ട്രാഫിക് നിയമലംഘനം: ഉയർന്ന പിഴ ഉടനില്ല

പുതിയ മോട്ടോര്‍ വാഹന നിയമം ജനങ്ങള്‍ക്ക് അധിക ബാധ്യത ഉണ്ടാക്കുമെന്നും അതിനാല്‍ ഭേദഗതി നടപ്പിലാക്കില്ലെന്നും ആദ്യം പറഞ്ഞത് ബംഗാളാണ്.

ട്രാഫിക് നിയമലംഘനം: ഉയർന്ന പിഴ ഉടനില്ല

ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് കനത്ത പിഴ ഈടാക്കുന്ന നിയമഭേദഗതി ഉടന്‍ നടപ്പിലാക്കില്ല. മുഖമന്ത്രി പിണറായി വിജയന്‍ വിളിച്ച് ചേര്‍ത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. മുന്‍പുള്ളതിനേക്കാള്‍ കുത്തനെ ഉയര്‍ത്തിയ പിഴ ഈടാക്കുന്നതിനെതിരെ ജനങ്ങളില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.

ഓണക്കാലം കഴിയും വരെ കര്‍ശന വാഹന പരിശോധന വേണ്ടെന്നും യോഗത്തില്‍ തീരുമാനമായി. കുത്തനെ ഉയര്‍ത്തിയ പിഴയ്‌ക്കെതിരെ സിപിഎമ്മും കോണ്‍ഗ്രസ്സും വിജോയിപ്പ് രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ കനത്ത പിഴ ഈടാക്കാതെ തന്നെ റോഡ് നിയമം കര്‍ശനമായി നടപ്പാക്കാനുള്ള സാധ്യത പരിശോധിക്കുന്നത്. കേന്ദ്ര നിയമത്തെ മറികടന്ന് നിയമ നിര്‍മ്മാണത്തിലേക്ക് വന്നാല്‍ അതിന് രാഷ്ട്രപതിയുടെ അംഗീകാരം ആവശ്യമാണ്. അതിനാല്‍ നിയമ നിര്‍മ്മാണത്തിലേക്ക് കടക്കാതെ പിഴ കുറച്ചു കൊണ്ട് നിയമം കര്‍ശനമാക്കാന്‍ സാധിക്കുമോയെന്നാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്.

പുതിയ മോട്ടോര്‍ വാഹന നിയമം ജനങ്ങള്‍ക്ക് അധിക ബാധ്യത ഉണ്ടാക്കുമെന്നും അതിനാല്‍ ഭേദഗതി നടപ്പിലാക്കില്ലെന്നും ആദ്യം പറഞ്ഞത് ബംഗാളാണ്. പിന്നീട് പഞ്ചാബ്, തമിഴ്‌നാട്, രാജസ്ഥാന്‍, തെലങ്കാന, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളും നിയമഭേദഗതി തല്‍ക്കാലം നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ചു. കേന്ദ്രം നിയമഭേദഗതി പാസാക്കിയെങ്കിലും അതതു സംസ്ഥാനങ്ങളിലെ വകുപ്പുകള്‍ വിജ്ഞാപനമിറക്കണം. സെപ്റ്റംബര്‍ ഒന്നു മുതല്‍ പുതിയ പിഴ ശിക്ഷ സംസ്ഥാനത്ത് നടപ്പാക്കിയിരുന്നത്. ഇതുപ്രകാരം 1000 മുതല്‍ 25000 രൂപ വരെയാണ് വിവിധ നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ.