38 വര്‍ഷം ശിക്ഷിക്കപ്പെട്ട നിസാമിന് ഒരു വര്‍ഷമാകുമ്പോഴേ ഇളവോ? ഇതാണോ നീതിയെന്ന് ചന്ദ്രബോസിന്റെ ഭാര്യ

കേരളപ്പിറവിയുടെ അറുപതാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി കുറ്റവാളികള്‍ക്ക് നല്‍കുന്ന ശിക്ഷാ ഇളവില്‍ ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാമും ഇടം നേടിയിരുന്നെന്ന് ജയില്‍ വകുപ്പ് നല്‍കിയ വിവരാവകാശ മറുപടിയില്‍ വ്യക്തമാക്കുന്നുണ്ട്. കോടതി 38 വര്‍ഷം ശിക്ഷിച്ചയാള്‍ക്ക് ഒരു വര്‍ഷമാകുമ്പോഴേക്ക് ശിക്ഷാ ഇളവ് നല്‍കുന്നത് ഏത് നിയമത്തിലെ ന്യായമാണെന്ന് ചന്ദ്രബോസിന്റെ ഭാര്യ ചോദിക്കുന്നു. ജയില്‍ അധികൃതര്‍ എത്ര കോഴ വാങ്ങിയെന്നാണ് അറിയേണ്ടതെന്ന് ജമന്തി നാരദാ ന്യൂസിനോട് പറഞ്ഞു.

38 വര്‍ഷം ശിക്ഷിക്കപ്പെട്ട നിസാമിന് ഒരു വര്‍ഷമാകുമ്പോഴേ ഇളവോ? ഇതാണോ നീതിയെന്ന് ചന്ദ്രബോസിന്റെ ഭാര്യ

തൃശ്ശൂര്‍ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ വാഹനമിടിപ്പിച്ചും ആക്രമിച്ചും കൊലപ്പെടുത്തിയ നിസാമിന് ശിക്ഷാ ഇളവ് നല്‍കുന്നുവെന്ന വാര്‍ത്ത ഞെട്ടിച്ചെന്ന് ചന്ദ്രബോസിന്റെ ഭാര്യ ജമന്തി നാരദാന്യൂസിനോട് പറഞ്ഞു. മുപ്പത്തിയെട്ട് വര്‍ഷം ശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാള്‍ക്ക് ഒരു വര്‍ഷമാകുമ്പോഴേക്കും ശിക്ഷാ ഇളവ് നല്‍കുമോ എന്ന് ജമന്തി ചോദിക്കുന്നു.

ജയില്‍ സൂപ്രണ്ടുമാര്‍ കോഴ വാങ്ങിയിട്ടുണ്ടാകുമെന്നും അല്ലാതെ ഇവര്‍ ഇങ്ങനെയൊക്കെ ചോദിക്കുമോ എന്നും ജമന്തി പറയുന്നു.

ഏതു നിയമത്തിലെ ന്യായമാണിതെന്ന് മനസ്സിലാകുന്നില്ല. അവന് പരോള്‍ പോലും കൊടുക്കരുതെന്ന് പറഞ്ഞ് ഞങ്ങള്‍ മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കിയിരുന്നു. ഇതു കഴിഞ്ഞ് ശിക്ഷാ ഇളവ് കൊടുക്കുമ്പോള്‍ ജയില്‍ സൂപ്രണ്ടുമാര്‍ എന്തോരം കോഴ വാങ്ങിയിട്ടുണ്ടാകും? - ജമന്തി, ചന്ദ്രബോസിന്റെ ഭാര്യ

നിസാമിന് ശിക്ഷാ ഇളവ് നല്‍കുകയാണെങ്കില്‍ എതിര്‍ക്കുമെന്നും ജമന്തി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ജനുവരി 21നാണ് മുഹമ്മദ് നിസാമിനെ ജീവപര്യന്തത്തിനും 24 വര്‍ഷം തടവിനും പ്രത്യേക കോടതി ശിക്ഷ വിധിച്ചത്.

ഫെബ്രുവരി 21 ന് ജയില്‍ ആസ്ഥാനത്തെ പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് നല്‍കിയ അപേക്ഷയുടെ മറുപടിയിലാണ് നിസാമടക്കമുള്ള കൊടുംകുറ്റവാളികള്‍ക്ക് ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു എന്ന് വ്യക്തമാകുന്നത്. കാപ്പ ചുമത്തപ്പെട്ട നിസാമിനെ ഏതുവ്യവസ്ഥയുടെയും ചട്ടത്തിന്റെയും അടിസ്ഥാനത്തില്‍ ശിക്ഷാ ഇളവ് പട്ടികയില്‍ ഉള്‍പ്പെടുത്തി എന്നതായിരുന്നു വിവരാവകാശപ്രകാരം ചോദിച്ച നാലാമത്തെ ചോദ്യം. ഇതിന് ലഭിച്ച മറുപടി ഉണ്ട് എന്നായിരുന്നു. മുഹമ്മദ് നിസാമിനെ ജയിലില്‍ പ്രവേശിപ്പിച്ച സമയത്ത് കാപ്പ ചുമത്തിയിരുന്നു. എന്നാല്‍ സ്‌പെഷ്യല്‍ റെമിഷനുള്ള ലിസ്റ്റ് സമര്‍പ്പിക്കുന്ന സമയത്ത് കാപ്പ ഇല്ലായിരുന്നുവെന്നും മറുപടിയില്‍ പറയുന്നു.

Read More >>