സൂക്ഷിക്കുക! വർഗ്ഗീയ കലാപം ലക്ഷ്യമിട്ട് സംഘപരിവാറിന്റെ സൈബർ 'വിഷ ശാഖ': പൊലീസ് ഇതൊന്നും അറിയുന്നില്ലേ?

യേശു ചെകുത്താന്‍, അംഗന്‍വാടി മുതല്‍ വൃദ്ധസദനം വരെ അയക്കാന്‍ പാകത്തില്‍ ബീവിമാരുള്ള ഏകമത സ്ഥാപകന്‍ മുഹമ്മദ് നബി. മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും എതിരെ വര്‍ഗീയ വിഷം ചീറ്റി സംഘപരിവാർ സൈബർ പ്രചാരണങ്ങൾ. വർഗീയകലാപത്തിനു തിരികൊളുത്താനുള്ള വ്യക്തികളെ മസ്തിഷ്കപ്രക്ഷാളനം നടത്തി സൃഷ്ടിക്കുന്നത് എങ്ങനെയെന്നറിയാൻ സംഘപരിവാറിന്റെ ഈ ഫേസ്ബുക്ക് പേജ് കണ്ടാല്‍ മതി. 

സൂക്ഷിക്കുക! വർഗ്ഗീയ കലാപം ലക്ഷ്യമിട്ട് സംഘപരിവാറിന്റെ സൈബർ വിഷ ശാഖ: പൊലീസ് ഇതൊന്നും അറിയുന്നില്ലേ?

കാസർഗോഡ് കാഞ്ഞങ്ങാട്ട് ഫഹദ് എന്ന മൂന്നാം ക്ലാസ്സ് ബാലനെ കഴുത്തറുത്തുകൊന്ന വിജയൻ, കാസർഗോഡ് ചൂരിയിലെ മദ്രസാധ്യാപകൻ റിയാസ് മൗലവിയെ കഴുത്തറുത്ത് കൊന്ന മൂന്നു ചെറുപ്പക്കാർ, കഴിഞ്ഞദിവസം പൂക്കോട്ടുപാടം ക്ഷേത്രത്തിലെ വിഗ്രഹം തകർത്ത രാജാറാം മോഹന്‍ദാസ് പോറ്റി - അന്യമതവിദ്വേഷം തലയ്ക്കു പിടിച്ചു കലാപത്തിനുള്ള തിരികൊളുത്താൻ ഇറങ്ങിത്തിരിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. മസ്തിഷ്കപ്രക്ഷാളനം ചെയ്ത് ഇത്തരത്തിൽ ഒരു വ്യക്തിയുടെ മനോനില സംഘപരിവാർ നിർമിച്ചെടുക്കുകയാണ്. അതിനായുള്ള ശ്രമങ്ങൾ സംഘപരിവാർ സാമൂഹ്യമാധ്യമങ്ങൾ വഴി നിരന്തരം തുടരുകയാണ്.

പ്രതികരിക്കുന്ന ഹിന്ദു എന്ന അർഥം വരുന്ന 'റിയാക്റ്റിംഗ് ഹിന്ദു' എന്ന ഫേസ്ബുക് പേജ് കടുത്ത മതവിദ്വേഷമാണു പ്രചരിപ്പിക്കുന്നത്. ഹിന്ദു ഒഴികെയുള്ള എല്ലാ മതങ്ങളും നീചമാണെന്നും അക്രമിക്കപ്പെടേണ്ടതാണെന്നും ലോകത്തു മുഴുവന്‍ സനാതന ധര്‍മം വളര്‍ത്തിയെടുക്കാനും ആഹ്വാനം ചെയ്തു കൊണ്ടുള്ളതുമാണ് ഈ പേജ്.

വര്‍ഷങ്ങളായി ഇതിലൂടെ വിഷം പെയ്തിട്ടും ആരും കണ്ടതായി നടിച്ചിട്ടില്ല. സമാന പേരിൽ തന്നെയുള്ള ബ്ലോഗിലും അപകടകരമായ ഉള്ളടക്കം തന്നെയാണ് ഉള്ളത്. മതസ്പർദ്ധ പ്രചരിപ്പിക്കുക, വർഗീയ ചേരിതിരിവ് സൃഷ്ടിക്കുക തുടങ്ങിയ ഗൗരവകരമായ പ്രവൃത്തികൾ നടത്തുക എന്നീ ക്രിമിനൽ കുറ്റങ്ങൾ ചെയ്തിട്ടും സൈബർ സെൽ ഉൾപ്പെടെയുള്ള സംവിധാനങ്ങളുടെ ശ്രദ്ധയിൽ ഇതു പെട്ടില്ലെന്നതു വിശ്വാസയോഗ്യമായ കാര്യമല്ല.

അംഗന്‍വാടി മുതല്‍ വൃദ്ധസദനം വരെ അയക്കാന്‍ പാകത്തില്‍ ബീവിമാരുള്ള ഏകമത സ്ഥാപകന്‍ എന്നാണു നബി (സ)യെ കുറിച്ചു പറയുന്നത്. പ്രവാചകന്റെ താടി വച്ച ഒരു ചിത്രവും ഇതില്‍ നല്‍കുന്നു. ബാങ്ക് വിളി വര്‍ഗീയമാണ്, അല്ലാഹു അക്ബര്‍, അല്ലാഹുവാണ് ഏറ്റവും വലിയവന്‍ എന്നർത്ഥമുള്ള ബാങ്ക് വിളി മറ്റു മതവിശ്വാസങ്ങളെ അപമാനിക്കുതിനു തുല്യമാണെന്ന് ഇതില്‍ പറയുന്നു. ഖുര്‍ ആന്‍ ദൈവത്തിന്റേയോ അതോ ചെകുത്താന്റേയോ എന്ന സംശയം ഈ പോസ്റ്റില്‍ ഉണ്ട്. അമുസ്ലീങ്ങളെ (സ്വദേശം വെടിയുന്നത് വരെ) മതം മാറുന്നത് വരെ സുഹൃത്തായി സ്വീകരിക്കരുത്, വൈമുഖ്യം കാണിക്കുന്ന പക്ഷം അവരെ കാണുന്നിടത്തു വച്ചു തന്നെ കൊല്ലണം എന്നു ഖുര്‍ആനില്‍ പറയുന്നതായും ഇതാണ് ഐ.എസ് തീവ്രവാദികള്‍ നടപ്പിലാക്കുന്നതെന്നും ഇസ്ലാമിന്റെ യഥാര്‍ത്ഥ സന്ദേശം ഇതാണെന്നും ഈ ഫേസ്ബുക്ക് പേജ് പറയുന്നു.

താന്‍ പറയുന്നത് അനുസരിക്കാത്തവരെ അതിക്രൂരമായി ശിക്ഷിക്കുമെന്നു പറയുന്ന ദൈവത്തെ ചെകുത്താനു തുല്യം ഇതില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഖുര്‍ ആന്‍ ദൈവത്തില്‍ നിന്നു നേരിട്ട് ഇറക്കിയതാണെന്നു നബി നുണ പറഞ്ഞതാണ്. സ്വര്‍ഗത്തില്‍ ചെന്നാല്‍ പെണ്ണുങ്ങളെ തരാമെന്ന് അല്ലാഹു നുണ പറയുന്നു. ഖുര്‍ആനിലെ ദൈവത്തിനു ശാസ്ത്രബോധമില്ല തുടങ്ങി നീളുന്നു ഇതിലെ പോസ്റ്റുകള്‍.


റംസാന്‍ മാസത്തില്‍ ഹിന്ദു പെണ്‍കുട്ടികള്‍ നോമ്പ് എടുക്കുകയാണെങ്കില്‍ ഹൈന്ദവ സംഘടനകളെ അറിയിക്കണമെന്നും അതു ലൗ ജിഹാദിന്റെ തുടക്കമാണെന്നും പറയുന്നു. കുത്തബ് മിനാര്‍ പൊളിക്കാനുള്ള സന്ദേശവും ഉണ്ട്. 'ഹിന്ദുവിന്റെ അഭിമാനത്തിനു മുകളില്‍ തീര്‍ത്തതാണു കുത്തബ് മിനാര്‍, പൃഥിരാജ് ചൗഹാന്‍ തീര്‍ത്ത 27 ഹിന്ദു ക്ഷേത്രങ്ങള്‍ തകർത്താണ് കുത്തബ് മിനാര്‍ സ്ഥാപിച്ചിട്ടുള്ളത്.' മുസ്ലിം ലീഗ് നേതാവ് ഇ. അഹമ്മദിനെതിരേയും രോഷം തിളക്കുന്നുണ്ട്. 'അഹമ്മദേ മണ്ണടിഞ്ഞ് ചാരമായാലും മാറാട്ടെ കൊലയ്ക്കു കൂട്ടുനിന്ന നീ ഞങ്ങള്‍ക്കു വെറുക്കപ്പെട്ടവന്‍ തന്നെ.' മാറാട്ടെ പള്ളി തീവ്രവാദികള്‍ക്കു തുറക്കാന്‍ കൂട്ടുനിന്നവനാണ് അഹമ്മദ് എന്നാണു വിമര്‍ശനം.

മക്കയിലുള്ള കഅബ ഹിന്ദുക്ഷേത്രമായിരുന്നുവെന്നും മുഹമ്മദ് നബി ആക്രമിച്ചു കീഴടക്കി പള്ളിയാക്കി മാറ്റിയതാണെന്നും പറയുന്നു.


ഭൂരിഭാഗവും മുസ്ലീം മതനിന്ദക്ക് ഉപയോഗിക്കുന്ന പേജില്‍ ക്രിസ്തു മതത്തേയും കണക്കിന് ആക്രമിച്ചിട്ടുണ്ട്. ചെകുത്താന്‍ എന്ന തലക്കെട്ടില്‍ യേശുവിന്റെ ക്രൂശിത രൂപം. അതിനു താഴെയായി "കൈ രണ്ടും കൂച്ചിക്കെട്ടി തുണിയെല്ലാം വലിച്ചു കീറി തലയില്‍ മുള്‍ക്കിരീടവും വച്ച് നാട്ടാരുമൊത്തം പഞ്ഞിക്കിട്ടു അവശനായി നില്‍ക്കണ പാവം മനുഷ്യന്‍ ആണ് യേശു." ഇയാളാണോ ലോക രക്ഷകനായ യേശു എന്ന പരിഹാസമാണു നല്‍കിയിട്ടുള്ളത്.


യേശു ഹിന്ദുത്വം സ്വീകരിച്ചതായും ഇതില്‍ പറയുന്നുണ്ട്. ഒടുവില്‍ സര്‍വ്വശക്തനായ കര്‍ത്താവിനും കുരിശില്‍ നിന്നു രക്ഷപ്പെടാന്‍ ഹിന്ദുത്വം സ്വീകരിക്കേണ്ടി വന്നു എന്നെഴുതിയതിന്റെ ചുവട്ടിലായി കാഷായ വേഷം ധരിച്ച നാലു കൈകളുള്ള യേശുവിന്റെ ചിത്രം.

കന്യാമറിയത്തേയും വികലമാക്കി ചിത്രീകരിച്ചിട്ടുണ്ട്. 'അപ്പോ നമ്മടെ യേശുവിനെ ഡൈവോഴ്‌സ് ചെയ്‌തോ?' എന്നെഴുതിയതിനൊപ്പം കന്യാമറിയത്തിന്റെ ഗണപതി ഇരിക്കുന്ന ചിത്രം. ഹിന്ദുവിന്റെ ദൈവങ്ങളേയും ക്രിസ്ത്യാനികള്‍ തട്ടിയെടുക്കുന്നു എന്നും കുറിപ്പ്. ഇപ്പോഴത്തെ പല ക്രിസ്ത്യന്‍ പള്ളികളും മുമ്പ് അമ്പലമായിരുന്നുവെന്നും കുരിശ് ഹിന്ദുമതത്തില്‍ നിന്നു ക്രിസ്ത്യാനികള്‍ കോപ്പിയടിച്ചതാണെന്നും 'തെളിവുകള്‍' സഹിതം ഉദാഹരിച്ചതു കാണാം

മുസ്ലീങ്ങളും ക്രിസ്ത്യാനികളും കഴിഞ്ഞാല്‍ പിന്നെ വിമര്‍ശനം നേരിടുന്നത് സിപിഐഎമ്മാണ്. ഇവരുടെ പോസ്റ്റിനെ വിമര്‍ശിക്കുന്നവര്‍ വര്‍ഗീയവാദികളാണെന്നും അവരെ സമൂഹത്തില്‍ തുറന്നു കാട്ടണമെന്നും ആഹ്വാനമുണ്ട്.