എയിംസ് എംബിബിഎസ് പരീക്ഷയില്‍ സ്‌കാര്‍ഫ് ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ ഹൈക്കോടതി തീരുമാനം നിര്‍ണ്ണായകം

എയിംസിലെ പ്രവേശന പരീക്ഷയില്‍ സ്‌കാര്‍ഫ് ധരിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥിനികളും എം എസ് എഫും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ മാസം 26നാണ് ഇതുസംബന്ധിച്ച് കോടതി വിധിയുണ്ടാകുക. പരീക്ഷ ഹാളില്‍ അനുവദനീയമല്ലാത്ത വസ്തുക്കളുടെ പട്ടികയിലാണ് തലമറയ്ക്കുന്ന സ്‌കാര്‍ഫ് ഉള്‍പ്പെടുത്തിയിരിക്കുന്നത്

എയിംസ് എംബിബിഎസ് പരീക്ഷയില്‍ സ്‌കാര്‍ഫ് ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ ഹൈക്കോടതി തീരുമാനം നിര്‍ണ്ണായകം

നീറ്റ് പരീക്ഷയില്‍ പെണ്‍കുട്ടികളുടെ അടിവസ്ത്രം ഉള്‍പ്പെടെ അഴിപ്പിച്ച സംഭവം വിവാദമായിരിക്കെ എയിംസ് എംബിബിഎസ് പരീക്ഷയിലും വിദ്യാര്‍ഥിനികള്‍ക്ക് വസ്ത്ര നിയന്ത്രണം. എയിംസിലെ പ്രവേശന പരീക്ഷയില്‍ സ്‌കാര്‍ഫ് ധരിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥിനികളും എം എസ് എഫും ഹൈക്കോടതിയെ സമീപിച്ചു . ഈ മാസം 26നാണ് ഇതുസംബന്ധിച്ച് കോടതി വിധിയുണ്ടാകുക. ഇക്കാര്യത്തില്‍ ഹൈക്കോടതി സര്‍ക്കാറിന്റെ വിശദീകരണം തേടിയിരുന്നു.

വിദ്യാര്‍ഥിനികള്‍ തലമറയ്ക്കുന്നതിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള നിര്‍ദേശം അഡ്മിറ്റ് കാര്‍ഡിലാണുള്ളത്. പരീക്ഷ ഹാളില്‍ അനുവദനീയമല്ലാത്ത വസ്തുക്കളുടെ പട്ടികയിലാണ് തലമറയ്ക്കുന്ന സ്‌കാര്‍ഫ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കുന്നതാണ് വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന അഡ്മിറ്റ് കാര്‍ഡ്. ഇതിനെ തുടര്‍ന്ന് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് കഴിഞ്ഞദിവസം ലഭിച്ചപ്പോഴാണ് തലമറക്കാന്‍ അനുമതിയില്ലെന്ന് വിദ്യാര്‍ഥിനികള്‍ മനസ്സിലാക്കുന്നത്. വ്യക്തിസ്വാതന്ത്രത്തിന് മേലുള്ള കടന്നു കയറ്റമാണിതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

ഈ മാസം 28ന് തിരുവനന്തപുരവും എറണാകുളവും കേന്ദ്രീകരിച്ചാണ് എയിംസിന്റെ പ്രവേശന പരീക്ഷയുള്ളത്. നീറ്റ് പരീക്ഷയില്‍ തലമറയ്ക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നിന്ന് റൈഷ അഫ്‌നാന്‍ എന്ന വിദ്യാര്‍ഥി അനുകൂല വിധി സമ്പാദിച്ചിരുന്നു. എയിംസ് വിഷയത്തിലും കോടതി വിധി അനുകൂലമാകുമെന്നുതന്നെയാണ് പ്രതീക്ഷയെന്ന് എം എസ് എഫ് സംസ്ഥാന സെക്രട്ടറി നവാസ് വയനാട് നാരദാ ന്യൂസിനോട് പറഞ്ഞു.