പറമ്പിക്കുളം- ആളിയാർ പദ്ധതി: തമിഴ്നാടിന്‍റെ ജലക്കൊള്ളയ്ക്കെതിരേ നടത്താനിരുന്ന ഹര്‍ത്താല്‍ മാറ്റി; സംയുക്ത സമരസമിതിയില്‍ നിന്ന് സിപിഎം എംഎല്‍എമാര്‍ പിന്‍മാറി

തമിഴ്‌നാട്ടില്‍ നിന്ന് അര്‍ഹതപ്പെട്ട വെള്ളം വാങ്ങിയെടുക്കാന്‍ കേരളസര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ വേണ്ടിയാണ് സമരസമിതി ഹര്‍ത്താല്‍ തീരുമാനിച്ചത്. ഇത് രണ്ടാംതവണയാണ് നേരത്തെ തീരുമാനിച്ച ഹര്‍ത്താല്‍ മാറ്റി വെയ്ക്കുന്നത്. ചിറ്റൂര്‍ താലൂക്കിലെ കര്‍ഷകര്‍ മൊത്തം പങ്കെടുക്കുന്ന ഹര്‍ത്താല്‍ സംസ്ഥാന സര്‍ക്കാറിന്‍റെ പ്രതിച്ഛായക്ക് മോശമാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് സിപിഎം എംഎല്‍എമാരോട് സമരത്തില്‍ നിന്ന് പിന്‍മാറാന്‍ നിര്‍ദ്ദേശമുണ്ടായത്.

പറമ്പിക്കുളം- ആളിയാർ പദ്ധതി: തമിഴ്നാടിന്‍റെ ജലക്കൊള്ളയ്ക്കെതിരേ നടത്താനിരുന്ന ഹര്‍ത്താല്‍ മാറ്റി; സംയുക്ത സമരസമിതിയില്‍ നിന്ന് സിപിഎം എംഎല്‍എമാര്‍ പിന്‍മാറി

പറമ്പിക്കുളം- ആളിയാര്‍ കരാര്‍ പ്രകാരം കേരളത്തിന് ലഭിക്കേണ്ട വെള്ളം നല്‍കാത്ത തമിഴ്‌നാടിന്റെ കരാര്‍ ലംഘനങ്ങള്‍ക്കെതിരെ രൂപീകരിച്ച സംയുക്ത സമരസമിതിയിലും ഭിന്നത. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം സമരസമിതിയില്‍പെട്ട രണ്ട് സിപിഎം എംഎല്‍എമാര്‍ സമരപരിപാടികളില്‍ നിന്ന് പിന്‍മാറാന്‍ തീരുമാനിച്ചതോടെ ചിറ്റൂര്‍ താലൂക്കില്‍ ബുധനാഴ്ച നടത്താനിരുന്ന ഹര്‍ത്താല്‍ മാറ്റി വെച്ചു. തമിഴ്‌നാട്ടില്‍ നിന്ന് അര്‍ഹതപ്പെട്ട വെള്ളം വാങ്ങിയെടുക്കാന്‍ കേരളസര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ വേണ്ടിയാണ് സമരസമിതി ഹര്‍ത്താല്‍ തീരുമാനിച്ചത്. ഇത് രണ്ടാംതവണയാണ് നേരത്തെ തീരുമാനിച്ച ഹര്‍ത്താല്‍ മാറ്റി വെയ്ക്കുന്നത്. ചിറ്റൂര്‍ താലൂക്കിലെ കര്‍ഷകര്‍ മൊത്തം പങ്കെടുക്കുന്ന ഹര്‍ത്താല്‍ സംസ്ഥാന സര്‍ക്കാറിന്‍റെ പ്രതിച്ഛായക്ക് മോശമാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് സിപിഎം എംഎല്‍എമാരോട് സമരത്തില്‍ നിന്ന് പിന്‍മാറാന്‍ നിര്‍ദ്ദേശമുണ്ടായത്.

ഇതോടെ സമരസമിതിയില്‍ ഉണ്ടായിരുന്ന മൂന്ന് എംഎല്‍എമാരില്‍ ഒരാളായ ചിറ്റൂര്‍ എംഎല്‍എ കെ കൃഷ്ണന്‍കുട്ടി ഹര്‍ത്താല്‍ മാറ്റിവെച്ചതായി അറിയിക്കുകയായിരുന്നു. കോങ്ങാട് നിന്നുള്ള കെ വി വിജയദാസും നെന്മാറയിലെ കെ ബാബുവുമാണ് സമരസമിതിയിലുള്ള മറ്റ് എംഎല്‍എമാര്‍. എന്നാല്‍ പറമ്പിക്കുളം- ആളിയാര്‍ ജലസംരക്ഷണ സമിതി അംഗങ്ങളുമായി ജലവിഭവ മന്ത്രി മാത്യു ടി തോമസ്, ജില്ലയുടെ ചുമതലയുള്ള മന്ത്രി എ കെ ബാലന്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഹര്‍ത്താല്‍ മാറ്റിയതെന്നാണ് ഔദ്യോഗിക ഭാഷ്യം. ഇതുമായി ബന്ധപ്പെട്ട് 19ന് വീണ്ടും ചർച്ച നടക്കുന്നുണ്ട്. അന്തര്‍ സംസ്ഥാന ജലവിതരണ ക്രമീകരണ വകുപ്പ് മുഖ്യമന്ത്രിയുടെ കീഴിലാണ്. അതിനാല്‍ തന്നെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിളിച്ചതിനെ തുടര്‍ന്നാണ് ചര്‍ച്ച നടന്നത്. എന്നാല്‍ മറ്റു തിരക്കുകള്‍ കാരണം മുഖ്യമന്ത്രിക്ക് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല.

സര്‍ക്കാര്‍ തലത്തില്‍ ശക്തമായ ഇടപെടലുകള്‍ ഉണ്ടായില്ലെങ്കില്‍ ഈ വര്‍ഷവും പറമ്പിക്കുളം- ആളിയാര്‍ കരാര്‍ പ്രകാരമുള്ള വെള്ളം ലഭിക്കില്ലെന്നിരിക്കെയാണ് സമരസമിതിയില്‍ ഭിന്നത ഉടലെടുത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷവും പദ്ധതി പ്രകാരം വെള്ളം കിട്ടുന്നതിന് വേണ്ടി കര്‍ഷകര്‍ സമര രംഗത്തുണ്ടായിരുന്നെങ്കിലും മന്ത്രിതലത്തില്‍ ഇടപെടലുകള്‍ ഉണ്ടായിരുന്നില്ല. തമിഴ്‌നാട്ടിലെ കര്‍ഷകരുടേത് പോലെ തലയോട്ടി ധരിക്കല്‍ സമരം വരെ പാലക്കാട് കര്‍ഷകര്‍ സംഘടിപ്പിച്ചിരുന്നു. പരമാവധി രണ്ടാഴ്ചക്കുള്ളിലെങ്കിലും സര്‍ക്കാര്‍ വിഷയത്തില്‍ വേണ്ട വിധത്തില്‍ ഇടപെട്ടില്ലെങ്കില്‍ പറമ്പിക്കുളത്തെ വെള്ളം മുഴുവന്‍ തമിഴ്‌നാട് കടത്തി കൊണ്ടുപോകുന്ന അവസ്ഥയാണ്. പിന്നീട് ചര്‍ച്ചകളോ തീരുമാനങ്ങളോ വന്നിട്ട് ഒരു കാര്യവും ഇല്ലാത്തത് കൊണ്ടാണ് ഹര്‍ത്താല്‍ ഉള്‍പ്പടെയുള്ള സമരം നടത്താന്‍ കര്‍ഷകര്‍ തീരുമാനിച്ചത്. ചര്‍ച്ചകളും യോഗങ്ങളും സമരങ്ങളുമൊക്കെ സര്‍ക്കാർ തലത്തില്‍ തന്നെ നീട്ടിവയ്ക്കുന്നത് തമിഴ്നാടിനെ സഹായിക്കാന്‍ വേണ്ടിയാണെന്നും ആരോപണമുണ്ട്.

ആളിയാര്‍ കരാര്‍ പ്രകാരം കേരളത്തിന് ലഭിക്കേണ്ട വെള്ളം വര്‍ഷങ്ങളായി ലഭിക്കുന്നില്ല. പറമ്പിക്കുളത്ത് നിന്നും ആളിയാര്‍ ഡാം നിറയ്ക്കാതെ തമിഴ്‌നാട്ടിലെ തിരുമൂര്‍ത്തി ഡാമിലേക്ക് വെള്ളം കടത്തുകയാണ് തമിഴ്‌നാട് ചെയ്തുകൊണ്ടിരിക്കുന്നത്. കോണ്ടൂര്‍ കനാല്‍ വഴിയാണ് തിരുമൂര്‍ത്തി ഡാമിലേക്ക് വെള്ളം കടത്തുന്നത്. പറമ്പിക്കുളത്ത് നിന്നും ആളിയാറിലേക്കുള്ള ഒരെണ്ണം ഒഴിച്ച് ബാക്കി മൂന്ന് ഷട്ടറുകളും തമിഴ്‌നാട് അടച്ചിരിക്കുകയാണ്. ഇപ്പോള്‍ പറമ്പിക്കുളത്ത് മൂന്നര ദശലക്ഷം ഘനയടി വെള്ളം ഉണ്ട്. കരാര്‍ പ്രകാരം ഇതില്‍ ഒന്നര ദശലക്ഷം ഘനയടി വെള്ളം കേരളത്തിന് അര്‍ഹതപ്പെട്ടതാണ്. കോണ്ടൂര്‍ കനാല്‍ വഴി തിരുമൂര്‍ത്തി ഡാമിലേക്ക് രണ്ടാഴ്ച കൊണ്ട് പകുതിയെങ്കിലും വെള്ളം കടത്താന്‍ തമിഴ്നാടിന് സാധിക്കും. ഇത് സംഭവിച്ചാല്‍ പിന്നീട് പറമ്പിക്കുളത്ത് ഒന്നര ദശലക്ഷം ഘനയടി വെള്ളമേ ഉണ്ടാവൂ. ഡാമില്‍ വെള്ളം കുറവായത് കൊണ്ട് കേരളത്തിന് വെള്ളം തരാനാവില്ലെന്നും വെള്ളം വിട്ടുതന്നാല്‍ തമിഴ്‌നാട്ടിലെ കര്‍ഷകരെ അത് ബാധിക്കുമെന്നും തമിഴ്‌നാട് പിന്നീട് വാദിക്കുകയും ചെയ്യും. പിന്നെ എത്ര തന്നെ ശക്തമായി ഇടപെട്ടാലും ആവശ്യത്തിനുള്ള വെള്ളം പോലും ലഭിക്കില്ല. പറമ്പിക്കുളം ഡാമിലെ വെള്ളം മുഴുവന്‍ തമിഴ്‌നാട് ചോര്‍ത്തി കൊണ്ടുപോകും മുമ്പെ സര്‍ക്കാര്‍ ഇടപെട്ട് വെള്ളം ലഭ്യമാക്കണമെന്നാണ് പാലക്കാട്ടെ കര്‍ഷകരുടെ ആവശ്യം. തമിഴ്‌നാട് തിരുമൂര്‍ത്തി ഡാമില്‍ സംഭരിക്കുന്ന വെള്ളം മധുര, ഇൗറോഡ് വരെയുള്ള കര്‍ഷകര്‍ക്ക് ലഭിക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ പാലക്കാട് ചിറ്റൂര്‍ മേഖലയില്‍ ഒന്നാംവിള കൃഷി ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലാണ്. കുടിവെളള ക്ഷാമവും ഇപ്പോള്‍ തന്നെ രൂക്ഷമായിട്ടുണ്ട്.

Read More >>