കനത്ത മഴ തുടരുന്നു; സംസ്ഥാനത്ത് രണ്ട് മരണം

വടക്കൻ ജില്ലകളിലും ഇടുക്കിയിലുമാണ് ഏറ്റവുമധികം നാശനഷ്ടം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടായതോടെ മൂന്നാർ ഒറ്റപ്പെട്ടു

കനത്ത മഴ തുടരുന്നു; സംസ്ഥാനത്ത് രണ്ട് മരണം

സംസ്ഥാനത്ത് വീണ്ടും കാലവർഷം ശക്തമായി. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനാലാണ് സംസ്ഥാനത്ത് കനത്ത മഴ തുടരുന്നത്. ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്ന് അതി തീവ്രമഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്. ഉരുള്‍പൊട്ടലിനും അപകടങ്ങള്‍ക്കും സാധ്യതയുള്ളതിനാല്‍ ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മറ്റ് ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

വടക്കൻ കേരളത്തിൽ ശക്തമായ മഴയെ തുടര്‍ന്ന് പുഴകള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. നിർത്താതെ പെയ്യുന്ന മഴയിലും ആഞ്ഞടിക്കുന്ന കാറ്റിലും സംസ്ഥാനത്ത് രണ്ടു പേർ മരിച്ചു. പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലും വയനാട്ടിലും രണ്ടു സ്ത്രീകളാണ് മരിച്ചത്. മഴ ശക്തമാകുന്നതിനെ തുടർന്ന് വീട് മാറുന്നതിനിടെയാണ് അപകടത്തിൽ പെട്ട് മരണം സംഭവിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വടക്കൻ ജില്ലകളിലും ഇടുക്കിയിലുമാണ് ഏറ്റവുമധികം നാശനഷ്ടം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടായതോടെ മൂന്നാർ ഒറ്റപ്പെട്ടു. അതിതീവ്രമഴയാണ് മൂന്നാറിൽ. അതേ സമയം, കനത്ത മഴയെ തുടര്‍ന്ന് നിലമ്പൂരില്‍ വെള്ളപ്പൊക്കം. നിലമ്പൂര്‍ ടൗണും പരിസരപ്രദേശങ്ങളുമാണ് വെള്ളത്തില്‍ മുങ്ങിയത്. പലയിടത്തും വെള്ളപ്പൊക്കമുണ്ടായതോടെ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിതുടങ്ങി. കോഴിക്കോട് അമ്പായത്തോട് 32 കുടുംബങ്ങളിലെ 132 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. പലയിടത്തും മരം വീണ് ഗതാഗതം തടസപ്പെട്ടു. ഇരുവഴഞ്ഞിപ്പുഴ, ചാലിപ്പുഴ, ചാലിയാര്‍ എന്നിവ പലയിടത്തും കര കവിഞ്ഞു.

കാസർകോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി, പാലക്കാട്, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടര്‍മാരാണ് അവധി പ്രഖ്യാപിച്ചത്. കാലവര്‍ഷം ശക്തമായി തുടരുന്നതും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലുമാണ് അവധി പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര യോഗം വിളിച്ചു.

Read More >>