തമിഴ്‌നാട് മോഡൽ പോസ്റ്റൽ പരീക്ഷാ തട്ടിപ്പ് കേരളത്തിലും; കോപ്പിയടിച്ച് മലയാളം പരീക്ഷയെഴുതിയ ഹരിയാന സ്വദേശി പൊലീസ് പിടിയിൽ

മലയാളം സംസാരിക്കാൻ പോലും അറിയാത്ത ഹരിയാന സോനിപത് സ്വദേശി ഗുൽബന്തിനെയാണ് മലയാളം പരീക്ഷ എഴുതുന്നതിനിടെ പൊലീസ് പിടികൂടിയത്. ചോദ്യപ്പേപ്പറിന്റെ കോഡ് നമ്പർ മെസ്സേജ് ചെയ്തു നൽകിയ ഗുൽബന്തിന് മലയാളം ഉൾപ്പെടെ 100 ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങൾ മറുപടി മെസേജായി ലഭിച്ചത് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതു നോക്കിയാണ് ഇയാൾ ഉത്തരങ്ങൾ രേഖപ്പെടുത്തിയത്.

തമിഴ്‌നാട് മോഡൽ പോസ്റ്റൽ പരീക്ഷാ തട്ടിപ്പ് കേരളത്തിലും; കോപ്പിയടിച്ച് മലയാളം പരീക്ഷയെഴുതിയ ഹരിയാന സ്വദേശി പൊലീസ് പിടിയിൽ

കാസർഗോട്ട് നടന്ന പോസ്റ്റൽ റിക്രൂട്ട്മെന്റ് പരീക്ഷയ്ക്കിടെ മലയാളം പരീക്ഷ എഴുത്തുകയായിരുന്ന ഹരിയാനാ സ്വദേശി പൊലീസ് പിടിയിൽ. മലയാളം സംസാരിക്കാൻ പോലും അറിയാത്ത ഹരിയാന സോനിപത് സ്വദേശി ഗുൽബന്തിനെയാണ് വിദ്യാനഗർ ചിന്മയ വിദ്യാലയത്തിലെ പരീക്ഷാ സെന്ററിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടിക്കുന്നതിനിടെ വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തത്.

സംസ്ഥാനത്തെ 24 ഡിവിഷനുകളിലേക്കും ആർഎംഎസിലേക്കുമായി 583 പോസ്റ്റ്മാൻമാരുടെയും 11 മെയിൽ ഗാർഡുകളെയും ഒഴിവിലേക്കാണ് പരീക്ഷ നടന്നത്. പരീക്ഷയ്ക്കിടെ മലയാളം ഒട്ടും വശമില്ലാത്ത ഗുൽബന്ത് 25 ചോദ്യങ്ങളുള്ള മലയാള പരീക്ഷയ്ക്ക് ഉത്തരം രേഖപ്പെടുത്തുന്നത് ശ്രദ്ധയിൽപ്പെട്ട ഇൻവിജിലേറ്റർ ഷമീന അമീർ ഉടൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ ഗുൽബന്തിന്റെ കയ്യിൽ നിന്നും മൊബൈൽ ഫോൺ പിടിച്ചെടുത്തു.

ചോദ്യപ്പേപ്പറിന്റെ കോഡ് നമ്പർ മെസ്സേജ് ചെയ്തു നൽകിയ ഗുൽബന്തിന് മലയാളം ഉൾപ്പെടെ 100 ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങൾ മറുപടി മെസേജായി ലഭിച്ചത് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

പൊതുവിജ്ഞാനം, ഗണിതം, ഇംഗ്ലീഷ്, മലയാളം എന്നിവയിൽ 25 ചോദ്യങ്ങൾ ഉൾപ്പെടെ 100 ചോദ്യങ്ങളായിരുന്നു പരീക്ഷയ്ക്ക് ഉണ്ടായിരുന്നത്. ഇന്ത്യയിൽ എവിടെ നിന്നും പരീക്ഷയ്ക്ക് അപേക്ഷിക്കാം എന്ന സാധ്യത ഉപയോഗപ്പെടുത്തി പോസ്റ്റൽ പരീക്ഷയിൽ തട്ടിപ്പുകൾ വ്യാപകമാവുന്നു എന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

തമിഴ്‌നാട്ടിൽ കഴിഞ്ഞ മാസം ഫലം പുറത്ത് വന്ന സമാന പരീക്ഷയിൽ ഉന്നത വിജയം നേടിയത് ഹരിയാന സ്വദേശികൾ ആയിരുന്നു. തമിഴ്നാട് പോസ്റ്റൽ റിക്രൂട്ട്മെന്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ദിനേഷ്, രാഹുൽ കുമാർ എന്നീ ഹരിയാന സ്വദേശികൾ തമിഴ് പരീക്ഷയിൽ 25ൽ യഥാക്രമം 24ഉം 22ഉം മാർക്കുകൾ നേടിയിരുന്നു. ഇവരെ ഫോണിൽ ബന്ധപ്പെട്ട മാധ്യമപ്രവർത്തകരോട് ഇവർ തമിഴ് അറിയില്ലെന്ന് പറഞ്ഞതോടെ പോസ്റ്റൽ പരീക്ഷയിൽ തട്ടിപ്പ് നടന്നെന്നും അന്വേഷണം വേണമെന്നുമുള്ള ആവശ്യം തമിഴ്‌നാട്ടിൽ ശക്തിപ്രാപിക്കുകയാണ്.

തപാൽ വകുപ്പിലെ ഉന്നത അധികാരികൾ കൂടി ബന്ധപ്പെട്ട തട്ടിപ്പുകളാണ് പരീക്ഷയിൽ നടക്കുന്നത് എന്നാണ് പ്രധാനമായും ഉയരുന്ന ആരോപണം. തപാൽ വകുപ്പ് ഉൾപ്പെടെയുള്ള ഇടങ്ങളിൽ ക്രമവിരുദ്ധമായി ജോലി തരപ്പെടുത്തി നൽകുന്ന മാഫിയകളിലേക്കും സംശയം നീങ്ങുന്നുണ്ട്. വിദ്യാനഗർ ഇൻസ്‌പെക്ടർ ബാബു പെരിങ്ങത്തിന്റെ നേതൃത്വത്തിൽ കോപ്പിയടി സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. പ്രധാനമായും ഗുൽബന്തിന് ഉത്തരങ്ങൾ അയച്ചു നൽകിയ മൊബൈൽ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.