കനത്ത മഴ: എട്ടു ജില്ലകൾക്ക് നാളെ അവധി; ചൊവ്വാഴ്ച വരെ മഴ തുടരും

പ്രഫഷണൽ കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്.

കനത്ത മഴ: എട്ടു ജില്ലകൾക്ക് നാളെ അവധി; ചൊവ്വാഴ്ച വരെ മഴ തുടരും

തിരുവനന്തപുരം: രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയെ തുടർന്ന് എട്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട്, എറണാകുളം, ഇടുക്കി, പാലക്കാട്, കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. പ്രഫഷണൽ കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. കൂടാതെ, ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു സംസ്ഥാന വ്യാപകമായി അവധി നൽകാൻ ദുരന്ത നിവാരണ സേന സർക്കാരിനോടു ശിപാർശ ചെയ്തിട്ടുണ്ട്. അതേസമയം, സംസ്ഥാനത്തും ലക്ഷദ്വീപിലും 21 വരെ വ്യാപകമായി മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുള്ളത്.

പള്ളിവാസൽ രണ്ടാം മൈലിൽ മണ്ണിടിഞ്ഞ് കൊച്ചി ധനുഷ് ക്കോടി ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ഇടുക്കി ഡാമിലെ ജലനിരപ്പ് സംഭരണ ശേഷിയുടെ 50 ശതമാനമായി ഉയർന്നു.2354.30 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്.മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 125 അടിയായി ഉയർന്നു.പൊൻമുടി ഡാമിലെ ജലനിരപ്പ് 707.40 അടിയായി ഉയർന്നു707.70 അടിയായാൽ അണക്കെട്ടു തുറക്കും.

കനത്തമഴയെ തുടർന്ന് അട്ടപ്പാടി ആനക്കൽ, തെ‍ാട്ടിയക്കര, പുതൂർ, ജെല്ലിപ്പാറ മേഖലകളിൽ വലിയ നാശ നഷ്ടം. ആനക്കൽ – തെ‍ാട്ടിയാക്കര ഭാഗത്ത് രണ്ടിടത്ത് ഉരുൾപ്പൊട്ടി. നാലുവീടുകൾ ഭാഗികമായി തകർന്നു. ആർക്കും പരുക്കില്ല. മിക്കയിടത്തും വെള്ളം കയറിയിട്ടുണ്ട്. പെ‍ാലീസ്, ഫയർഫേ‍ാഴ്സ് എന്നിവയുൾപ്പെടെയുളള സംവിധാനം സ്ഥലത്തുണ്ട്. കൺട്രേ‍ാൾ റൂം തുറന്നു. അട്ടപ്പാടി ചുരത്തിൽ മലവെള്ളപ്പാച്ചിലിൽ വീണ മരങ്ങൾ നീക്കം ചെയ്യാനുള്ള ശ്രമം തുടരുന്നു. ഇതുവഴിയുളള ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. മണ്ണ‍ാർക്കാട് മുക്കണ്ണം നെല്ലിപുഴയുടെ തീരത്തു വെള്ളത്തിൽ കുടുങ്ങിയ മൂന്നു ‍തെ‍ാഴിലാളികളെ ഫയർഫേ‍ാഴ്സ് കരയ്ക്കെത്തിക്കാൻ ശ്രമിക്കുന്നു. പുഴയരുകിലുലുളള ഹേ‍ാളേ‍ാബ്രിക്സ് നിർമാണ യൂണിറ്റിനേ‍ാട് ചേർന്ന് ഷെഡിൽ താമസിക്കുകയായിരുന്നു ഇവർ. പുഴ കവിഞ്ഞ‍െ‍ാഴുകിയതേ‍ാടെ ഷെഡ് വെളളത്തിൽ മുങ്ങി.

കോട്ടയം–ചങ്ങനാശേരി റൂട്ടിൽ റെയിൽപാളത്തിൽ മണ്ണിടിഞ്ഞു വീണു ഗതാഗതം തടസ്സപ്പെട്ടെങ്കിലും പിന്നീടു പുനഃസ്ഥാപിച്ചു. വേഗം കുറച്ചാണ് ഇതുവഴി ട്രെയിനുകൾ കടത്തിവിടുന്നത്. അതിനാൽത്തന്നെ യാത്രക്കാരിൽ പലരും വലഞ്ഞു. യാത്രക്കാരുടെ ബുദ്ധിമുട്ട് കുറയ്ക്കാനായി റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് കെഎസ്ആർടിസി കൂടുതൽ സ്പെഷൽ സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. കോട്ടയം - തിരുവനന്തപുരം റൂട്ടിലാണ് കൂടുതൽ ബസുകൾ അനുവദിച്ചത്.

കനത്ത മഴയിൽ ശനിയാഴ്ച രാത്രി എറണാകുളം ജനറൽ ആശുപത്രിക്ക് മുകളിലേക്ക് മരം വീണു. മഹാരാജാസ് കോളജിൽ നിന്ന മരമാണ് റോഡിനു കുറുകെ വീണത്. ഇതിന്റെ ഒരറ്റം ആശുപത്രിക്കെട്ടിടത്തിലേക്കു പതിക്കുകയായിരുന്നു. രോഗികൾ ഉൾപ്പെടെ ഉണ്ടായിരുന്നെങ്കിലും ആളപായമില്ല. അഗ്നിശമനസേന എത്തി മരം മുറിച്ചുമാറ്റി. കൊച്ചിയിൽ മഴയിൽ പലയിടത്തും കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടു. റോഡുകളിൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്.അതിനിടെ മഴയിൽ പലയിടത്തും ഉരുൾപൊട്ടി. വ്യാപകകൃഷിനാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മധ്യകേരളത്തിൽ കോട്ടയത്തും ആലപ്പുഴയിലും ഉൾപ്പെടെ മഴ തുടരുകയാണ്. കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾക്കു മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ബംഗാൾ ഉൾക്കടലിൽ ശക്‌തമായ മേഘസാന്നിധ്യമുണ്ട്. അറബിക്കടലിലും മഴമേഘങ്ങളുടെ വൻ നിര കാത്തുകിടക്കുന്നു. രാജ്യമെങ്ങും അടുത്തയാഴ്‌ചയോടെ മൺസൂൺ ഒരു വട്ടം കൂടി ശക്‌തമാകുമെന്നാണ് കാലാവസ്‌ഥാ പ്രവചനം. 19നു രാവിലെ വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട കേന്ദ്രങ്ങളിൽ കനത്ത മഴയുണ്ടാകും. ശനിയാഴ്ച തളിപ്പറമ്പിൽ ആറ് സെന്റിമീറ്ററും വൈത്തിരിയിൽ അഞ്ച് സെന്റിമീറ്ററും വീതം മഴ പെയ്തു.

Story by
Read More >>