര്‍ക്കാട് മുക്കണ്ണം നെല്ലിപുഴയുടെ തീരത്തു വെള്ളത്തില്‍ കുടുങ്ങിയ മൂന്നു തൊഴിലാളികളെ ഫയര്‍ഫോഴ്‌സ് കരയ്‌ക്കെത്തിക്കാന്‍ ശ്രമിക്കുന്നു. പുഴയരുകിലുലുളള ഹോളോബ്രിക്‌സ് നിര്‍മാണ യൂണിറ്റിനോട് ചേര്‍ന്ന് ഷെഡില്‍ താമസിക്കുകയായിരുന്നു ഇവര്‍. പുഴ കവിഞ്ഞഴുകിയതോടെ ഷെഡ് വെളളത്തില്‍ മുങ്ങി. കോട്ടയം-ചങ്ങനാശേരി റൂട്ടില്‍ റെയില്‍പാളത്തില്‍ മണ്ണിടിഞ്ഞു വീണു ഗതാഗതം തടസ്സപ്പെട്ടെങ്കിലും പിന്നീടു പുനഃസ്ഥാപിച്ചു. വേഗം കുറച്ചാണ് ഇതുവഴി ട്രെയിനുകള്‍ കടത്തിവിടുന്നത്. അതിനാല്‍ത്തന്നെ യാത്രക്കാരില്‍ പലരും വലഞ്ഞു. യാത്രക്കാരുടെ ബുദ്ധിമുട്ട് കുറയ്ക്കാനായി റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് കെഎസ്ആര്‍ടിസി കൂടുതല്‍ സ്‌പെഷല്‍ സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്.കോട്ടയം - തിരുവനന്തപുരം റൂട്ടിലാണ് കൂടുതല്‍ ബസുകള്‍ അനുവദിച്ചത്.


കനത്ത മഴയില്‍ ശനിയാഴ്ച രാത്രി എറണാകുളം ജനറല്‍ ആശുപത്രിക്ക് മുകളിലേക്ക് മരം വീണു. മഹാരാജാസ് കോളജില്‍ നിന്ന മരമാണ് റോഡിനു കുറുകെ വീണത്. ഇതിന്റെ ഒരറ്റം ആശുപത്രിക്കെട്ടിടത്തിലേക്കു പതിക്കുകയായിരുന്നു. രോഗികള്‍ ഉള്‍പ്പെടെ ഉണ്ടായിരുന്നെങ്കിലും ആളപായമില്ല. അഗ്‌നിശമനസേന എത്തി മരം മുറിച്ചുമാറ്റി. കൊച്ചിയില്‍ മഴയില്‍ പലയിടത്തും കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടു. റോഡുകളില്‍ ഗതാഗതക്കുരുക്കും രൂക്ഷമാണ്.അതിനിടെ മഴയില്‍ പലയിടത്തും ഉരുള്‍പൊട്ടി. വ്യാപകകൃഷിനാശവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മധ്യകേരളത്തില്‍ കോട്ടയത്തും ആലപ്പുഴയിലും ഉള്‍പ്പെടെ മഴ തുടരുകയാണ്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തമായ മേഘസാന്നിധ്യമുണ്ട്. അറബിക്കടലിലും മഴമേഘങ്ങളുടെ വന്‍ നിര കാത്തുകിടക്കുന്നു. രാജ്യമെങ്ങും അടുത്തയാഴ്ചയോടെ മണ്‍സൂണ്‍ ഒരു വട്ടം കൂടി ശക്തമാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. 19നു രാവിലെ വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട കേന്ദ്രങ്ങളില്‍ കനത്ത മഴയുണ്ടാകും. ശനിയാഴ്ച തളിപ്പറമ്പില്‍ ആറ് സെന്റിമീറ്ററും വൈത്തിരിയില്‍ അഞ്ച് സെന്റിമീറ്ററും വീതം മഴ പെയ്തു.

Read More >>