പാലക്കാട് ചൂട് കൂടുന്നു; ഒരാഴ്ച്ചക്കിടെ ജില്ലയില്‍ നിര്‍ജലീകരണം മൂലം നാലു മരണം

ഏപ്രില്‍ ഏഴിനു തിരുവാഴിയോട് സ്വദേശി വിനീഷ് (34) ആണ് ആദ്യം മരിച്ചത്. തുടര്‍ന്ന് ഒമ്പതിനു ആലത്തൂര്‍ സ്വദേശി സുഗതന്‍ (50), വെണ്ണക്കര സ്വദേശിനി ശാന്തകുമാരി (65) എന്നിവരും മരിച്ചു. ഇന്നലെ കൊല്ലങ്കോട് സ്വദേശി ചന്ദ്രനും (32) മരണപ്പെട്ടു. ഇതില്‍ സുഗതന്‍, ചന്ദ്രന്‍, ശാന്തകുമാരി എന്നിവര്‍ക്ക് ഹ്യദയ ധമനികളില്‍ തടസ്സമുണ്ടായിരുന്നു.

പാലക്കാട് ചൂട് കൂടുന്നു; ഒരാഴ്ച്ചക്കിടെ ജില്ലയില്‍ നിര്‍ജലീകരണം മൂലം നാലു മരണം

പാലക്കാട് ജില്ലയില്‍ ഒരാഴ്ച്ചയ്ക്കിടെ നിര്‍ജലീകരണം മൂലം നാലു മരണം. ഏപ്രില്‍ ഏഴു മുതല്‍ ഇന്നലെ വരെയാണ് നാലുപേർ കുഴഞ്ഞുവീണ് മരിച്ചത്. ഹൃദയഘാതമാണു മരണകാരണമായി കണ്ടെത്തിയതെങ്കിലും കുഴഞ്ഞുവീണു മരിച്ച നാലു പേര്‍ക്കും നിര്‍ജലീകരണം സംഭവിച്ചിട്ടുള്ളതായാണ് നിഗമനം.

നിര്‍ജലീകരണം മൂലം രക്തത്തിനു സാന്ദ്രത കൂടുകയും തുടര്‍ന്ന് രക്തം കട്ടപിടിക്കാന്‍ സാധ്യത കൂടുകയും ചെയ്യും. ഇത് ഹൃദയ ധമനികളില്‍ തടസ്സമുള്ളവര്‍ക്ക് ഹൃദയാഘാതത്തിന് ഇടയാക്കുകയും ചെയ്യും. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ ജില്ലയില്‍ മരിച്ച നാലു പേരുടേയും മരണം ഇങ്ങിനെ സംഭവിച്ചതാണെന്നു തെളിഞ്ഞിട്ടുണ്ട്.

ഏപ്രില്‍ ഏഴിനു തിരുവാഴിയോട് സ്വദേശി വിനീഷ് (34) ആണ് ആദ്യം മരിച്ചത്. തുടര്‍ന്ന് ഒമ്പതിനു ആലത്തൂര്‍ സ്വദേശി സുഗതന്‍ (50), വെണ്ണക്കര സ്വദേശിനി ശാന്തകുമാരി (65) എന്നിവരും മരിച്ചു. ഇന്നലെ കൊല്ലങ്കോട് സ്വദേശി ചന്ദ്രനും (32) മരണപ്പെട്ടു. ഇതില്‍ സുഗതന്‍, ചന്ദ്രന്‍, ശാന്തകുമാരി എന്നിവര്‍ക്ക് ഹ്യദയ ധമനികളില്‍ തടസ്സമുണ്ടായിരുന്നു.

വേനല്‍ക്കാലത്ത് കുഴഞ്ഞുവീണുള്ള മരണങ്ങള്‍ കൂടുതലാണ്. കഴിഞ്ഞദിവസം 39.6 ഡിഗ്രി വരെ പാലക്കാട് ചൂട് രേഖപ്പെടുത്തിയിരുന്നു. ചൂട് കൂടിയതോടെ പാലക്കാട് സാധാരണത്തേതിലും മൂന്നിരട്ടി വരെ കുഴഞ്ഞുവീണുള്ള മരണം വര്‍ധിച്ചിട്ടുണ്ട്. 30നും 50നും ഇടയില്‍ പ്രായമുള്ളവരാണ് ഇങ്ങിനെ കുഴഞ്ഞുവീണ് മരിക്കുന്നവരില്‍ അധികവും.

പാലക്കാട് ജില്ലാ ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ പ്രകാരമാണ് ജില്ലയില്‍ നിര്‍ജലികരണം കാരണം കുഴഞ്ഞുവീണ് മരിക്കുന്നവരുടെ എണ്ണം മൂന്നിരട്ടിയോളം വര്‍ധിച്ചതായി കണ്ടെത്തിയത്. കുഴഞ്ഞുവീണ് മരിക്കാന്‍ നിര്‍ജലികരണവും ഹൃദയ ധമനികളിലെ തടസ്സവുമാണ് പ്രധാന കാരണമെങ്കിലും വേണ്ടത്ര വെള്ളം കുടിക്കാത്തതും പുകവലി, പകല്‍ സമയത്തുള്ള മദ്യപാനം ഇവയും സ്ഥിതി കൂടുതല്‍ ഗുരുതരമാക്കുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു.

വേനല്‍ക്കാലത്ത് കൂടുതല്‍ വെള്ളം കുടിക്കുക, വെള്ളത്തിനു പുറമെ ഉപ്പിട്ട കഞ്ഞി വെള്ളം, സംഭാരം, നാരങ്ങ വെള്ളം എന്നിവ ധാരാളം കുടിക്കുക, മദ്യപാനം ഒഴിവാക്കുക, വെയില്‍ നേരിട്ടുകൊള്ളുന്നത് പരമാവധി ഒഴിവാക്കുക, പരുത്തി വസ്ത്രങ്ങള്‍ കൂടുതലായി ഉപയോഗിക്കുക, വീടിനുള്ളില്‍ വായു സഞ്ചാരം ഉറപ്പാക്കുക എന്നിവ ശ്രദ്ധിച്ചാല്‍ ചൂട് കൂടിയതു മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കാൻ സാധിക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്.