പോര്‍ക്ക് വിളമ്പാന്‍ ഹനുമാന്‍സേന; ഇങ്ങട്ട് കച്ചറക്ക് വരണ്ടാന്ന് കോഴിക്കോട്

കന്നുകാലി ഇറച്ചിയുമായി ബന്ധപ്പെട്ട നിരോധനങ്ങൾക്കെതിരെ കേരളത്തിലങ്ങോളമിങ്ങോളം ബീഫ് ഫെസ്റ്റ് നടക്കുമ്പോഴാണ് ഹനുമാന്‍ സേന പോര്‍ക്ക് ഫെസ്റ്റുമായി ഇറങ്ങിയത്.

പോര്‍ക്ക് വിളമ്പാന്‍ ഹനുമാന്‍സേന; ഇങ്ങട്ട് കച്ചറക്ക് വരണ്ടാന്ന് കോഴിക്കോട്

പന്നിയിറച്ചി കഴിക്കുന്നതിന് വിലക്കോ ഭീഷണിയോ ഇല്ലാത്ത നാട്ടില്‍ ഫെസ്റ്റ് നടത്തി കോഴിക്കോടിന്റെ സ്വൈര്യാന്തരീക്ഷം തകര്‍ക്കാന്‍ ഹനുമാന്‍സേന നീക്കം നടത്തുന്നതായി ആക്ഷേപം. അറവുനിരോധനത്തെത്തുടര്‍ന്ന് കേരളത്തിലങ്ങോളമിങ്ങോളം ബീഫ് ഫെസ്റ്റ് നടക്കുമ്പോഴാണ് ഹനുമാന്‍ സേന പോര്‍ക്ക് ഫെസ്റ്റുമായി ഇറങ്ങിയത്.തുടര്‍ പന്നിയിറച്ചി വിതരണത്തിന്റെ രണ്ട് ഘട്ടം ഇതുവരെ പൂര്‍ത്തിയായി. ഹനുമാന്‍ സേനയുടെ പേരില്‍ പരക്കെ പോസ്റ്ററുകളൊട്ടിച്ചാണ് പോര്‍ക്ക് ഫെസ്റ്റ് നടത്തുന്നത്. കോഴിക്കോട് പാളയം ബസ്-വേ മതിലില്‍ വ്യാപകമായി പോര്‍ക്ക് ഫെസ്റ്റിന്റെ നോട്ടീസ് പതിച്ച ഹനുമാന്‍ സേനയുടെ നടപടിക്കെതിരെ നിരവധിപ്പേർ രംഗത്തുവന്നിരുന്നു.

കുട്ടികള്‍ ഏറെ ബുദ്ധിമുട്ടി വൃത്തിയാക്കിയ പാളയം ബസ്-വേ പരിസരം നോട്ടീസൊട്ടിച്ച് ഹനുമാന്‍സേന വൃത്തിക്കേടാക്കുകയായിരുന്നു. പോർക്കിനു ആവശ്യക്കാരുള്ള സ്ഥലത്ത് അത് ലഭിക്കുന്നുണ്ടെന്നിരിക്കെ ഹനുമാന്‍സേനയുടെ ഫെസ്റ്റ് ശുദ്ധ അസംബന്ധമാണെന്ന് എഴുത്തുകാരനും ചിന്തകനുമായ കെ ഇ എന്‍ കുഞ്ഞഹമ്മദ് നാരദാന്യൂസിനോട് പറഞ്ഞു. ഭരണഘടനയിലെവിടെയും പന്നിയെ കശാപ്പു ചെയ്യരുതെന്നും കഴിക്കരുതെന്നും പറയുന്നുമില്ല. അതിന് നിലവിലെ സാഹചര്യത്തില്‍ വിലക്കില്ലെന്നിരിക്കെ എന്തിനാണീ അസംബന്ധ നാടകമെന്ന് മനസ്സിലാകുന്നില്ലെന്നും കെ ഇ എന്‍ കൂട്ടിച്ചേര്‍ത്തു.

ഫാസിസത്തിനെതിരെ നടക്കുന്ന കോമാളി സമരങ്ങള്‍ക്കുള്ള കോമാളി മറുപടിയായാണ് പോര്‍ക്ക് ഫെസ്റ്റിനെ കാണാന്‍ കഴിയുകയുള്ളുവെന്ന് എഴുത്തുകാരനും ബുദ്ധിജീവിയുമായ സിവിക് ചന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഫാസിസത്തെ ബീഫ് ഫെസ്റ്റിലൂടെ പ്രതിരോധിക്കുന്നത് എത്രത്തോളം പ്രായോഗികമാണെന്നറിയില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

ഏകദേശം അഞ്ചുവര്‍ഷത്തോളമായി കോഴിക്കോട് നഗരത്തില്‍ ഹനുമാന്‍ സേനയുടെ സാന്നിധ്യം സജീവമായിട്ട്. സദാചാര പൊലീസിംഗിനെതിരെ 2016 ജനുവരി ഒന്നിന് ഞാറ്റുവേല ജില്ലാ ലൈബ്രറി പരിസരത്ത് സംഘടിപ്പിച്ച ചുംബനത്തെരുവ് സമരത്തിനിടെ ആക്രമണം നടത്തിയ ഹനുമാന്‍ സേന പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

നഗരത്തില്‍ കെട്ടിടനിര്‍മ്മാണ കരാറുകാരെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട സംഭവത്തില്‍ മൂന്ന് ഹനുമാന്‍സേന പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പിടിയിലായവര്‍ തങ്ങളുടെ പ്രവര്‍ത്തകരെല്ലെന്നും ശ്രീരാം സേനക്കാരാണെന്നുമായിരുന്നു ഹനുമാന്‍ സേന നേതാക്കള്‍ വ്യക്തമാക്കിയത്. അതിന് ശേഷം പ്രത്യക്ഷ പരിപാടികളൊന്നും ഇല്ലാതിരുന്ന ഹനുമാന്‍സേന വീണ്ടും കോഴിക്കോട് രംഗപ്രവേശം ചെയ്യുന്നത് പോര്‍ക്ക് ഫെസ്റ്റുമായാണ്. ബീഫ് ഫെസ്റ്റ് എവിടെ നടത്തുന്നുവോ അവിടെ പോര്‍ക്ക് ഫെസ്റ്റും നടത്തുകയെന്നതാണ് സംഘടനയുടെ ലക്ഷ്യമെന്ന് ഹനുമാന്‍സേന സംസ്ഥാന അധ്യക്ഷന്‍ ഭക്തവത്സലന്‍ നാരദാന്യൂസിനോട് പറഞ്ഞു.ബീഫ് ഫെസ്റ്റ് തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചതോടെ പോര്‍ക്ക് ഫെസ്റ്റും ഹനുമാന്‍സേന നിര്‍ത്തിവച്ചിട്ടുണ്ട്.