കനത്ത മഴ: വിവിധ ജില്ലകളില്‍ അവധി പ്രഖ്യാപിച്ചു; വയനാട് രക്ഷാപ്രവര്‍ത്തനത്തിന് സെെന്യവും

നിലവിൽ മൂന്ന് യൂണിറ്റ് രക്ഷാപ്രവർത്തനം തുടങ്ങി കഴിഞ്ഞു. ക്യാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ പ്രളയ സ്ഥിതിഗതികൾ വിലയിരുത്തി

കനത്ത മഴ: വിവിധ ജില്ലകളില്‍ അവധി പ്രഖ്യാപിച്ചു; വയനാട് രക്ഷാപ്രവര്‍ത്തനത്തിന് സെെന്യവും

സംസ്ഥാനത്ത് കനത്തമഴ തുടരുന്ന സാഹചര്യത്തില്‍‍ അതീവ ജാഗ്രത പാലിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. ദേശീയ ദുരന്തനിവാരണസേനയെ നിലമ്പൂരിലേക്കും ഇടുക്കിയിലേക്കും അയച്ചു. നിലവിൽ മൂന്ന് യൂണിറ്റ് രക്ഷാപ്രവർത്തനം തുടങ്ങി കഴിഞ്ഞു. ക്യാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ പ്രളയ സ്ഥിതിഗതികൾ വിലയിരുത്തി.

വ്യോമസേനയോടും തയ്യറാകാൻ നിർദ്ദേശം നൽകി കഴിഞ്ഞു. ആവശ്യമെങ്കിൽ കൂടുതൽ സേനയെ അയ്ക്കും. ജനങ്ങൾ രക്ഷാ പ്രവർത്തനത്തിന് സഹകരിക്കണമെന്നും ഇത്തവണ അത്യാധുനിക ബോട്ടുകൾ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നതെന്നും ദുരന്തനിവാരണ സേന ഡിജി എസ്. എൻ. പ്രദാൻ അറിയിച്ചു. കനത്ത മഴയില്‍ ഇടുക്കി ജില്ലയില്‍ കനത്ത നാശം. എട്ടിടങ്ങളിലാണ് ഉരുള്‍പൊട്ടിയത്. മൂന്നാറിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. മണ്ണിടിച്ചില്‍ ഭീഷണിയേത്തുടര്‍ന്ന് മൂന്നാര്‍ - ഉഡുമല്‍പ്പേട്ട് അന്തര്‍സംസ്ഥാന പാതയിലെ ഗതാഗതം നിലച്ചു. മുതിരപ്പുഴയാറില്‍ ജലനിരപ്പുയര്‍ന്നതിനേത്തുടര്‍ന്ന് മൂന്നാറിലേയും പരിസരപ്രദേശങ്ങളിലേയും വീടുകളില്‍ വെള്ളം കയറി. കന്നിമലയാറ്റിൽ ജലനിരപ്പുയര്‍ന്നതിനേത്തുടര്‍ന്ന് പെരിയപുരയിലെ താല്‍ക്കാലിക പാലം ഒലിച്ചു പോയി. കല്ലാര്‍കുട്ടി, പാംബ്ല, മലങ്കര അണക്കെട്ടുകള്‍ തുറന്നു വിട്ടിരിക്കുകയാണ്. ഇടുക്കി ജില്ലയില്‍ രാത്രിയാത്ര നിരോധിച്ചിട്ടുണ്ട്.

കോട്ടയം ജില്ലയുടെ മലയോര മേഖലയിലും കനത്ത മഴയാണ്. മണിമലയാറും മീനച്ചിലാറും മൂവാറ്റുപുഴയാറ് കരകവിഞ്ഞൊഴുകി. ചേർത്തല മുട്ടത്തിപറമ്പിൽ മരം വീണ് ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിന് ഗുരുതര പരിക്ക് പറ്റിയതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ നാളെ (ആഗസ്റ്റ് 9 വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കോട്ടയം,തൃശ്ശൂര്‍,ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, എറണാകുളം, കണ്ണൂര്‍, മലപ്പുറം ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജയില്‍ വകുപ്പിലെ വെൽഫെയർ ഓഫീസർ ഗ്രേഡ് 2 പരീക്ഷ പിഎസ്‍സി മാറ്റി വച്ചു. നാളെ നടത്താനിരുന്ന പരീക്ഷ ഈ മാസം 30-ലേക്കാണ് മാറ്റിയത്. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമുളള യൂണിവേഴ്സിറ്റി പരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കുകയില്ല. കോഴിക്കോട്, വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, തൃശ്ശൂര്‍,പാലക്കാട്,എറണാകുളം ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടും ബാധകമാണ്.

Read More >>