പിണറായിക്കുവേണ്ടിയെത്തുന്നത് കോര്‍പ്പറേറ്റുകളുടെ പ്രിയപ്പെട്ട വക്കീല്‍ ; ഹരീഷ് സാല്‍വേയുടെ പ്രതിഫലം 30 ലക്ഷം

പ്രകൃതിവാതക കേസില്‍ മുകേഷ് അംബാനിക്ക് വേണ്ടി ഹാജരായതോടെയാണ് ഹരീഷ് സാല്‍വേ രാജ്യത്തെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന അഭിഭാഷകരിലൊരാളായി മാറുന്നത്. പതിനഞ്ചുകോടിയാണ് അംബാനിയില്‍ നിന്ന് ഇതിന്റെ പ്രതിഫലമായി കൈപ്പറ്റിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പിണറായിക്കുവേണ്ടിയെത്തുന്നത് കോര്‍പ്പറേറ്റുകളുടെ പ്രിയപ്പെട്ട വക്കീല്‍ ; ഹരീഷ് സാല്‍വേയുടെ പ്രതിഫലം 30 ലക്ഷം

എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന് വേണ്ടി ഹാജരാകുന്ന ഹരീഷ് സാല്‍വേ രാജ്യത്തെ ഏറ്റവും വിലകൂടിയ അഭിഭാഷകരിൽ ഒരാൾ. കോര്‍പ്പറേറ്റുകള്‍ക്കും ശതകോടീശ്വരന്മാര്‍ക്കും വേണ്ടി സുപ്രധാന കേസുകളില്‍ ഹാജരായി പ്രശസ്തനായ അഭിഭാഷകനാണ് ഹരീഷ് സാല്‍വേ.
മുന്‍ ഇന്ത്യന്‍ സോളിസിറ്റര്‍ ജനറലായിരുന്ന സാല്‍വേയുടെ ഒരു സിറ്റിംഗിനുള്ള പ്രതിഫലം മുപ്പതുലക്ഷത്തോളമാണ്. പഞ്ചനക്ഷത്ര ഹോട്ടലിലെ താമസവും ഒന്നാംക്ലാസ് വിമാന ടിക്കറ്റുമുള്‍പ്പെടെയുള്ള അത്യാഡംബരങ്ങള്‍ വേറെ. ഇതിനെല്ലാം പുറമേ ലക്ഷങ്ങള്‍ വിലവരുന്ന വാച്ചുകളും മുന്തിയ ഇനം ഫോണുകളുമൊക്കെ കക്ഷികള്‍ ഇദ്ദേഹത്തിന് സമര്‍പ്പിക്കാറുണ്ട്.

പ്രകൃതി വാതക ഖനനത്തെച്ചൊല്ലി അംബാനി സഹോദരന്മാര്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ മുകേഷ് അംബാനിക്ക് വേണ്ടി ഹാജരായി വിജയം നേടിയതോടെയാണ് ഹരീഷ് സാല്‍വേ രാജ്യത്തെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന അഭിഭാഷകരിലൊരാളായി മാറുന്നത്. പതിനഞ്ചുകോടിയാണ് അംബാനിയില്‍ നിന്ന് ഇതിന്റെ പ്രതിഫലമായി കൈപ്പറ്റിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കേസില്‍ അനില്‍ അംബാനിക്കായി ഹാജരായ രാംജത് മലാനിയെ മുട്ടുകുത്തിക്കുന്ന ഉജ്ജ്വല പ്രകടനമായിരുന്നു സാല്‍വേയുടേത്.

ഹിറ്റ് ആന്‍ഡ് റണ്‍ കേസില്‍ ശിക്ഷിക്കപ്പെട്ട നടന്‍ സല്‍മാന്‍ ഖാനെ തടവുശിക്ഷയില്‍ നിന്ന് രക്ഷിക്കാനും ഹരീഷ് സാല്‍വേക്ക് സാധിച്ചു. കേന്ദ്രസര്‍ക്കാരുമായുള്ള 1100 കോടിയുടെ നികുതി കേസില്‍ വോഡഫോണിന്റെ അഭിഭാഷകനായും സാല്‍വേ തിളങ്ങി. ഭോപ്പാല്‍ വാതക ദുരന്ത കേസില്‍ കേശവ് മഹീന്ദ്രക്ക് വേണ്ടിയും ഇദ്ദേഹം ഹാജരായി. മുലായംസിംഗ് യാദവ്, പ്രകാശ് സിംഗ് ബാദല്‍, ലളിത് മോദി തുടങ്ങിയ പ്രമുഖര്‍ക്കായും ഹരീഷ് സാല്‍വേ ഹാജരായിട്ടുണ്ട്. നീര റാഡിയ ടേപ്പില്‍ ടാറ്റ ഗ്രൂപ്പ് മേധാവി രത്തന്‍ ടാറ്റയുടെയും അഭിഭാഷകനായിരുന്നു. നാഗ്പൂരില്‍ ജനിച്ച ഹരീഷ് സാല്‍വേ 1999 ലാണ് ഇന്ത്യന്‍ സോളിസിറ്റര്‍ ജനറലാവുന്നത്.

Read More >>